ഭീമൻ ജലാശയത്തിന് നടുവിൽ വിചിത്രമായ വഴി; കൗതുകമായി സൈക്കിൾ സഫാരി!

January 16, 2024

കണ്ണുകൾക്ക് അതിശയം പകരുന്ന അനേകം കാഴ്ചകൾ സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ വിരൽ തുമ്പുകളിൽ എത്താറുണ്ട്. ആശ്ചര്യത്തോടെ നമ്മൾ അവയിൽ പലതും നോക്കി നില്ക്കാറുമുണ്ട്. അത്തരത്തിലുള്ള ഒരു വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വീണ്ടും വൈറലാകുന്നത്. ഒരിക്കൽ കാണുന്നവർ തീർച്ചയായും വീണ്ടും കണ്ടുപോകുന്ന തരത്തിൽ മനോഹരമാണ് ആ കാഴ്ച. (Viral video of bicycle safari amid huge water body)

ബെൽജിയത്തിൽ നിന്നും പങ്കുവെച്ച വിഡിയോയാണ് വീണ്ടും തരംഗമാകുന്നത്. ഒരു ഭീമൻ ജലാശയത്തിനിടയിലൂടെ ഒരാൾ സൈക്ലിംഗ് നടത്തുന്നതാണ് വിഡിയോ. ബെൽജിയത്തിലുള്ള വിജേഴ്സ് പ്രകൃതി സംരക്ഷണ കേന്ദ്രത്തിലെ ജലാശയമാണ് വിഡിയോയിലുള്ളത്.

സ്മാർട്ട് സിറ്റികളിലെല്ലാം സൈക്ലിംഗ് സഫാരിക്കായി പ്രത്യേകം പാതകളുണ്ട്. അത്തരമൊരു വഴിയിലൂടെയാണ് സൈക്കിൾ യാത്രക്കാരൻ ഓടിച്ചു നീങ്ങുന്നത്. എന്നാൽ ആ യാത്രയ്ക്ക് ഇന്റർനെറ്റ് ഉപഭോക്താക്കൾ വിചിത്രമായ ഒരു പേര് നൽകി. ‘സൈക്ലിംഗ് ത്രൂ വാട്ടർ’ എന്നാണ് ആളുകൾ ഇതിനെ വിളിച്ചത്. കാരണം സിംപിളാണ്, വെള്ളത്തിന് നടുവിലൂടെ സൈക്കിൾ സവാരി നടത്തുന്നതുകൊണ്ട് തന്നെ.

Read also: ‘ജന്മനാ കാഴ്ചയില്ല, സൈക്കിൾ ഓടിക്കണമെന്ന് മോഹം’; സ്വപ്നങ്ങളുടെ ലോകം ഇനി ആകാശിന്‌ അന്യമല്ല!

ആദ്യം X-ൽ പങ്കുവെച്ച വിഡിയോ ഇപ്പോൾ ലിങ്ക്ഡിനിലും വ്യാപകമായി പ്രചരിക്കുകയാണ്‌. ജലാശയത്തിന് നടുവിൽ പണിതുയർത്തിയത് പോലെയുള്ളൊരു വഴി. വഴിയുടെ ഇരുവശങ്ങളിലുമായി ചുറ്റുമതിലുണ്ട്. വിഡിയോ കാണുമ്പോൾ വെള്ളത്തിലൂടെയാണോ സൈക്കിൾ ഓടി നീങ്ങുന്നതെന്ന് തോന്നിപ്പോകും. ഇനി ആകാശത്തിന്റെ പ്രതിഫലനം ജലത്തിൽ പതിക്കുമ്പോൾ ആകാശത്തിലൂടെയാണോ സൈക്കിൾ നീങ്ങുന്നതെന്നും തോന്നിയേക്കാം. സൈക്കിൾ യാത്രക്കാരൻ ഷെയർ ചെയ്തിരിക്കുന്നത് ഡ്രോൺ ഷോട്ടാണ്.

Story highlights: Viral video of bicycle safari amid huge water body