പ്രകാശവും സുഗന്ധവും പരത്തുന്ന സംരംഭക; മാതൃകയാണ് ഈ അതിജീവനം!

November 17, 2023

പല രൂപത്തിലും ഭാവത്തിലും അപ്രതീക്ഷിത നേരത്ത് ജീവിതത്തിൽ പ്രതിസന്ധികൾ കടന്നു വരാറുണ്ട്. പ്രശ്നങ്ങൾക്ക് മുന്നിൽ തോറ്റു കൊടുക്കുന്നവർക്ക് മാതൃകയാണ് കോഴിക്കോട് മീഞ്ചന്ത സ്വദേശിനി പുണ്യ കനകാംബരൻ. (Young entrepreneur making candles)

ചെറുപ്പം മുതലുള്ള പുണ്യയുടെ ആഗ്രഹമാണ് സംരംഭകയാകുക എന്നത്. സ്‌കൂൾ കാലത്ത് പിടിപെട്ട രക്താർബുദം വിലങ്ങു തടിയാകാൻ പുണ്യ സമ്മതിച്ചില്ല. രോഗം മൂലം മറ്റുള്ളവരെക്കാൾ പുറകിലോട്ട് പോകരുതെന്ന തോന്നലാണ് അലങ്കാര മെഴുകുതിരി നിർമ്മാണത്തിലേക്ക് പുണ്യയെ എത്തിച്ചത്.

പ്രകൃതിദത്തമായ സോയാ ബീൻ വാക്സ് ആണ് മെഴുകുതിരികൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. ലഡ്ഡു, ചിരാത്, ബബിൾ ക്യാൻഡിൽ, കോക്കനട്ട് ഷെൽ ക്യാൻഡിൽ, ജാർ ക്യാൻഡിൽ തുടങ്ങി വിവിധ രൂപത്തിലുള്ള മെഴുകുതിരികളാണ് പുണ്യ നിർമിക്കുന്നത്. വാനില, ലാവണ്ടർ, ലെമൺ ഗ്രാസ്സ്, റോസ്, ജാസ്മിൻ, ഓറഞ്ച്, സിന്നമൺ തുടങ്ങിയ ഗന്ധങ്ങളിലാണ് മെഴുകുതിരികൾ ലഭിക്കുക.

Read also: ‘ഇവിടെ എല്ലാം സംഗീതമയം’; വേറിട്ട പഠനരീതിയുമായി മാഷും കുട്ടികളും!

ദീപാവലി, പിറന്നാൾ, വിവാഹം, ക്രിസ്മസ്, മാമോദീസ തുടങ്ങിയ വേളകളിലാണ് മെഴുകുതിരികൾക്ക് കൂടുതൽ ആവശ്യക്കാരെത്തുക. ഇൻസ്റ്റാഗ്രാമിലൂടെയാണ് വിൽപ്പന. തന്റെ ഉൽപ്പന്നങ്ങൾ ആളുകൾ വാങ്ങുന്നതും അവ നല്ലതാണെന്ന് കേൾക്കുന്നതും തനിക്കേറെ സന്തോഷം തരുന്നുവെന്ന് പുണ്യയുടെ വാക്കുകൾ. താൻ നിർമിക്കുന്ന മെഴുകുതിരികൾ പോലെ എന്നെന്നും പ്രകാശിക്കട്ടെ പുണ്യയുടെ ജീവിതവും.

Story highlights: Young entrepreneur making candles