‘കാണാന്‍ ക്യൂട്ടാണ്, തൊട്ടാല്‍ കാത്തിരിക്കുന്നത് മുട്ടന്‍പണി’; ബീച്ചിലെത്തുന്നവര്‍ക്ക് മുന്നറിയിപ്പ്

December 20, 2023

കടല്‍ത്തീരത്ത് പോകുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്.. നീല നിറത്തിലുള്ള കാണാന്‍ നല്ല മനോഹരമായ ജീവിയെ നിങ്ങള്‍ കാണാനിടയായേക്കാം.. അതിനെ കാണുമ്പോള്‍ ഒന്നു തൊടാനോ കയ്യിലെടുക്കാനോ തോന്നിയേക്കാം. എന്നാല്‍ ഇവയുമായി സമ്പര്‍ക്കം പുലര്‍ത്തരുത്. തൊട്ടാല്‍ മുട്ടന്‍ പണി കിട്ടുമെന്ന് ബീച്ചിലെത്തുന്നവര്‍ക്ക ജാഗ്രത നിര്‍ദേശവുമായി സമുദ്ര ഗവേഷകര്‍. ( Venomous Blue Dragons spotted near seashore in Besant Nagar )

തമിഴ്‌നാട്ടിലെ ബെസന്ത് നഗര്‍ ബീച്ചിലെത്തുന്ന സഞ്ചാരികള്‍ക്കാണ് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. നീല നിറത്തില്‍ കാണാന്‍ അതിമനോഹരമായ വിഷമുള്ള ഒരു കടല്‍ ജീവിയേക്കുറിച്ചാണ് ഗവേഷകരുടെ മുന്നറിയിപ്പ്. ബ്ലൂ ഡ്രാഗണ്‍സ് എന്ന് അറിയപ്പെടുന്ന കടല്‍ പുഴുക്കളെക്കുറിച്ചാണ് അറിയിപ്പ്. ഗ്ലോക്കസ് അറ്റ്‌ലാന്റിക്കസ് എന്ന ശാസ്ത്രീയ നാമമുള്ള ഈ നീല ഡ്രാഗണുകളുടെ കുത്തേല്‍ക്കുന്നത് കുട്ടികളിലും പ്രായമായവരിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നാണ് മുന്നറിയിപ്പ്.

പൂര്‍ണ വളര്‍ച്ചയെത്തിയ നീല ഡ്രാഗണ് ശരാശരി മൂന്ന് സെന്റിമീറ്റര്‍ വരെ നീളമുണ്ടാകും. അനുകൂലമായ കാലാവസ്ഥയില്‍ ഒരു വര്‍ഷത്തോളമാണ് ഈ ജീവികളുടെ ആയുസ്. ഇവ ഭക്ഷണമാക്കുന്ന ചെറുജീവികളായ
വിഷമുള്ള സിഫോണോഫോറുകള്‍, വയലറ്റ് ഒച്ചുകള്‍, പോര്‍ച്ചുഗീസ് മെന്‍ ഓഫ് വാര്‍ എന്നിവയടക്കമുള്ളവയാണ് നീല ഡ്രാഗണുകള്‍ക്ക് വിഷം നല്‍കുന്നത്.

സാധാരണയായി പുറംകടലില്‍ കാണാറുള്ള ഈ ജീവികളെ അടുത്തിടെയാണ് ബെസന്ത് നഗറിലെ ബീച്ചില്‍ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം ഇവയെ അഡയാര്‍ ഭാഗത്തും കണ്ടെത്തിയിരുന്നു. സമുദ്രജല പ്രവാഹങ്ങളാണ് കടല്‍ ജലത്തില്‍ തലകീഴായി കിടക്കുന്ന ഇവയുടെ ചലനത്തിന് സഹായിക്കുന്നത്.

Read Also : ‘ക്രിസ്മസ് അല്ലേ, തലമുടിയിൽ ഒരു ട്രീ ആയാലോ?’- വൈറലായൊരു ഫാഷൻ പരീക്ഷണം

കുത്തേറ്റ ഭാഗങ്ങളില്‍ അതിശക്തമായ വേദന, തലകറക്കം, ഛര്‍ദി, അലര്‍ജി, ചുവന്ന് തടിക്കല്‍, തൊലിപ്പുറത്ത് പോളപ്പുകളുണ്ടാകുക, ശരീരം കറുത്ത് തടിക്കുക എന്നിങ്ങനെയുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് ഇവയുടെ കുത്തേറ്റാല്‍ അനുഭവപ്പെടാറുള്ളത്. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞനായിരുന്ന ജോ കെ കിഴക്കുടന്‍ മൂന്ന് വര്‍ഷം മുമ്പ് ഇവയെ കോവളം തീരത്ത് കണ്ടെത്തിയിരുന്നു. കടലിലിറങ്ങുന്നവര്‍ ഇവയെ തൊടാന്‍ ശ്രമിക്കരുതെന്നാണ് ഗവേഷകര്‍ നല്‍കുന്ന് നിര്‍ദേശം.

Story highlights : Venomous blue dragons spotted near seashore in Besant Nagar