‘രാജ്യത്ത് ആകെയുള്ളത് 10 പേർ’; ക്യാമറയിൽ പതിഞ്ഞ അപൂർവയിനം കറുത്ത കടുവകൾ!

January 7, 2024

വന്യമൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണിക്കുന്ന വിഡിയോകൾ എപ്പോഴും കൗതുകകരമാണ്. വിഡിയോയിൽ കാണുന്നത് ഒരു അപൂർവ മൃഗമാണെങ്കിലോ കാഴ്ച കൂടുതൽ ആവേശകരമാകും. ഇതിനുള്ള ഉത്തമ ഉദാഹരണമാണ് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദ X-ൽ പങ്കുവെച്ച അപൂർവയിനം കറുത്ത കടുവകളുടെ വിഡിയോ. ഒഡീഷയിലെ വനങ്ങളിൽ കാണപ്പെടുന്ന ഒരു കൂട്ടം സ്യൂഡോ-മെലാനിസ്റ്റിക് കടുവകളുടെ (Pseudo-Melanistic Tigers) ക്ലിപ്പാണ് നന്ദ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. (Rare Black Tigers spotted in Odisha Forest)

മെലാനിസ്റ്റിക് കടുവകൾ റോയൽ ബംഗാൾ കടുവയേക്കാൾ കറുത്ത വരകൾ എടുത്ത് കാണപ്പെടുന്ന അപൂർവയിനം കടുവകളാണ്. ഒഡീഷയിൽ മാത്രമാണ് ഇവ കാണപ്പെടുന്നത്. ഇടതൂർന്നതും ഇരുണ്ടതുമായ വരകളുള്ളതിനാൽ അവയെ ‘കറുത്ത കടുവകൾ’ എന്നും വിളിക്കാറുണ്ട്.

”പ്രകൃതി ഒരിക്കലും നമ്മെ അത്ഭുതപ്പെടുത്താൻ മടിക്കാറില്ല. ഇത് അപൂർവങ്ങളിൽ അപൂർവമായ ഒന്നാണ്… ഒഡീഷയിലെ വനങ്ങളിൽ നിന്നുള്ള ഒരു സമ്പൂർണ്ണ സ്യൂഡോ-മെലാനിസ്റ്റിക് കടുവ കുടുംബം,” എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്. വിഡിയോയിൽ നാല് കടുവകളെ കാണാം.

Read also: ‘വാഴത്തണ്ടിൽ നിന്നും ലെതർ ബാഗുകൾ’; ഭൂമിക്ക് താങ്ങായി യുവസംരംഭക!

വന്യജീവികളുടെ ജനസംഖ്യയും പെരുമാറ്റവും നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന ഉപകരണമായ ക്യാമറ ട്രാപ്പിലൂടെയാണ് ഈ അപൂർവ രംഗം പകർത്തിയത്. ക്യാമറ ട്രാപ്പ് എന്നത് ഇൻഫ്രാറെഡ് സെൻസറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു ഡിജിറ്റൽ ക്യാമറയാണ്. ഇതിന്റെ സഹായത്തോടെ മൃഗങ്ങളെപ്പോലെ ചലിക്കുന്ന വസ്തുക്കളെ കാണാൻ കഴിയും. വന്യജീവികളെക്കുറിച്ചും അവയുടെ ആവാസ വ്യവസ്ഥകളെക്കുറിച്ചും, അവയുടെ ജനസംഖ്യാ വലുപ്പം, ജീവിവർഗങ്ങൾ എങ്ങനെ ഇടപഴകുന്നു എന്നിവയെക്കുറിച്ചുമുള്ള നിർണായക വിവരങ്ങൾ ശേഖരിക്കാനാണ് ഇതുപയോഗിക്കുന്നത്.

അപൂർവമായ ഈ രംഗം കണ്ട സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ആകെ ആവേശത്തിലാണ്. ഇന്ന് കാലത്ത് പങ്കുവെച്ച വിഡിയോയ്ക്ക് താഴെ നിരവധി പേരാണ് തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയിൽ ആകെ 10 കറുത്ത കടുവകളാണ് ഉള്ളത്. ഇവയെല്ലാം ഒഡീഷയിലെ സിമിലിപാലിൽ മാത്രമാണ് കാണപ്പെടുന്നത്. സിമിലിപാൽ ടൈഗർ റിസർവിൽ 16 കടുവകളുണ്ട്. അതിൽ 10 പേരാണ് ഈ സവിഷേതയുള്ളവർ.

Story highlights: Rare Black Tigers spotted in Odisha Forest