അക്ഷരം തെറ്റാതെ വിളിക്കാം ‘ഗുരു’ എന്ന്; ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ നെഞ്ചോടണച്ച് അധ്യാപകൻ!

January 30, 2024

നമ്മൾ മനുഷ്യർ എല്ലാ അർത്ഥത്തിലും വ്യത്യസ്തരാണ്. രൂപത്തിലും, ഭാവത്തിലും, ചിന്തകളിലും, ജീവിത രീതികളിലും എല്ലാം ഒരാൾ മറ്റൊരാളിൽ നിന്ന് ഏറെ വേറിട്ട് നിൽക്കുന്നു. ഈ വ്യത്യസ്തതകൾ തന്നെയാണ് നമ്മുടെ ജീവിതത്തെ മനോഹരമാക്കുന്നതും. നമ്മളിൽ നിന്ന് ശാരീരികവും മാനസികവുമായി വ്യത്യസ്തരായവരെ ഒപ്പം കൂട്ടുക എന്നതും പ്രധാനമാണ്. അത്തരത്തിൽ ഹൃദ്യമായ ഒരു കാഴ്ചയാണ് ‘ഗ്ലോബൽ പോസിറ്റീവ് ന്യൂസ്’ എന്ന ഇൻസ്റ്റഗ്രാം പേജ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. (Physical Education Teacher welcomes disabled student to class)

ബ്രസീലിയൻ അധ്യാപകനായ ജീൻ സാമ്പായോ ഡി മെലോയാണ് താരം. സെറിബ്രൽ പാൾസിയും അപസ്മാരവുമുള്ള ഹീറ്റർ എന്ന ശാരീരിക പരിമിതികൾ ഉള്ള വിദ്യാർത്ഥിയെ തൻ്റെ ഫിസിക്കൽ എജ്യൂക്കേഷൻ ക്ലാസിലേക്ക് സ്വാഗതം ചെയ്യുകയാണ് സാമ്പായോ ചെയ്തത്. മറ്റുള്ള അധ്യാപകരെല്ലാം ഹീറ്ററിന് നേരെ മുഖം തിരിച്ചപ്പോഴാണ് സാമ്പായോ ഇരുകരങ്ങളും നീട്ടി ഹീറ്ററിനെ ചേർത്ത് പിടിച്ചത്.

ഗ്ലോബൽ പോസിറ്റീവ് ന്യൂസ് പങ്കുവെച്ച വിഡിയോയിൽ ഒരു അധ്യാപകൻ എന്നതിലുപരി സാമ്പായോയിൽ പച്ചയായ ഒരു മനുഷ്യസ്നേഹിയെയും അയാളിൽ തുളുമ്പുന്ന വാത്സല്യവും പ്രകടമാണ്. തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന ഹീറ്ററിനെ ഒരു ആക്ടിവിറ്റിയിൽ നിന്ന് മറ്റൊന്നിലേക്ക് കൊണ്ടുപോകുന്ന സാമ്പായോയെ വിഡിയോയിൽ കാണാം. സ്വന്തമായി ഇതൊന്നും ചെയ്യാൻ കഴിയില്ലെങ്കിലും ഗുരുവിന്റെ കൈകളിൽ ഹീറ്റർ സുരക്ഷിതനാണ്. സാമ്പായോയ്‌ക്കൊപ്പം അവനും ഓരോ പ്രവർത്തിയും ചെയ്യുന്ന അനുഭൂതിയാണ് ലഭിക്കുന്നത്.

Read also: ‘കരുതൽ എല്ലാവർക്കും’; സെറിബ്രൽ പാൾസി ബാധിതന് മാഗ്നെറ്റിക് ഷർട്ടുമായി വസ്ത്ര നിർമാതാക്കൾ!

“ഹീറ്ററിനെപ്പോലുള്ള വിദ്യാർത്ഥികളുടെ അധ്യാപകർക്ക് വലിയ ഉത്തരവാദിത്തം ആണുള്ളത്. കാരണം അവരെ വളർത്തുകയും മറ്റുവർക്കൊപ്പം ഉൾപ്പെടുത്തുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. മാത്രമല്ല പരസ്പരം വ്യത്യാസങ്ങളെ മാനിച്ച് വ്യത്യസ്തരായവരെ ഉൾപ്പെടുത്താൻ പഠിക്കുന്നത് വഴി നമുക്ക് വളരാനും സാധിക്കും”, സാമ്പായോ പറയുന്നു.

Story highlights: Physical Education Teacher welcomes disabled student to class