‘ഒരു പാതി ആണും മറുപാതി പെണ്ണും’; അപൂർവ്വയിനം പക്ഷിയെ കണ്ടെത്തി ഗവേഷകർ!
ഒരു പാതി പുരുഷനും മറു പാതി സ്ത്രീയുമായി അപൂർവമായി കാണപ്പെട്ട ഗ്രീൻ ഹണി ക്രീപ്പർ ഇനത്തിലെ പക്ഷിയെ ഒരുകൂട്ടം ഗവേഷകർ കൊളംബിയയിൽ കണ്ടെത്തി. സാധാരണയായി, ഗ്രീൻ ഹണിക്രീപ്പർ പെൺപക്ഷികൾക്ക് പച്ച തൂവലുകളും പുരുഷന്മാർക്ക് നീല തൂവലുകളുമാണുള്ളത്. എന്നാൽ വിചിത്രമായ ഈ പക്ഷിയുടെ ഉടലിൽ പകുതി ആൺ തൂവലുകളും പകുതി പെൺ തൂവലുകളുമാണ്. തൂവലുകൾ മധ്യഭാഗത്ത് നിന്നും നേരിട്ട് വിഭജിച്ചിരിക്കുന്നു. വലതുവശത്ത് പുരുഷന്മാരുടേതിന് സമാനമായ നീല തൂവലുകളും ഇടതുവശത്ത് സ്ത്രീകളുടെ പച്ച തൂവലുകളുമാണ് ഉള്ളത്. (Exceptional half-male, half-female bird spotted in Columbia)
ബൈലാറ്ററൽ ഗൈനാൻഡ്രോമോർഫിസം എന്നാണ് ജീവികളിൽ കാണപ്പടുന്ന ഈ പ്രതിഭാസത്തിന്റെ പേര്. ഒരേ ശരീരത്തിൽ രണ്ട് ലിംഗങ്ങളുള്ള ജീവികളാണിവ. ഈ വിശേഷത ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഇനങ്ങളിൽ രണ്ടാമത്തേതും 100 വർഷത്തിലേറെയായി കാണപ്പെടുന്ന ആദ്യ പക്ഷിയും കൂടെയാണിത്. വളരെ വിരളമായാണ് ഇവയുടെ ചിത്രങ്ങൾ പോലും ഒരു ക്യാമറയിൽ പതിയുന്നത്.
കൊളംബിയയിൽ അവധിക്കാലം ആഘോഷിക്കുമ്പോൾ, ന്യൂസിലാൻഡിലെ ഒട്ടാഗോ സർവകലാശാലയിലെ സുവോളജി പ്രൊഫസറായ ഹാമിഷ് സ്പെൻസർ, അമച്വർ പക്ഷിശാസ്ത്രജ്ഞനായ ജോൺ മുറില്ലോയുടെ സഹായത്തോടെയാണ് നീലയും പച്ചയും നിറഞ്ഞ ഹണിക്രീപ്പർ പക്ഷിയെ കണ്ടെത്തിയത്. പിന്നീട് ഗവേഷണസംഘം തന്നെ രൂപീകരിച്ച് പക്ഷിയെ കുറച്ച് അവർ വിശദമായി പഠിക്കുകയായിരുന്നു.
Read also: മണിക്കൂറിൽ 600 തവണ ഉറക്കം; ദിവസവും പതിനായിരം തവണ ഉറങ്ങുന്ന ചിൻസ്ട്രാപ് പെൻഗ്വിനുകൾ
ഗ്രീൻ ഹണി ക്രീപ്പർ പക്ഷികളെ മറ്റ് പക്ഷികൾ കൂടെ കൂട്ടില്ലെന്നും മറ്റ് ഇനത്തിലെ പക്ഷികളുമായി ഇവർ ചേരില്ലെന്നും കണ്ടത്തലുകൾ പറയുന്നു. മധ്യഭാഗത്തു നിന്നും കൃത്യമായ അതിരുകളിലായാണ് ഇരു നിറത്തിലുള്ള തൂവലുകളും വിഭജിക്കപ്പെട്ടിരിക്കുന്നത്. ഗവേഷകർ പറയുന്നതനുസരിച്ച് പക്ഷിയുടെ പ്രത്യുല്പ്പാദന അവയവങ്ങൾ മധ്യഭാഗത്ത് നിന്ന് ആണും പെണ്ണുമായി വിഭജിച്ചിരിക്കാം. ഈ സംശയങ്ങൾ ഉറപ്പിക്കുന്നതിനായി അവർ പക്ഷിയിൽ കൃത്യമായ പഠനങ്ങളും നടത്തി.
പക്ഷിയെ കണ്ടെത്തിയ ഫാമിലെ ഉടമകൾ ഇതിനായി ദിവസവും പഴവും പഞ്ചസാര വെള്ളവും ഒരുക്കി വെച്ചിരുന്നു. ഇവ ഭക്ഷിക്കുന്നതിനായി പക്ഷി എന്നും ഫാമിൽ എത്തുകയും ചെയ്യുമായിരുന്നു. ഇത്തരത്തിൽ 21 മാസത്തോളമാണ് ഗവേഷകർ പക്ഷിയെ നിരീക്ഷിച്ച് പഠനം നടത്തിയത്.
പ്രൊഫസർ ഹാമിഷ് സ്പെൻസർ പറയുന്നതനുസരിച്ച് കോശവിഭജന സമയത്ത് ഒരു അണ്ഡം ഉൽപ്പാദിപ്പിക്കുന്നതിനുള്ള പിഴവാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നത്. ഇതിന്റെ തുടർച്ചയായി രണ്ട് ബീജങ്ങൾ ചേർന്ന് ഇരട്ട ബീജസങ്കലനം നടക്കുന്നു. പല പക്ഷി നിരീക്ഷകരും അവരുടെ ജീവിതം തന്നെ മാറ്റി വെച്ച് വർഷങ്ങളോളം കാത്തിരുന്നാൽ പോലും ഇത്തരത്തിലൊരു ഇനത്തെ കണ്ടെത്തുന്നത് വളരെ വിരളമാണെന്നും അദ്ദേഹം പറയുന്നു.
Story highlights: Exceptional ‘half-male, half-female bird’ spotted in Columbia