അടുത്ത ഊഴം ടൊവിനോ ചിത്രത്തില്‍; ‘ഐഡിന്റിറ്റി’യില്‍ ജോയിന്‍ ചെയ്ത് തൃഷ

December 24, 2023

ടൊവിനോ തോമസ് നായകനാവുന്ന ഏറ്റവും പുതിയ ചിത്രം ഐഡന്റിറ്റിയില്‍ ജോയിന്‍ ചെയ്ത് തെന്നിന്ത്യന്‍ താരം തൃഷ കൃഷ്ണന്‍. തൃഷയെ ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ടൊവിനോ തോമസ് പങ്കുവച്ച വീഡിയോ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. ഹിറ്റ് ചിത്രമായ ഫൊറന്‍സികിന് ശേഷം അഖില്‍ പോള്‍, അനസ് ഖാന്‍, ടൊവിനോ തോമസ് ടീം ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഐഡിന്റിറ്റി. ( Trisha begins shooting for Identity with Tovino Thomas )

ചിത്രീകരണ വിശേഷങ്ങള്‍ അടങ്ങി ബിഹൈന്‍ഡ് ദ സീന്‍ വീഡിയോ ആണ് ടൊവിനോ ആരാധകര്‍ക്കായി പങ്കുവച്ചിട്ടുള്ളത്. തൃഷയ്ക്ക് ഒപ്പമുള്ള ഒരു തകര്‍പ്പന്‍ ആക്ഷന്‍ സെറ്റ് പൂര്‍ത്തിയാക്കിയെന്നും ടൊവിനോ പറയുന്നുണ്ട്. തൃഷയും ടൊവിനോയും ആദ്യമായാണ് ഒരുമിച്ച് അഭിനയിക്കുന്നത്.

നാല ഭാഷകളിലായി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ഐഡിന്റിറ്റി പ്രഖ്യാപന സമയം മുതല്‍ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി ഒരുക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ചിത്രമാണിത്. 50 കോടി രൂപയ്ക്ക് മുകളില്‍ ബജറ്റ് വരുന്ന ചിത്രം ടൊവിനോയുടെ കരിയറിലെ വലിയ ചിത്രങ്ങളിലൊന്നുമാണ്. വിനയ് റായ്, മന്ദിര ബേദി, മഡോണ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. കൊല്‍ക്കത്തക്കാരിയായ മന്ദിര ബേദി ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണ് ഐഡിന്റിറ്റി.

Read Also : ‘നിങ്ങളോടൊപ്പം, നിങ്ങളുടെ കൂടെ വളർന്നവളാണ് ഞാൻ’- നന്ദിയറിയിച്ച് അനശ്വര രാജൻ

രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്യത്തും സെഞ്ച്വറി കൊച്ചുമോനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സെഞ്ച്വറി ഫിലിംസ് തിയറ്ററില്‍ എത്തിക്കും. എറണാകുളം, ബെംഗളൂരു, ഗോവ മൗറീഷ്യസ്, കോയമ്പത്തൂര്‍ എന്നിവിടങ്ങളാണ് ചിത്രീകരണം.

Story Highlights : Trisha begins shooting for ‘Identity’ with Tovino Thomas