ചൊൽക്കവിതകളുടെ വിനയചന്ദ്രിക യാത്രയായിട്ട് 11 വർഷങ്ങൾ!

February 11, 2024

മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ച ഡി.വിനയചന്ദ്രൻ, തന്റെ വാക്കിലും, എഴുത്തിലും, ചൊല്ലിലും ആ വ്യത്യസ്തത പുലർത്തി. ചൊൽക്കവിതകളെ ജനകീയമാക്കാൻ വിനയചന്ദ്രനോളം സംഭാവന ചെയ്ത മറ്റൊരാളില്ല. ചുറ്റുമുള്ള പുൽനാമ്പുകളെ പോലും പേർചൊല്ലി വിളിക്കാൻ ഇഷ്ടപ്പെട്ട കവി, മലയാളത്തിന് ബാക്കി വെച്ചത് എത്ര ചൊല്ലിയാലും പുതുമ ചോരാത്ത ഒരുപിടി കാവ്യശില്പങ്ങളാണ്. പാടിയും പറഞ്ഞും നിറഞ്ഞു നിന്ന ആ ശബ്ദം നിലച്ചിട്ട് ഇന്നേക്ക് പതിനൊന്ന് വർഷങ്ങൾ. (Remembering D.Vinayachandran on his Death Anniversary)

1946 മെയ് 16 ന്‌ കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയിലാണ് വിനയചന്ദ്രൻ ജനിച്ചത്. അമ്മ പഠിപ്പിച്ച രാമായണ കഥകൾ കാവ്യലോകത്തേക്കുള്ള ഊർജ്ജമായി മാറി. ഭൗതികശാസ്ത്രത്തിൽ ബിരുദവും മലയാള സാഹിത്യത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം വിവിധ സർക്കാർ കലാലയങ്ങളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. ജോലിയിൽ നിന്ന് വിരമിച്ച അദ്ദേഹം പിന്നീട് മുഴുവൻ സമയവും സാഹിത്യ പ്രവർത്തനത്തിന് ചെലവഴിച്ചു.

ജീവിതത്തിലെ തുടക്കകാലത്ത് ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ച വിനയചന്ദ്രന് കവിത വീട്ടിലേക്കുള്ള വഴിയായിരുന്നു. കവിതയെഴുതാൻ അദ്ദേഹം ശ്രദ്ധാപൂർവം പരിശ്രമിച്ചിട്ടില്ല. എന്നാൽ തന്റെ ഉള്ളിലുള്ളതെല്ലാം കവിതയാണെന്ന് മനസ്സ് മന്ത്രിച്ചിരുന്നു.

Read also: നൂറു ഗ്രാമങ്ങളുടെ ജലക്ഷാമം അവസാനിപ്പിച്ച വനിത- രാജസ്ഥാന്റെ ജലമാതാവ് അംല റൂയ

വ്യത്യസ്തമായ ജീവിതരീതികൾ മനസിലാക്കാൻ അദ്ദേഹം എന്നും ശ്രമിച്ചിരുന്നു. വിവിധ ജനവിഭാഗങ്ങളുടെ വേദനകൾ, സ്വപ്‌നങ്ങൾ, സന്തോഷങ്ങൾ, പോരാട്ടങ്ങൾ ഇവയെല്ലാം വിനയചന്ദ്രന്റെ കവിതകളിൽ പ്രതിഫലിച്ചിരുന്നു. വീട്ടിലേക്കുള്ള വഴി, ദിശാസൂചി, സമസ്തകേരളം പി.ഓ, സമയമാനസം, കായിക്കരയിലെ കടൽ, നരകം ഒരു പ്രേമകഥയെഴുതുന്നു തുടങ്ങിയ കൃതികളെല്ലാം അതിന് ഉദാഹരണങ്ങളാണ്.

2013 ഫെബ്രുവരി 11-നാണ് ശ്വാസകോശ സംബന്ധ രോഗത്തെത്തുടർന്ന് കാവ്യ ലോകത്തോട് വിനയചന്ദ്രിക വിടപറഞ്ഞത്. വാമൊഴിയും വരമൊഴിയും കവിതയിൽ ഒരുപോലെ വരച്ചിട്ട കവിയുടെ വിയോഗം മലയാള സാഹിത്യ ലോകത്തിന് എന്നെന്നും നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചത്.

Story highlights: Remembering D.Vinayachandran on his Death Anniversary