‘ഇനി വിഷ്ണുവല്ല, അയൺമാനാണ്’; ട്രയാത്തലോൺ മത്സരത്തിൽ മലയാളിയുടെ മിന്നും പ്രകടനം

December 9, 2023

വേൾഡ് ട്രയാത്തലോൺ കോർപ്പറേഷൻ സംഘടിപ്പിച്ച മത്സരത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ച് കോഴിക്കോട് മൂഴിക്കൽ സ്വദേശിയായ വിഷ്ണുപ്രസാദ്. അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ച്ചവെച്ചു എന്ന് മാത്രമല്ല അത്യപൂർവമായ ‘അയൺ മാൻ’ പദവി കൂടെ സ്വന്തമാക്കിയിരിക്കുകയാണ് വിഷ്ണു. (Vishnu Prasad bags ‘Iron Man’ title at Triathlon Competition)

ലോകത്തിലെ തന്നെ ഏറ്റവും പ്രയാസമേറിയ ഏകദിന കായികയിനങ്ങളിൽ ഒന്നാണ് ട്രയാത്തലോൺ. ഈ മത്സര സീരീസിൽ 3.9 കിലോമീറ്റർ നീന്തൽ, 180.2 കിലോമീറ്റർ സൈക്കിൾ റേസ്, 42.2 കിലോമീറ്റർ ഓട്ടം എന്നിവയാണ് അടങ്ങിയിരിക്കുന്നത്. അങ്ങനെ ആകെ 226.3 കിലോമീറ്റർ പിന്നിടണം. 17 മണിക്കൂറിൽ ലക്ഷ്യം നേടിയാലാണ് അയൺ മാൻ പദവി ലഭിക്കുക. എന്നാൽ ഈ ദൂരം 13 മണിക്കൂറിൽ പൂർത്തീകരിച്ചാണ് വിഷ്ണു കിരീടം ചൂടിയത്. ഇതേ മത്സരം ഇന്ത്യയിൽ നടക്കുമ്പോൾ പിന്നിടേണ്ട ദൂരം 113 കിലോമീറ്റർ മാത്രമാണ്.

Read also: കോപ അമേരിക്കയുടെ ചിത്രം തെളിഞ്ഞു ; അര്‍ജന്റീന – ബ്രസീല്‍ പോരാട്ടത്തിനായി ഫൈനല്‍ വരെ കാത്തിരിക്കണം

അയൺ മാൻ പദവിക്ക് വേണ്ടി അഞ്ചു വർഷമായി കഠിനപ്രയത്‌നത്തിലാണ് വിഷ്ണു. മികച്ച കായിക ക്ഷമത, ആരോഗ്യം, ശുഭപ്രതീക്ഷ എന്നിവ കൈമുതലായവർക്ക് മാത്രമേ ഇത്തരമൊരു വിജയം സ്വന്തമാക്കാൻ കഴിയൂ.

2022-ൽ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ വെച്ച് നടന്ന ഹാഫ് മാരത്തോൺ മത്സരവും വിഷ്ണു പൂർത്തീകരിച്ചിരുന്നു. ശാസ്ത്രീയമായ കായികപരിശീലനം, ദീർഘദൂരമുള്ള സൈക്കിൾസവാരി, ജിം വർക്ക്ഔട്ട്, മാരത്തൺ, നീന്തൽ, കൃത്യമായ ഭക്ഷണനിയന്ത്രണം എന്നിവയൊക്കെയാണ് വിഷ്ണുവിനെ വിജയത്തിലേക്ക് നയിച്ചത്.

Story highlights: Vishnu Prasad bags ‘Iron Man’ title at Triathlon Competition