ഇന്ന് മകരവിളക്ക്; ദർശനപുണ്യം കാത്ത് ഭക്തസാഗരം

January 15, 2024

ശബരിമലയില്‍ മകര വിളക്ക് ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം. മകരവിളക്ക് ദര്‍ശനത്തിനായി സന്നിധാനം ഒരുങ്ങിക്കഴിഞ്ഞു. ഇന്ന് പൊന്നമ്പലമേട്ടില്‍ മകരജ്യോതി. സന്നിധാനത്ത് ഇന്നലെ ബിംബ ശുദ്ധക്രിയകള്‍ നടന്നു. ളാഹയില്‍ എത്തിചേരുന്ന തിരുവാഭരണ ഘോഷയാത്ര, ളാഹ സത്രത്തില്‍ തങ്ങിയശേഷം ഇന്ന് പ്രയാണമാരംഭിച്ച് സന്നിധാനത്തെത്തും. ( Makaravilakku festival in Sabarimala )

തിരുവാഭരണ ഘോഷയാത്ര ആറ് മണിയോടെയാണ് സന്നിധാനത്തെത്തുക. തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കുന്നതിനായി ദേവസ്വം ബോഡ് പ്രതിനിധികള്‍ ശരംകുത്തിയിലേക്ക് പോകും. തുടര്‍ന്ന് കൊടിമരച്ചുവട്ടില്‍ തിരുവാഭരണ ഘോഷയാത്രയ്ക്ക് സ്വീകരണമൊരുക്കും.

ദിവ്യജ്യോതി ദര്‍ശിക്കാന്‍ സന്നിധാനത്തും പരിസരത്തും ഭക്തജനപ്രവാഹമാണ്. ഭക്തര്‍ മലയിറങ്ങാതെ സന്നിധാനത്ത് തന്നെ തുടരുകയാണ്. രണ്ട് ലക്ഷത്തോളം ഭക്തര്‍ മകരവിളക്ക് ദര്‍ശനത്തിനായി സന്നിധാനത്തും പരിസരത്തും എത്തിച്ചേരുമെന്നാണ് വിലയിരുത്തല്‍.

Read Also : സംസ്ഥാനത്ത് ഇന്ന് 6 ജില്ലകളിൽ സ്‌കൂൾ അവധി

ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ഒരുക്കിയിട്ടുള്ളത്. ഇതിന്റെ അവസാനഘട്ട വിലയിരുത്തലുകള്‍ പൂര്‍ത്തിയായി. മകരജ്യോതി ദര്‍ശിക്കാന്‍ 10 വ്യൂപോയിന്റുകളാണ് ഒരുക്കിയിട്ടുള്ളത്. ഇവിടെ കുടിവെള്ളം ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. തിരക്ക് നിയന്ത്രിക്കാനുള്ള നടപടിക്രമങ്ങളും പൊലീസ് സ്വീകരിച്ചിട്ടുണ്ട്. ഡ്രോണ്‍ നിരീക്ഷണമുള്‍പ്പെടെയുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Story highlights : Makaravilakku festival in Sabarimala