‘ഹാവൂ ആശ്വാസമായി’; അമ്മയുടെ കൈകളിലുറങ്ങുന്ന കുട്ടിക്കൊമ്പന്റെ വൈറൽ ചിത്രം!

January 4, 2024

അമ്മയുടെ കരങ്ങളെക്കാൾ സുരക്ഷിതമായ മറ്റൊരിടം ഈ ലോകത്തില്ല. മൃഗങ്ങളായാലും മനുഷ്യനായാലും ഇക്കാര്യത്തിൽ വല്യ മാറ്റങ്ങളൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. വാക്കുകൾക്കുമപ്പുറം ചില ചിത്രങ്ങൾ സ്നേഹത്തിന്റെ ഭാഷയിൽ നമ്മോട് സംസാരിക്കും. അമ്മയ്‌ക്കൊപ്പം സുഖമായി ഉച്ചമയക്കകത്തിൽ മുഴുകിയ ഒരു കുട്ടിക്കൊമ്പന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മിഡിയയിൽ തരംഗമാകുന്നത്. ഏതൊരാളുടേയും മനസ്സലിയിപ്പിക്കുന്ന ഈ ചിത്രം ലോകത്തോട് പങ്കുവെച്ചിരിക്കുന്നത് സംസ്ഥാന പരിസ്ഥിതി, വനം സെക്രട്ടറി സുപ്രിയ സാഹു ഐഎഎസ് ആണ്. (Heart-melting picture of Baby elephant napping with mother goes viral)

ചിത്രത്തിന് പിന്നിൽ പരിശ്രമത്തിന്റെ ഒരു കഥ കൂടെയുണ്ട്. നാലോ അഞ്ചോ മാസം പ്രായമുള്ള കാട്ടാനക്കുട്ടിയെ ഡിസംബർ 30 നാണ് വനപാലകർ കൂട്ടത്തിൽ നിന്ന് വേർപെട്ട നിലയിൽ കണ്ടെത്തിയത്. അമ്മയെ അന്വേഷിച്ച് ഒറ്റയ്ക്ക് അലയുന്ന നിലയിലായിരുന്നു ആനക്കുട്ടി. ആനക്കുട്ടിയുടെ സംഘത്തിലെ മറ്റ് അംഗങ്ങളെ കണ്ടെത്താൻ തിരച്ചിൽ സംഘത്തെ അയക്കുകയും ഡ്രോണുകളുടെ സഹായത്തോടെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ കൂട്ടത്തെ തിരിച്ചറിയുകയുമായിരുന്നു.

Read also: മിനിറ്റുകളുടെ ഇടവേളയിൽ രണ്ടു വ്യത്യസ്ത ദിവസങ്ങളിലും വർഷങ്ങളിലുമായി പിറന്ന് ഇരട്ട കുട്ടികൾ

സുരക്ഷിതമായ ഒരു ഇടത്തേക്ക് ആനക്കുട്ടിയെ മാറ്റി ദേഹമാകെ കഴുകി വൃത്തിയാക്കിയ ശേഷം വേർപിരിഞ്ഞ കൂട്ടത്തിന് സമീപം വിട്ടയച്ചു. ഒടുവിൽ ഭയന്ന് വിറച്ച കുട്ടിക്കൊമ്പൻ അമ്മയുമായി വീണ്ടും ഒന്നിച്ചു. അമ്മയെ വീണ്ടും കണ്ടുമുട്ടി തന്റെ യാത്ര തുടരുന്നതിന്റെ ഇടവേളയിലാണ് അമ്മയ്‌ക്കൊപ്പം കൂട്ടിക്കൊമ്പന്റെ സുഖമായ ഉച്ചമയക്കം.

ചിത്രം പങ്കുവെച്ചുകൊണ്ട് സാഹു എഴുതിയതിങ്ങനെ, ”വാക്കുകൾക്കപ്പുറം ഒരു ചിത്രം സംസാരിക്കുമ്പോൾ, വനപാലകർ രക്ഷപ്പെടുത്തിയ ആനക്കുട്ടി തന്റെ സംഘത്തിനൊപ്പം യാത്ര തുടരുന്നതിന് മുൻപ് അമ്മയുടെ കരവലയത്തിൽ സുരക്ഷിതമായി ഉച്ചയുറക്കത്തിലാണ്. സുരക്ഷ ഉറപ്പാക്കുന്നതിനിടെ കാവൽ നിൽക്കുന്ന ഫോറസ്റ്റ് ഫീൽഡ് ജീവനക്കാർ ആനമല കടുവാ സങ്കേതത്തിനുള്ളിൽ വെച്ച് എടുത്ത ചിത്രം,”

കാഴ്ചക്കാരെ വികാരഭരിതരാക്കിക്കൊണ്ട് മനോഹരമായ ഈ ചിത്രം ഇന്റർനെറ്റിൽ വൈറലായി. കമെന്റിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത് നിരവധി പേരാണ്. ഒരു ഉപഭോക്താവ് കുറിച്ചതിങ്ങനെ, ”ഈ ആനക്കുട്ടിയെ അമ്മയോടൊപ്പം ചേർക്കാൻ കഴിഞ്ഞ എല്ലാ ടിഎൻ വനം വകുപ്പ് ജീവനക്കാർക്കും സന്നദ്ധപ്രവർത്തകർക്കും കടപ്പാട്. ഈ ചിത്രം അവർ തലമുറകളോളം കൊണ്ടുപോകുന്ന ഒന്നാണ്. എത്ര മഹത്തായ പ്രവൃത്തിയാണ് അവർ ചെയ്തത്.”

Story highlights: Picture of Baby elephant napping with mother goes viral