‘ഹലോയും ഹലോയുടെ സ്വന്തം ധർമ്മനും’; അപൂർവ്വം ഈ സൗഹൃദം!

January 5, 2024

മനുഷ്യർക്ക് എന്നും സ്നേഹക്കൂട്ടാണ്‌ ജീവികൾ. അപൂർവമായ ജീവികളെ സഹവാസികളും കൂട്ടാളികളുമാക്കിയ നിരവധി പേരുടെ കഥകൾ നമ്മൾ കേട്ടിട്ടുണ്ടാകും. അത്തരം കഥകളിൽ വേറിട്ട് നിൽക്കുന്നൊരു കഥയാണ് പൂളക്കുണ്ട് നെടുമ്പള്ളിക്കുടി വീട്ടിൽ ധർമ്മാങ്കരാജന്റെയും ഹലോ എന്ന് പേരുള്ള അദ്ദേഹത്തിന്റെ സ്വന്തം കാക്കയുടെയും. (A rare friendship between a man and crow)

മനുഷ്യരുമായി അടുത്തിണങ്ങി ജീവിക്കുന്ന പക്ഷികളാണ് കാക്കകളെങ്കിലും അവയെ വളർത്തുന്നൊരു മനുഷ്യൻ വേറിട്ടൊരു കാഴ്ച തന്നെയാണ്. കേരള-തമിഴ്‌നാട് അതിർത്തി ഗ്രാമമായ നമ്പ്യാർകുന്നിലാണ് ഈ സുഹൃത്തുക്കൾ സ്നേഹത്തോടെ ഒപ്പം വാഴുന്നത്. നാല് മാസം മുൻപൊരു മഴക്കാലത്താണ് അപ്രതീക്ഷിതമായി ഹലോ ധർമ്മാങ്കരാജന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. കാറ്റിലും മഴയിലും തകർന്ന് നിലപൊത്തിയ കിളിക്കൂട്ടിൽ മൂന്ന് കുഞ്ഞുങ്ങൾ, പക്ഷെ ജീവനുള്ളത് ഒരാൾക്ക് മാത്രം.

തീരെ ചെറുതായിരുന്ന ഹലോയ്ക്ക് പറന്ന് രക്ഷപ്പെടാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. കുഞ്ഞൻ കാക്കയെ രക്ഷിക്കാൻ ധർമ്മൻ ശ്രമിച്ചെങ്കിലും മറ്റുള്ള കാക്കകൾ വളഞ്ഞ് അക്രമിച്ചതിനാൽ സാധിച്ചില്ല. അതിനാൽ ശ്രമം രാത്രിയിലായി. ഒടുവിൽ കാക്കയെ രക്ഷിച്ച് വീട്ടിൽ ഒരു പെട്ടിയിൽ സുരക്ഷിതമാക്കി. ധർമ്മന്റെ സ്വന്തം ഹലോയായി പറന്നു തുടങ്ങി.

Read also: ‘ഒരു പാതി ആണും മറുപാതി പെണ്ണും’; അപൂർവ്വയിനം പക്ഷിയെ കണ്ടെത്തി ഗവേഷകർ!

ഹലോയുടെ ഇഷ്ടഭക്ഷണത്തെ കുറിച്ച് ഏറെ വാചാലനാകുകയാണ് ധർമ്മൻ. ഏറ്റവും ഇഷ്ടം ചപ്പാത്തിയോട്. ചോറും, മുട്ടയുമൊന്നും ആൾക്ക് വല്യ താല്പര്യമില്ല. കാക്കകളുടെ ലോകത്ത് ഹലോയ്ക്ക് വേറെയും കൂട്ടുക്കാരുണ്ട്. രാവിലെ ഭക്ഷണത്തിന് ശേഷം മെല്ലെ ലോകം ചുറ്റാനിറങ്ങും ഹലോ.

തിരിച്ചെത്തിയാൽ ധർമ്മന്റെ തോളിലേറി കവലയിലേക്കും കൃഷിയിടത്തേക്കും സവാരി പോകും. തന്നെ വിട്ട് ഹലോ എവിടേക്കും പോകാറില്ലെന്ന് ധർമ്മൻ പറയുന്നു. വീട്ടിലും പറമ്പിലും താനുണ്ടെങ്കിൽ ഹലോയും ഒപ്പം തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു. ധർമ്മന്റെ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തിനും കൂട്ടാണിപ്പോൾ ഹലോ.

Story highlights: A rare friendship between a man and crow