‘സന്തോഷത്തിന്റെ നഗരം ഇനി സുരക്ഷിതത്തിന്റെയും’; തുടര്‍ച്ചയായ മൂന്നാം തവണയും കൊല്‍ക്കത്തയ്ക്ക് നേട്ടം

December 6, 2023

സന്തോഷത്തിന്റെ നഗരം ഇനി സുരക്ഷിതത്തിന്റെയും നഗരം. തുടര്‍ച്ചയായി മൂന്നാം തവണയും ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരം എന്ന പദവി സ്വന്തമാക്കിയിരിക്കുകയാണ് കൊല്‍ക്കത്ത. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ (എന്‍.സി.ആര്‍.ബി) പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരമാണ് കൊല്‍ക്കത്തയുടെ ഈ നേട്ടം സ്വന്തമാക്കിയത്. നഗരങ്ങളിലെ ജനസംഖ്യാടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ചെയ്ത കുറ്റകൃത്യങ്ങളുടെ കണക്കെടുത്താണ് ഈ പദവി നല്‍കുന്നത്. ( Kolkata declared safest city in India )

കൊല്‍ക്കത്ത നഗരത്തിലെ ഒരു ലക്ഷം പേരെ എടുത്താല്‍, 86. 5 ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ മാത്രമാണ് 2022 ല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2021-ല്‍ ലക്ഷത്തില്‍ 103.4 കേസുകളായിരുന്നു ഉണ്ടായിരുന്നത്. 2016 മുതല്‍ കൊല്‍ക്കത്തയില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം ക്രമാനുഗതമായി കുറയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 280.7 കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പൂനെ രണ്ടാമതും ഹൈദരാബാദ് (299.2) മുന്നാമതുമാണ്.

Read Also : ബാരില്‍ വന്നേസാന്‍ഗി; സോഷ്യല്‍ മീഡിയയില്‍ താരമാണ് മിസോറാമിലെ ഏറ്റവും പ്രായംകുറഞ്ഞ വനിത എംഎല്‍എ

ഇന്ത്യന്‍ പീനല്‍ കോഡ് (ഐപിസി), എസ്എല്‍എല്‍ (പ്രത്യേക പ്രാദേശിക നിയമങ്ങള്‍) എന്നീ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള കോഗ്‌നിസബിള്‍ കുറ്റകൃത്യങ്ങളാണ് ഇതിനായി പരിഗണിക്കുന്നത്. 20 ലക്ഷത്തിലധികം ജനസംഖ്യയുള്ള 19 നഗരങ്ങളെ ഉള്‍പ്പെടുത്തിയായിരുന്നു സര്‍വേ.

എന്നാല്‍ കൊല്‍ക്കത്തയില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയത് ആശ്ങ്കയായി തുടരുകയാണ്. 2021-ല്‍ 1,783 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2022 ല്‍ 1,890 ആയി ഉയര്‍ന്നു. കൊല്‍ക്കത്തയില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ നിരക്ക് ഒരു ലക്ഷത്തില്‍ 27.1 കേസുകളാണ്. ഈ കണക്കുകള്‍ കോയമ്പത്തൂരിനേക്കാളും (12.9) ചെന്നൈയേക്കാളും (17.1) കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Story Highlights : Kolkata declared safest city in India