ആദ്യം പ്ലം കഞ്ഞി, പിന്നെ പുഡ്ഡിങ്; ഇന്നത്തെ ക്രിസ്മസ് കേക്കിന്റെ ചരിത്രമറിയാം..

December 23, 2023

ക്രിസ്മസ് ആഘോഷത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണല്ലോ പ്ലം കേക്ക്..! എന്നാല്‍ ഇന്ന് നമ്മള്‍ കാണുന്ന പ്ലം കേക്ക് ക്രിസ്മസ് കേക്കിന്റെ യഥാര്‍ത്ഥ രൂപമായിരുന്നില്ല. നട്‌സുകളും പഴങ്ങളും ചേര്‍ത്തുണ്ടാക്കുന്ന പ്ലം കേക്കിന് പിന്നില്‍ ഒരു ചരിത്രമുണ്ട്. ( The exciting history of Christmas cakes )

മധ്യ ഇംഗ്ലണ്ടുകാരാണ് ക്രിസ്മസ് കേക്കുകളുടെ ആദ്യ രൂപം തയ്യാറാക്കിയതെന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്. അക്കാലത്ത് വിശ്വാസികള്‍ ക്രിസ്മസിനോട് അടുപ്പിച്ച് വ്രതം അനുഷ്ടിക്കുന്ന പതിവ് ഉണ്ടായിരുന്നു. ക്രിസ്മസിന്റെ തലേദിവസം ഒരു പ്രത്യേക തരം കഞ്ഞി ഉണ്ടാക്കുന്ന പതിവും ഇവര്‍ക്കിടയില്‍ ഉണ്ടായിരുന്നു.

വിഭവ സമൃദ്ധമായ ക്രിസ്മസ് ദിനങ്ങളെ വരവേല്‍ക്കാന്‍ ശരീരത്തിനെ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് കഞ്ഞി ഉണ്ടാക്കിയിരുന്നത്. ഓട്‌സ്, ഡ്രൈ ഫ്രൂട്‌സ്, തേന്‍ ചിലര്‍ മാംസവും ചേര്‍ത്താണ് കഞ്ഞി തയ്യാറാക്കിയിരുന്നത്. പ്ലം പോറിഡ്ജ് എന്നായിരുന്നു ഇതിനെ വിളിച്ചിരുന്നത്.

പതിനാറാം നൂറ്റാണ്ടോടെ ഓട്സിന് പകരം മുട്ട, ധാന്യപ്പൊടികളും, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയും ഉപയോഗിച്ചിരുന്നു. അങ്ങനെയാണ് കഞ്ഞിയില്‍ നിന്ന് പുഡ്ഡിങ് എന്നതിലേക്ക് മാറി. ക്രിസ്മസ് ആഘേഷത്തിന്റെ അവസാന ദിനമായിരുന്ന ട്വല്‍ത്ത് നൈറ്റ് ആഘോഷത്തിനായിരുന്നു അക്കാലത്ത് കേക്കുകള്‍ പ്രചാരത്തിലുണ്ടായിരുന്നത്.

Read Also : ബാഡ് സാന്റയും വൈക്കോല്‍ ആടും; ക്രിസ്‍മസ് കാലത്തെ ചില വ്യത്യസ്ത ആചാരങ്ങൾ..!

1640-ല്‍ ഇംഗ്ലണ്ടിലെ ലോഡ് ഒലിവര്‍ ക്രോംവലും മറ്റ് പ്യൂരിറ്റന്‍മാരും ക്രിസ്മസ് നിരോധിച്ചു. എന്നാല്‍ ക്രിസ്മസ് പൊതു അവധിയായി കണക്കാക്കിയതിനാല്‍ വ്രതവും കേക്ക് ഉണ്ടാക്കലും ആളുകള്‍ക്കിടയില്‍ തുടര്‍ന്നു. എന്നാല്‍ 18-ാം നൂറ്റാണ്ടില്‍ ക്രിസ്ത്യന്‍ ആഘോഷമല്ലെന്ന് ചൂണ്ടികാട്ടി ജനുവരി 5ന് ആഘോഷിച്ചിരുന്ന ട്വല്‍ത്ത് നൈറ്റ് വിക്ടോറിയ രാഞ്ജി നിരോധിച്ചു.

ആഘോഷം നിരോധിച്ച് കേക്ക് വ്യാപാരികള്‍ക്ക് വലിയ നഷ്ടമാണുണ്ടാക്കിയത്. ട്വല്‍ത്ത് നൈറ്റിന് വേണ്ടി ഒരുക്കിയ കേക്കുകള്‍ ക്രിസ്മസ് കേക്ക് ആയി വ്യാപാരികള്‍ പുനര്‍നിര്‍മ്മിച്ചതോടെയാണ് ഇന്നത്തെ ക്രിസ്മസ് കേക്ക് ഉണ്ടായത്.

Read Also : The exciting history of Christmas cakes