മകന്റെ നീതിക്കായി പോരാടുന്ന പിതാവ്; പോലീസ് വേഷം ഉപേക്ഷിച്ച് അണിഞ്ഞത് വക്കീൽ കുപ്പായം!

February 1, 2024

മക്കൾക്ക് വേണ്ടി ഏത് അറ്റം വരെയും പോകുന്നവരാണ് മാതാപിതാക്കൾ. കുഞ്ഞുങ്ങളുടെ സന്തോഷങ്ങൾക്കും സങ്കടങ്ങൾക്കും എന്നും കൂട്ടായി നിൽക്കുന്ന മാതാപിതാക്കൾക്ക് ഒരു ചെറിയ ദുഃഖം പോലും അവരുടെ മേൽ നിഴലിക്കുന്നത് സഹിക്കാനാവില്ല. അത് തന്നെയാണ് ഷാങ് ഡിംഗ്‌ജി എന്ന പിതാവും ചെയ്തത്. അധ്യാപികയുടെ പരിഹാസം സഹിക്കാനാവാതെ ജീവിതം അവസാനിപ്പിച്ച തന്റെ മകന്റെ നീതിക്കായി പോലീസുകാരന്റെ വേഷം അഴിച്ച് വെച്ച് അദ്ദേഹം സ്വീകരിച്ചത് വക്കീൽ കുപ്പായം. (Cop becomes Lawyer to win justice for his late son)

ചൈനയിൽ നിന്നുള്ള ഷാങ് ഡിംഗ്‌ജിയും ഭാര്യ വാങ് ബെയ്‌ലിയും കഴിഞ്ഞ രണ്ട് വർഷമായി തങ്ങളുടെ ഏക മകനായ ഷാങ് കുവാൻറെ നീതിക്കുവേണ്ടി പോരാടുകയാണ്. 2021 നവംബർ 9-ന് സ്‌കൂളിന് സമീപമുള്ള 24 നില കെട്ടിടത്തിൽ നിന്ന് ചാടി സ്വന്തം ജീവൻ അവസാനിപ്പിക്കുകയായിരുന്നു ആ 11 വയസുകാരൻ.

തൻ്റെ മരണത്തിന് മാതാപിതാക്കളുമായോ സമൂഹവുമായോ രാജ്യവുമായോ യാതൊരു ബന്ധവുമില്ലെന്ന് കുട്ടി എഴുതിയ മരണക്കുറിപ്പിൽ പറയുന്നു. അക്രമാസക്തമായ നടപടികൾ ഉപയോഗിച്ച സൂവിന് മാത്രമേ ഇതുമായി ബന്ധമുള്ളൂ എന്നും അവൻ എഴുതി.

ഷാങ്ങിൻ്റെ ടീച്ചറായിരുന്നു ‘സൂ’. കുട്ടിയുടെ മരണശേഷം ക്ലാസ്സ് മുറിയിലെ സിസിടിവി പരിശോധിച്ചപ്പോൾ കുട്ടി മരിക്കുന്ന ദിവസം അധ്യാപിക ആവർത്തിച്ച് കുട്ടിയോട് മോശമായി പെരുമാറിയെന്നും വഴക്ക് പറഞ്ഞെന്നും തെളിഞ്ഞു. നുണയൻ എന്ന് വിളിച്ചും നോട്ട്ബുക്കിലെ ഒരു പേപ്പർ കീറിയിരുന്നതിന് അവൻ എത്രമാത്രം ദരിദ്രനാണെന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്തു അധ്യാപിക.

Read also: ഉടമസ്ഥർ ഉപേക്ഷിച്ചു; കാലുകൾ നഷ്ടപ്പെട്ട ഗ്രേസിക്ക് വീൽചെയർ നിർമ്മിച്ച് 12 വയസ്സുകാരൻ!

അധ്യാപികയ്‌ക്കെതിരെ ക്രിമിനൽ കേസെടുക്കാൻ പിതാവ് തെളിവുകൾ ശേഖരിച്ച് അഭിഭാഷകനായി. കുട്ടി മരണപ്പെട്ട് രണ്ട് മാസങ്ങൾക്ക് ശേഷം ജോലിയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട സൂ, 2023 ഓഗസ്റ്റിലെ ആദ്യ വിചാരണയിൽ കുറ്റവിമുക്തയാക്കപ്പെട്ടു. കഴിഞ്ഞ വർഷം നവംബറിൽ ഷാങ് സീനിയർ അധ്യാപികയെ വീണ്ടും കോടതി കയറ്റി. ഇപ്പോൾ വിധിക്കായി കാത്തിരിക്കുകയാണ്.

അഭിഭാഷകനായതിനുശേഷം സമാനമായ സാഹചര്യങ്ങളിൽ കുട്ടികളെ നഷ്ടപ്പെട്ട മറ്റ് മാതാപിതാക്കൾക്ക് ഷാങ് നിയമസഹായം നൽകുകയും സോഷ്യൽ മീഡിയയിൽ പ്രശംസ നേടുകയും ചെയ്യുന്നു. സൈക്കോളജിക്കൽ കൗൺസിലറായ അദ്ദേഹത്തിൻ്റെ ഭാര്യ തന്നെപ്പോലുള്ള നൂറോളം കുടുംബങ്ങൾക്ക് സൗജന്യ സേവനവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

“ഞങ്ങളുടെ മകൻ്റെ മരണശേഷം അവനെപ്പോലെ മറ്റെല്ലാ കുട്ടികളെയും സംരക്ഷിക്കുക എന്നത് ഞങ്ങളുടെ ദൗത്യമായി മാറിയിരിക്കുന്നു,” ദമ്പതികൾ പറയുന്നു.

Story highighlights: Cop becomes Lawyer to win justice for his late son