ഒരു മാസം ഫോൺ ഉപയോഗം നിർത്തിയാൽ സമ്മാനം എട്ടര ലക്ഷം രൂപ; പുതിയ ഡിജിറ്റൽ ഡീറ്റോക്സ് ചലഞ്ച്!

January 25, 2024

കടയിൽ പോയി സാധനം വാങ്ങി ബില്ലടക്കുന്നത് മുതൽ കറന്റ് ബില്ല്, വാട്ടർ ബില്ല്, ജോലിയിലെ വിവരങ്ങൾ, പ്രിയപ്പെട്ടവരുടെ നമ്പറുകൾ, മെസേജുകൾ അങ്ങനെ ഒരാളുടെ എല്ലാമെല്ലാമായി മാറിയിരിക്കുന്നു ഇന്ന് ഫോണുകൾ. ഫോണില്ലാതെ ഒരു ദിവസം പോലും മുന്നോട്ട് പോകാൻ കഴിയില്ല എന്നതും കേൾക്കാൻ അത്ര സുഖകരമല്ലാത്ത സത്യം തന്നെ. (Yogurt Company offers 10,000 dollars for Digital Detox )

എന്നാൽ ഫോണൊക്കെ മാറ്റി വെച്ച് എല്ലാ തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് സമാധാനമായി ഇരിക്കണം എന്ന് ആലോചിക്കാറുണ്ടോ? എങ്കിൽ ഏറ്റവും അനുയോജ്യമായ സമയം ഇതാണ്. നൂതനമായ ആശയത്തിലൂടെ ഡിജിറ്റൽ ലോകത്തിൽ നിന്ന് ബ്രേക്ക് എടുക്കാൻ ഒരു അവസരം ഒരുക്കുകയാണ് ഐസ്ലാൻഡിലുള്ള ഒരു യോഗർട്ട് ബ്രാൻഡ്.

സിഗ്ഗിസ് എന്ന യോഗർട്ട് ബ്രാൻഡാണ് ഒരു മാസത്തോളം ഫോൺ ഉപയോഗിക്കാത്തവർക്ക് പതിനായിരം ഡോളർ അഥവാ എട്ടര ലക്ഷം രൂപ പാരിതോഷികമായി നൽകാമെന്ന് അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ ഡിജിറ്റൽ ഡീറ്റോക്സ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ ആശയം മുന്നോട്ട് വെച്ചിരിക്കുന്നത്.

Read also: ‘കരുതൽ എല്ലാവർക്കും’; സെറിബ്രൽ പാൾസി ബാധിതന് മാഗ്നെറ്റിക് ഷർട്ടുമായി വസ്ത്ര നിർമാതാക്കൾ!

ഈ ചലഞ്ചിൽ പങ്കെടുക്കുന്നവർ തങ്ങളുടെ ഫോൺ ഒരു പെട്ടിയിലാക്കി പൂട്ടി വെയ്ക്കണം. തെരഞ്ഞെടുക്കുന്ന പത്ത് പേർക്കാണ് സമ്മാനം. വിജയിക്കുന്നവർക്ക് പതിനായിരം രൂപയ്‌ക്കൊപ്പം ഒരു പഴയ മോഡൽ ഫ്ളിപ് ഫോണും, അടിയന്തര ആവശ്യങ്ങൾക്കായി ഒരു പ്രീപെയ്ഡ് സിം കാർഡും, മൂന്ന് മാസത്തേക്ക് സൗജന്യമായി സിഗ്ഗിസിന്റെ യോഗർട്ടും ലഭിക്കും.

‘ഡ്രൈ ജനുവരി’ പോലെയുള്ള ഒരു ആശയമാണ് തങ്ങൾ കൊണ്ട് വരുന്നതെന്ന് സിഗ്ഗിസ് പറയുന്നു. മദ്യം ഉപേക്ഷിക്കുന്നതിന് പകരം ഇവിടെ വർജ്ജിക്കുന്നത് ഫോണുകളാണ് എന്ന വ്യത്യാസം മാത്രം.

പ്രോഗ്രാമിലേക്കുള്ള അപേക്ഷകൾ ജനുവരി 31 വരെ സ്വീകരിക്കും. നിങ്ങളുടെ ഡിജിറ്റൽ ജീവിതത്തിൽ നിന്ന് ഒരു ഇടവേള എടുക്കാനും തെറ്റില്ലാത്ത തുക പ്രതിഫലം നേടാനും തയ്യാറാണെങ്കിൽ, അപേക്ഷ സമർപ്പിക്കാൻ സിഗ്ഗിയുടെ വെബ്സൈറ്റ് സന്ദർശിക്കാം. ഒരു മാസത്തെ ശ്രദ്ധാപൂർവമായ ജീവിതത്തിനും സമ്മാനത്തുകയ്ക്കുമായി സ്ക്രോളിങ്ങിന് വിരാമമിട്ടാൽ ഒരുപക്ഷെ ആ 10 ഭാഗ്യശാലികളിൽ നിങ്ങൾ ഉൾപ്പെട്ടേക്കാം.

Story highlights: Yogurt Company offers 10,000 dollars for Digital Detox