പുതുവത്സര രാവില്‍ സ്വകാര്യ പെട്രോള്‍ പമ്പുകള്‍ അടച്ചിടും; ആശ്വാസമായി കെഎസ്ആര്‍ടിസി യാത്ര ഫ്യൂവല്‍സ്
പുതുവര്‍ഷ രാവില്‍ സൂചന പണിമുടക്കുമായി സംസ്ഥാനെത്ത പെട്രോള്‍ പമ്പുകള്‍. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഇന്ന് രാത്രി എട്ട് മുതല്‍ നാളെ രാവിലെ ആറ് വരെയാണ് പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് സൂചന സമരം നടത്തുന്നത്. കെ.എസ്.ആര്.ടി.സി, സപ്ലൈകോ പമ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതായിരിക്കും. ( Private petrol pump owners strike in Kerala )
സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ക്കു നേരെ നടക്കുന്ന ഗുണ്ട ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്കുന്നതെന്ന് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് ഭാരവാഹികള്‍ അറിയിച്ചു. പ്രശ്ന പരിഹാരത്തിനായി സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ മാര്‍ച്ച് മുതല്‍ രാത്രി 10 മണിവരെ മാത്രമേ പമ്പുകള്‍ പ്രവര്‍ത്തിക്കൂവെന്നും അസോസിയേഷന് വ്യക്തമാക്കിയിട്ടുണ്ട്.
പെട്രോള്‍ പമ്പുകളെ സംരക്ഷിക്കാന്‍ നിയമ നിര്‍മാണം നടത്തണമെന്നാണ് സംഘടനയുടെ ആവശ്യം. പമ്പുകളില്‍ ഗുണ്ട ആക്രമണവും മോഷണവും പതിവാണെന്ന് സംഘടന പറയുന്നു. പ്ലാസ്റ്റിക് കുപ്പികളില്‍ ഇന്ധനം നല്‍കരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇങ്ങനെ ഇന്ധനം നല്കിയാല് ലൈസന്‍സ് റദ്ദാക്കുമെന്ന് കേന്ദ്ര ഏജന്‍സികളും നിര്‍ദേശിച്ചിട്ടുണ്ട്. രാത്രിയില്‍ കുപ്പികളില്‍ ഇന്ധനം വാങ്ങാനെത്തുന്നവര്‍ പ്രശ്നമുണ്ടാക്കുന്നത് പതിവാണെന്ന് സംഘടന പറയുന്നു.
ഡിസംബര്‍ 31ന് സംസ്ഥാന വ്യാപകമായി സ്വകാര്യ പെട്രോള്‍ പമ്പുകള്‍ അടച്ച് സൂചന സമരം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള 14 യാത്ര ഫ്യൂവല്‍സ് ഔട്ട്ലെറ്റുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം ഈസ്റ്റ് ഫോര്‍ട്ട്, വികാസ്ഭവന്‍, കിളിമാനൂര്‍, ചടയമംഗലം, പൊന്‍കുന്നം, ചേര്‍ത്തല, മാവേലിക്കര, മൂന്നാര്‍, മൂവാറ്റുപുഴ, പറവൂര്‍, ചാലക്കുടി, തൃശൂര്‍, ഗുരുവായൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ യാത്രാ ഫ്യൂവല്‍സ് ഔട്ലെറ്റുകളില് പൊതുജനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാമെന്നു കെഎസ്ആര്‍ടിസി അറിയിച്ചു.
Read Also : ഹെല്‍മെറ്റും കയ്യിലേന്തി ബോധവത്കരണ സന്ദേശവുമായി കറുകുറ്റിയിലെ കൂറ്റന്‍ പാപ്പാഞ്ഞി
പുതുവര്‍ഷ രാവില്‍ പമ്പുകള്‍ അടച്ചിടുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. എങ്കിലും പമ്പുകള്‍ക്കും ജീവനക്കാര്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ക്ക് പരിഹാരം വേണമെന്നാണ് ആവശ്യം. വിവിധ പെട്രോള്‍ പമ്പുകളിലെ ജീവനക്കാര്‍ക്ക് നേരെ രാത്രിസമയത്ത് ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Story highlights : Private petrol pump owners strike in Kerala