ഫ്ലൂമിനെന്‍സിന്റെ വലനിറച്ച് സിറ്റി; ക്ലബ് ലോകകപ്പും ഷെല്‍ഫിലെത്തിച്ച് പെപും സംഘവും
ഫിഫ ക്ലബ് ലോകകപ്പ് കിരീടം സ്വന്തമാക്കി പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി. ജിദ്ദ കിംഗ് അബ്ദുല്ല സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ബ്രസീലിയന്‍ ക്ലബ് ഫ്ലൂമിനെന്‍സിനെ പരാജയപ്പെടുത്തിയാണ് ക്ലബ് ലോകകപ്പ് കിരീടം ചൂടിയത്. എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു പെപ് ഗ്വാര്‍ഡിയോളയുടെയും സംഘത്തിന്റെയും വിജയം. ( Manchester city wins FIFA Club World Cup )
അര്‍ജന്റൈന്‍ താരം ഹൂലിയന്‍ അല്‍വാരസ് തുടങ്ങിവെച്ച ഗോള്‍ വേട്ടയിലൂടെയാണ് മാഞ്ചസ്റ്റര്‍ സിറ്റി ആദ്യമായി ക്ലബ് ലോകകപ്പ് കിരീടം ഉയര്‍ത്തിയത്. ക്ലബ് ലോകകപ്പിന്റെ ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളാണ് അല്‍വാരസ് നേടിയത്.
ജിദ്ദ കിംഗ് അബ്ദുല്ല സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലിന്റെ ആദ്യ മിനിറ്റില്‍ തന്നെ ബ്രസീലിയന്‍ ടീമായ ഫ്ലൂമിനെന്‍സ് എഫ്.സിക്കെതിരെ സിറ്റി ഗോള്‍ നേടി. ഹൂലിയന്‍ അല്‍വാരസാണ് ആദ്യ മിനിറ്റില്‍ വലചലിപ്പിച്ചത്. 27-ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍ നേട്ടം ഇരട്ടിയാക്കി. ഫ്ലൂമിനന്‍സെ താരത്തിന്റെ സെല്‍ഫ് ഗോളാണ് സിറ്റിയുടെ ലീഡ് ഉയര്‍ത്തിയത്. സിറ്റി താരം ഫില്‍ ഫോഡന്റെ ഷോട്ട് തടയാന്‍ ശ്രമിച്ച നിനോയുടെ കാലില്‍ തട്ടി ഗോള്‍ പോസ്റ്റിലേക്ക് ഉയര്‍ന്ന് വീഴുകയായിരുന്നു.
ആദ്യ പകുതിയില്‍ പിന്നീടും മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍ ശ്രമങ്ങള്‍ തുടര്‍ന്നു. പക്ഷേ വലചലിപ്പിക്കാന്‍ കഴിഞ്ഞില്ല. 72-ാം മിനുട്ടില്‍ ഫില്‍ ഫോഡന് സിറ്റിയ്ക്കായി വീണ്ടും വലകുലുക്കി. 88-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസ് തന്റെ ഗോള്‍ നേട്ടം രണ്ടാക്കി. ഇതോടെ മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത നാല് ഗോളിന് മുന്നിലെത്തി.
ഇതാദ്യമായാണ് ഒരു ഇംഗ്ലീഷ് ക്ലബ് പ്രീമിയര്‍ ലീഗ്, എഫ്എ കപ്പ്, ചാമ്പ്യന്‍സ് ലീഗ്, സൂപ്പര്‍ കപ്പ്, ക്ലബ് ലോകകപ്പ് എന്നിവ ഒരു വര്‍ഷത്തില്‍ സ്വന്തമാക്കുന്നത്. സിറ്റി മാനേജരായി പെപ് ഗ്വാര്‍ഡിയോളയുടെ 14-ാം കിരീടമാണിത്. പെപിന്റെ കോച്ചിങ്് കരിയറിലെ 37-ാം ട്രോഫി കൂടിയാണിത്.
Story Highlights : Manchester city wins FIFA Club World Cup