‘കാഴ്ചകൾ മനോഹരം, സംഗീതം അതിലേറെ’; ഇത് ഗായകൻ മുരളി ഗോപി

January 9, 2024

നടൻ-തിരക്കഥാകൃത്ത്, നിർമ്മാതാവ്, എഴുത്തുകാരൻ, ഗായകൻ, ഗാനരചയിതാവ്, സംഗീതസംവിധായകൻ, പത്രപ്രവർത്തകൻ എന്നിങ്ങനെ മുരളി ഗോപിക്ക് വിശേഷണങ്ങൾ ഏറെ. പത്രപ്രവർത്തനത്തിലൂടെ ജോലിയാരംഭിച്ച് ഒടുവിൽ സിനിമാ ലോകത്തേക്ക് പൂർണമായും തിരിയുകയായിരുന്നു മുരളി. സംഗീത മേഖലയിലും തന്റെ മികവ് പണ്ടേ തെളിയിച്ച മുരളി ഗോപി തന്റെ നീണ്ട കലാജീവിതത്തിൽ ഇപ്പോൾ പുതിയൊരു തുടക്കം കുറിച്ചിരിക്കുകയാണ്. (Actor Murali Gopy’s new musical venture)

ഏറെ ഗൃഹാതുരത്വം ഉണർത്തുന്ന ഗാനങ്ങളെ തന്റേതായ ശൈലിയിൽ വീണ്ടും പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് മുരളി ഗോപി. ‘എംജി സോളിലോകീസ്’ എന്ന തൻെറ യുട്യൂബ് ചാനലിലൂടെയാണ് മുരളി ഗായകന്റെ കുപ്പായത്തിൽ പ്രത്യക്ഷപ്പെടുന്നത്. കാലമെത്ര കടന്നു പോയാലും ഓരോ ആസ്വാദകന്റെയും മനസ്സിൽ തങ്ങി നിൽക്കുന്ന ക്ലാസിക് ഹിന്ദി ഗാനങ്ങളാണ് മുരളി ആലപിക്കുന്നത്.

പാട്ടിനോടൊപ്പം കണ്ണിനും മനസ്സിനും കുളിരേകുന്ന ദൃശ്യങ്ങളും വിഡിയോയുടെ മാറ്റ് കൂട്ടുന്നു. പാട്ട് കേൾക്കുന്നവരെയും വിഡിയോ കാണുന്നവരെയും ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന്റെ വിഡിയോകൾക്ക് കഴിയുന്നു എന്നതും പ്രാധാനം.

താനൊരു ശ്രോതാവായി കേട്ട് വളർന്ന പാട്ടുകൾ വീണ്ടും സന്ദർശിക്കാനും അവയ്ക്കൊപ്പം സഞ്ചരിക്കാനും ലക്ഷ്യമിട്ടുള്ള ഒരു പരമ്പരയാണ് എംജി സോളിലോകീസ് എന്ന് മുരളി പറയുന്നു. യഥാർത്ഥ കോമ്പോസിഷനുകളോ റെൻഡറിംഗുകളോ അനുകരിക്കുക എന്നതല്ല ഇവിടെ ഉദ്ദേശ്യം. ഒരു കടുത്ത ആരാധകൻ ചെയ്യുന്ന പോലെ അവ ഓരോന്നും കേട്ട് ധ്യാനിക്കുകയാണ് താൻ ചെയ്യുന്നതെന്നും മുരളി പറയുന്നു.

Read also: ‘ഞാൻ ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ല..’- ജീത്തു ജോസഫിന്റെ മകളോട് നന്ദി പറഞ്ഞ് എസ്തർ അനിൽ

ഇതുവരെ ആറ് പാട്ടുകളാണ് മുരളി അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ‘അജീബ് ദാസ്ത്ത ഹെ യെ’, ‘യെ രാത്തെ യെ മോസം’ എന്നിങ്ങനെ തുടങ്ങി 60-കളിലെയും 90-കളിലെയും ഹിന്ദി ക്ലാസ്സിക്കൽ ഗാനങ്ങളാണ് മുരളി തിരഞ്ഞെടുത്തിരിക്കുന്നത്. പുതിയ തുടക്കത്തിന് ആശംസകളും, മുരളി പാടി കേൾക്കാൻ തങ്ങൾ ആഗ്രഹിക്കുന്ന നിരവധി ഗാനങ്ങളുടെ പേരുകളും അടക്കം ആളുകൾ കമെന്റിലൂടെ അറിയിക്കുകയാണ്.

അപൂർണതകളെ നോക്കി പുഞ്ചിരിക്കാൻ കഴിയുമെങ്കിൽ, ഈ സ്വപ്‌നത്തിൽ ചുറ്റി സഞ്ചരിച്ച് സംഗീതത്തിന്റെ ലോകത്തിൽ ആനന്ദിക്കാൻ തനിക്കൊപ്പം അദ്ദേഹം ഏവരെയും ക്ഷണിക്കുകയും ചെയ്യുന്നു.

Story highlights: Actor Murali Gopy’s new musical venture