‘വിജയകാന്ത് ആരോഗ്യത്തോടെയിരിക്കുന്നു’; വ്യാജവ്യാജവാര്‍ത്ത പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ഥനയുമായി കുടുംബം

December 3, 2023

തമിഴ് നടനും രാഷ്ട്രീയനേതാവുമായ വിജയകാന്തിന്റെ ആരോഗ്യത്തെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളില്‍ പ്രതികരിച്ച് കുടുംബം. നടനെ കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെയാണ് പ്രതികരണവുമായി ഭാര്യ പ്രേമലത രംഗത്തെത്തിയത്. വിജയകാന്ത് ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഭാര്യ പ്രേമലത അഭ്യര്‍ഥിച്ചു. സോഷ്യല്‍ മീഡയയിലെ ഇത്തരം വ്യാജപ്രചാരണങ്ങളില്‍ വീഴരുതെന്നും പ്രേമലത കൂട്ടിച്ചേര്‍ത്തു. ( Actor Vijayakanth health update )

നവംബര്‍ 18-ന് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടന്നാണ് വിജയകാന്തിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഏറെ നാളായി വീട്ടില്‍ വിശ്രമത്തിലായിരുന്നു നടന്‍. അതിനിടയില്‍ ചെറിയ തോതിലുള്ള പ്രശ്‌നം നേരിട്ടതോടെയാണ് അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയത്. 14 ദിവസംകൂടി ആശുപത്രിയില്‍ തുടരണമെന്നാണ് അദ്ദേഹത്തെ ചികിത്സിക്കുന്ന സ്വകാര്യ ആശുപത്രി രണ്ടുദിവസം മുമ്പ് പുറത്തിറക്കിയ ബുള്ളറ്റിനിലുള്ളത്.

അദ്ദേഹം ആരോഗ്യവാനായി തിരിച്ചെത്തുമെന്ന് പ്രതീക്ഷയും ബുള്ളറ്റിനില്‍ പങ്കുവച്ചിരുന്നു. ഇതിനിടെ വിജയകാന്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് വ്യക്തമാക്കി നടന്‍ നാസറും രംഗത്തെത്തിയിരുന്നു. വിജയകാന്ത് മരിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും നാസര്‍ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഈ വിഷയത്തില്‍ ദുഷ്പ്രചാരണങ്ങള്‍ പാടില്ലെന്ന് ഭാര്യ പ്രേമലത അഭ്യര്‍ഥിച്ചത്.

Read Also : തമിഴ് നടൻ വിജയകാന്ത് ചികിത്സയിൽ; അടുത്ത 14 ദിവസം നിരീക്ഷണത്തിൽ

തമിഴ് സിനിമ അസോസിയേഷന്‍ അംഗങ്ങള്‍ക്കൊപ്പമായിരുന്നു നാസര്‍ ആശുപത്രിയിലെത്തിയത്. വിജയകാന്തിന്റെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടെന്നും വൈകാതെ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് പോകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നാസര്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights : Actor Vijayakanth health update