‘ജീവിതത്തിന്റെ താളം പിഴച്ചപ്പോഴും പാട്ടിന്റെ താളം തെറ്റിയില്ല’; കാലം തോൽക്കും ഈ ഗായകന് മുൻപിൽ!

December 5, 2023

സംഗീത കോളേജിലെ മിടുക്കനായ വിദ്യാർത്ഥി, അനുഗ്രഹീതനായ ഗായകൻ എന്ന് ഒന്നൊഴിയാതെ എല്ലാവരും സമ്മതിച്ച കലാകാരനായിരുന്നു തൃശൂർ കുന്നംകുളം സ്വദേശിയായ മനോജ്. കൊല്ലങ്ങൾക്ക് മുൻപ് പാലക്കാട് ചെമ്പൈ സംഗീത കോളേജിന്റെ ഇടനാഴികളിൽ പതിഞ്ഞ ആ സ്വരത്തിന്റെ ഉടമയ്ക്ക് പക്ഷെ ജീവിതത്തിന്റെ താളം പലകുറി തെറ്റിയെങ്കിലും പാട്ടിന്റെ താളം ഒരിക്കലും തെറ്റിയിരുന്നില്ല. (Manoj reunites with long lost friends years later through music)

വലിയ ഗായകനാകണമെന്നായിരുന്നു മനോജിന്റെ ആഗ്രഹം. പക്ഷെ ജീവിതത്തിന്റെ താളം തെറ്റിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. അച്ഛൻ മരണപ്പെട്ടു, കൂട്ടായിരുന്ന അമ്മയും അടുത്തിടെ വിട പറഞ്ഞു. സ്വന്തമായി ആകെയുള്ള ജേഷ്‌ഠന് മാനസിക പ്രശ്നങ്ങളുമാണ്.

നേരം പുലരുമ്പോൾ മനോജ് വീട്ടിൽ നിന്നിറങ്ങും. ആളുകൾ കൂടുന്നിടത്തൊക്കെ പോയി പാട്ട് പാടും. മധുരമായ തന്റെ ശബ്ദത്തിൽ സ്വതന്ത്രനായ ഒരു പക്ഷിയെ പോലെ കുന്നംകുളത്തെ ബസ് സ്റ്റാന്റുകളിലും തെരുവീഥികളിലും മനോജ് പാടി നടന്നു.

Read also: നൂറ് വർഷത്തെ ആഗ്രഹം സഫലമായി; ഒടുവിൽ പാറുക്കുട്ടിയമ്മ സന്നിധാനത്ത്!

പഠനം പൂർത്തിയാക്കിയ ശേഷം മോഹൻ സിതാര, വിദ്യാധരൻ മാസ്റ്റർ തുടങ്ങിയ നിരവധി പ്രമുഖരോടൊപ്പം മനോജ് പ്രവർത്തിച്ചിരുന്നു. പക്ഷെ കാലത്തിനൊപ്പം മാറാൻ കഴിയാതെ വന്നപ്പോൾ സംഗീത യാത്രയിൽ എവിടെയോ വെച്ച് മനോജ് പിന്നിലായി പോയി.

അടുത്തിടെ മനോജ് പാടിയ പാട്ട് ക്ളബ്ബിന്റെ പ്രസിഡന്റ് വാട്സാപ്പ് ഗ്രൂപ്പിലൂടെ പങ്കുവെച്ചു. ക്ളബ്ബിലിരുന്ന് പാടിയ പാട്ട് സഹപാഠിയായിരുന്ന ശ്രീജിത്ത് കണ്ടതോടെയാണ് മനോജിനെ കണ്ടു പിടിക്കാൻ കൂട്ടുകാർ പുറപ്പെട്ടത്. ഇപ്പോൾ കാലങ്ങൾക്ക് ശേഷം തന്നെ തേടി വന്ന സുഹൃത്തുക്കളിലൂടെ നഷ്ടപ്പെട്ടു പോയ ജീവിത താളം വീണ്ടടുക്കുക്കാൻ ശ്രമിക്കുകയാണ് മനോജ്. ഇരുൾ മൂടിയ തന്റെ ജീവിത പ്രതിസന്ധികളിൽ നിന്ന് മെല്ലെ വെളിച്ചത്തിലേക്ക് നടന്നടുക്കുകയാണ് മനോജ്.

Story highlights: Manoj reunites with long lost friends years later through music