‘മഞ്ഞും മണലും സമുദ്രത്തെ പുണർന്നപ്പോൾ’; ജപ്പാനിലെ ബീച്ചിൽ നിന്നുള്ള അപൂർവ കാഴ്ച!

January 21, 2024

വിചിത്രങ്ങളായ ചിത്രങ്ങളിലൂടെയും ശ്രദ്ധേയമായ വിഡിയോകളിലൂടെയും ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിക്കുന്ന കേന്ദ്രമായി മാറിയിരിക്കുന്നു ഇന്ന് സോഷ്യൽ മീഡിയ. വിസ്മയിപ്പിക്കുന്ന ലാൻഡ്‌സ്‌കേപ്പുകൾ മുതൽ കലാപരമായ ആവിഷ്‌കാരങ്ങൾ വരെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, എക്സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ സുലഭമാണ്. (Hokkaido Beach where Snow, Sand and Sea meet goes viral)

അത്തരമൊരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ജപ്പാനിലെ ഹോക്കൈഡോ ബീച്ചിൽ നിന്നാണ് ഈ ചിത്രം പകർത്തിയിരിക്കുന്നത്. മഞ്ഞും മണലും കടലും ഒരേ സ്ഥലത്ത് സംഗമിക്കുന്ന സവിശേഷമായ കാഴ്ചയാണ് ഈ ബീച്ചിനെ വേറിട്ടു നിർത്തുന്നത്. ഫോട്ടോയിൽ, വലതുവശത്ത് മഞ്ഞും, ഇടത് വശത്ത് കടലും, മധ്യ ഭാഗത്തായുള്ള മണൽ തിട്ടയിലൂടെ ഒരാൾ നടക്കുന്നതും കാണാം. ജപ്പാന്റെ പടിഞ്ഞാറൻ തീരത്ത് സാനിൻ കൈഗൻ ജിയോപാർക്കിൽ ഫോട്ടോഗ്രാഫർ ഹിസയാണ് ചിത്രം പകർത്തിയത്.

‘വെൽത്ത്’ എന്ന ഇൻസ്റ്റാഗ്രാം പേജിൽ, “സമുദ്രം മണലും മഞ്ഞുമായി കണ്ടുമുട്ടുന്ന ലോകത്തിലെ ഏറ്റവും സവിശേഷമായ സ്ഥലങ്ങളിൽ ഒന്നാണ് ജപ്പാനിലെ ഹോക്കൈഡോ ബീച്ച്!” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് ഇതിനോടകം 658,826 ലൈക്കുകൾ ലഭിച്ചിട്ടുണ്ട്.

Read also: ‘അമ്മയുടെ കണ്മണി’; കൗതുകമുണർത്തി ഡ്യൂനിയും മകളും!

‘ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും അവിശ്വസനീയവും മനോഹരവുമായ ചിത്രങ്ങളിൽ ഒന്ന്’, എന്നാണ് ഒരാൾ കമെന്റിൽ കുറിച്ചത്.

സാനിൻ കൈഗൻ ജിയോപാർക്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച് വൈവിധ്യമാർന്ന ഭൂമിശാസ്ത്രപരമായ സവിശേഷതകളുള്ള അതുല്യമായ പ്രകൃതിദൃശ്യങ്ങൾ ഇവിടെയുണ്ട്. 2008 ഡിസംബറിൽ ജാപ്പനീസ് ജിയോപാർക്കുകളിൽ ഒന്നായി ഇത് അറിയപ്പെട്ടു. തുടർന്ന്, 2010 ഒക്ടോബറിൽ ഒരു ഗ്ലോബൽ ജിയോപാർക്ക് എന്ന പദവിയും ഹോക്കൈഡോയ്ക്ക് ലഭിച്ചു.

Story highlights: Hokkaido Beach where Snow, Sand and Sea meet goes viral