‘അഞ്ച് നിറങ്ങളുള്ള നദി’; ആഴങ്ങളിൽ മഴവില്ല് തീർക്കുന്ന കാനോ ക്രിസ്‌റ്റെയ്‌ൽസ്‌!

January 9, 2024

മിഴികളെ അതിശയിപ്പിക്കുന്ന അനേകം അത്ഭുതങ്ങൾ പ്രകൃതിയിൽ സ്വാഭാവികമായി കാണപ്പെടാറുണ്ട്. എത്രയധികം വ്യത്യസ്തമായ കാഴ്ചയുടെ അനുഭവങ്ങളാണ് ഇവയൊക്കെ എന്ന് ആലോചിച്ചാൽ അതിശയം തോന്നും. അത്തരത്തിൽ വിസ്‍മയിപ്പിക്കുന്ന ഒരു കാഴ്ചയാണ് കൊളംബിയയിലെ കാനോ ക്രിസ്‌റ്റെയ്‌ൽസ്‌ അഥവാ അഞ്ച് നിറങ്ങളുള്ള നദി. (Cano Cristales- The river of five colors)

സിയറ ഡി ലാ മകറേനയിൽ സ്ഥിതി ചെയ്യുന്ന കൊളംബിയയിലെ ഒരു നദിയാണ് കാനോ ക്രിസ്‌റ്റെയ്‌ൽസ്‌. നദിക്കുള്ളിലെ വ്യത്യസ്തങ്ങളായ നിറങ്ങളുടെ പേരിൽ പേരുകേട്ടതാണ് ഈ നദി. എല്ലാ വർഷവും ഒരു ചുരുങ്ങിയ സമയത്തേക്ക് അത്ഭുതകരമായ ഒരു പരിവർത്തനം നദിയിൽ സംഭവിക്കുന്നു.

സാധാരണയായി സെപ്റ്റംബർ മുതൽ നവംബർ മാസം വരെ നീളുന്ന മഴക്കാലത്ത് ആൽഗയുടെയും പായലിന്റെയും സാന്നിധ്യം കാരണം നദിക്ക് പച്ചകലർന്ന നിറം ലഭിക്കും. ഡിസംബർ മുതൽ മെയ് വരെ നീളുന്ന ചൂട് കാലത്ത് ജലനിരപ്പ് കുറയുന്നു. ഇത് നദീതീരത്തേക്ക് സൂര്യപ്രകാശം എത്താൻ കാരണമാകും. സൂര്യപ്രകാശം ലഭിക്കുന്നതോടെ നദിക്ക് നിറം നൽകുന്ന മക്കറേനിയ ക്ലാവിഗെറ (Macarenia clavigera) എന്ന സസ്യജാലങ്ങളുടെ വളർച്ച വേഗത്തിലാകും.

Read also: വെള്ളത്തിന് പകരം താഴേക്ക് പതിക്കുന്ന ‘തീ’ ചാട്ടം; കണ്ണുകളെ കുഴപ്പിക്കുന്ന പ്രകൃതിയുടെ വിസ്മയക്കാഴ്ച

സൂര്യപ്രകാശത്തിന്റെ അളവ്, ജലനിരപ്പ്, മറ്റ് പാരിസ്ഥിതിക ഘടകങ്ങൾ എന്നിവയെ ആശ്രയിച്ച് കാനോ ക്രിസ്‌റ്റെയ്‌ൽസ്‌ നദിയുടെ നിറങ്ങൾ വ്യത്യാസപ്പെടുന്നു. നദീതടത്തിൽ ചുവപ്പ്, മഞ്ഞ, പച്ച, നീല, കറുപ്പ് എന്നീ നിറങ്ങൾ ദൃശ്യമാകും. നദീതടത്തിന്റെ വിവിധ ഭാഗങ്ങൾ വർഷത്തിലെ വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത നിറങ്ങൾ പ്രദർശിപ്പിക്കും.

കാനോ ക്രിസ്‌റ്റെയ്‌ൽസ്‌ നദിയിൽ മാത്രം കാണപ്പെടുന്ന മക്കറേനിയ ക്ലാവിഗേര ചെടിയിലെ പിഗ്മെന്റുകളുടെ സാന്നിധ്യമാണ് നദിയുടെ ചുവപ്പ് നിറത്തിന് കാരണം. നദിയിലെ തെളിഞ്ഞതും ഓക്സിജൻ സമ്പുഷ്ടവുമായ ജലത്തിലാണ് ഈ ചെടി വളരുന്നത്.

മഞ്ഞ, പച്ച, നീല, കറുപ്പ് എന്നീ നിറങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന വിവിധ തരം ആൽഗകൾ, പായൽ, അവശിഷ്ടങ്ങൾ എന്നിവയുടെ സാന്നിധ്യമാണ് നദിയുടെ മറ്റ് നിറങ്ങൾക്ക് കാരണം. ഈ നിറങ്ങളുടെ സംയോജനം നദിയിലെ തെളിഞ്ഞ ജാലകണങ്ങളോടൊപ്പം ചേർന്ന് അതിശയകരമായ ഒരു ദൃശ്യം സൃഷ്ടിക്കുന്നു. ഇത് തന്നെയാണ് കാനോ ക്രിസ്‌റ്റെയ്‌ൽസ്‌ നദിയെ ലോകത്തിലെ ഏറ്റവും മനോഹരമായ പ്രകൃതിയുടെ അത്ഭുതങ്ങളിൽ ഒന്നാക്കി മാറ്റിയത്.

Story highlights: Cano Cristales- The river of five colors