കുറഞ്ഞ നിരക്കില്‍ സുരക്ഷിത താമസവും ഭക്ഷണവും; കൊച്ചിയിലെ ഷീ ലോഡ്ജ് ഹിറ്റാണ്..!

December 28, 2023

കൊച്ചിയിലെത്തുന്ന സ്ത്രീകള്‍ക്ക് ചെറിയ നിരക്കില്‍ സുരക്ഷിതമായ താമസം സ്ഥലം എന്ന ലക്ഷ്യത്തോടെയാണ് കൊച്ചി കോര്‍പറേഷന്റെ നേതൃത്വത്തില്‍ ഷീ ലോഡ്ജ് പദ്ധതിക്ക് തുടക്കമിടുന്നത്. 2022 ഒക്ടോബറില്‍ ആരംഭിച്ച് ഒമ്പത് മാസങ്ങള്‍ക്കിപ്പുറം ഈ പദ്ധതി വലിയ ജനപ്രീതിയാണ് നേടിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 24 ലക്ഷം രൂപയാണ് ലോഡ്ജിന്റെ ലാഭം. എല്ലാ ചെലവുകളും കഴിച്ച നടത്തിപ്പുകാരായ കുടുംബശ്രീ ജീവനക്കാര്‍ മിച്ചംവച്ച തുകയാണെന്ന് പറയുമ്പോഴാണ് പൊതുജനങ്ങള്‍ ഈ താമസകേന്ദ്രത്തെ എത്രത്തോളം ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്നതിന്റെ വ്യാപ്തി മനസിലാകുന്നത്. ( She lodge offers safe affordable lodging in Kochi )

100 രൂപ നിരക്കിലാണ് ഒരു ദിവസത്തെ ഡോര്‍മെട്ടറി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. സിംഗിള്‍ റൂമിന് 200 രൂപയും ഡബിള്‍ റൂമിന് 350 രൂപയുമാണ് വാടക നിരക്ക്. മൂന്ന് നിലകളിലായി മൂന്ന് ഡോര്‍മെട്ടറികള്‍, 48 സിംഗിള്‍ റൂമുകള്‍, 32 ഡബിള്‍ റൂമുകള്‍ അടക്കം ഒരേസമയം 192 പേര്‍ക്കുള്ള താമസ സ്ഥലമാണ് ഈ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുള്ളത്. കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭിക്കുന്ന കോര്‍പ്പറേഷന്റെ സമൃദ്ധി ഹോട്ടലും ഷീ ലോഡ്ജില്‍ എത്തുന്നവര്‍ക്ക് വളരെ സഹായകമാണ്.

കുറഞ്ഞ നിരക്കിലും മികച്ച സുരക്ഷ സംവിധാനങ്ങളാണ് ഷീ ലോഡ്ജില്‍ ഒരുക്കിയിട്ടുള്ളത്. ഇതിനായി സിസിടിവി കവറേജ്, സുരക്ഷാ സംവിധാനം എന്നിവക്ക് പുറമേ വനിത വാര്‍ഡന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. മാസ വാടകയ്ക്കും ദിവസ വാടക അടിസ്ഥാനത്തിലുമെല്ലാം സ്ത്രീകള്‍ക്ക് ഷീ ലോഡ്ജില്‍ മുറികള്‍ ലഭ്യമാകും.

ലൈബ്രറി, ഡൈനിങ്് ഹാള്‍, 24 മണിക്കൂറും കുടിവെള്ളം, അറ്റാച്ച്ഡ് ബാത്ത്‌റൂം എന്നിവയും ഷീ ലോഡ്ജിന്റെ പ്രത്യേകതകളാണ്. ജോലിക്കായും പഠനത്തിനായും കൊച്ചിയിലെത്തുന്ന നിരവധിയാളുകള്‍ ഷീ ലോഡ്ജിന്റെ ഈ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. സോളാര്‍ എനര്‍ജി ഉപയോഗിച്ചാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

Read Also : ‘ആലായാല്‍ തറ വേണം’; പാട്ടും കളിചിരിയുമായി ടോപ് സിംഗറിന്റെ പാട്ടുവേദി കീഴടക്കി വേദൂട്ടന്‍

ഷീ ലോഡ്ജിന് അടുത്തായി തന്നെ മെട്രോയും റെയില്‍വേ സ്‌റ്റേഷന്‍ സൗകര്യവുമുള്ളത് ഇവിടെ താമസിക്കുന്നവര്‍ക്ക വളരെ സഹായകരമാണ്. കുടുംബശ്രീയ്ക്കാണ് ഷീ ലോഡ്ജിന്റെ നടത്തിപ്പ് ചുമതല. മികച്ച രീതിയില്‍ പ്രവര്‍ത്തനം മുന്നോട്ടുപോകുന്നതിനാല്‍ ഇനിയും ഒരുപാട് സ്ത്രീകള്‍ക്ക് ഈ ഷീ ലോഡ്ജ് സഹായകമാകുമെന്ന് ഉറപ്പാണ്.

Story highlights : She lodge offers safe affordable lodging in Kochi