“ഇതിന്റെ അർത്ഥം മനസ്സിലാകാത്ത ഒരാൾ ആണ് നിങ്ങൾ എങ്കിൽ ഈ പേജ് നിങ്ങൾക്ക് ഉള്ളതല്ല”; ആക്ഷേപങ്ങൾക്ക് സയനോരയുടെ മറുപടി!

February 6, 2024

മലയാള പിന്നണി ഗായക രംഗത്ത് ഏറെ വ്യത്യസ്തമായ ശബ്ദവമായി കടന്നു വന്ന ഗായികയാണ് സയനോര ഫിലിപ്. ഒന്നിന് പുറകെ ഒന്നായി സയനോരയുടെ ഗാനങ്ങൾ ഹിറ്റ് ആകുമ്പോഴും ആളുകൾ പുകഴ്ത്തിയത് പ്രത്യേകതകൾ ഏറെയുള്ള ശബ്ദത്തെ തന്നെ. സോഷ്യൽ മീഡിയയിലും സജീവമായ താരം വാർത്തകളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ കമെന്റിലൂടെ തന്നെ ആക്ഷേപിക്കുന്നവർക്ക് മറുപടിയുമായി വന്നിരിക്കുകയാണ് സയനോര. (Sayanora Philip’s response to hate comments)  

പുത്തൻ ലുക്കിലുള്ള വേറിട്ട ചിത്രങ്ങൾ സയനോര സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെയാണ് ആക്ഷേപ പെരുമഴയ്ക്ക് തുടക്കമായത്. പലപ്പോഴായി ബോഡി ഷെയിമിങ്ങ് നേരിട്ടിട്ടുള്ള സയനോര ഇത്തവണ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചിരിക്കുന്നത്. കമെന്റുകൾക്കുള്ള മറുപടി ഫേസ്ബുക് കമന്റ്റ് ബോക്സിലൂടെ തന്നെയാണ് സയനോര പറഞ്ഞിരിക്കുന്നത്.

സയനോരയുടെ കുറിപ്പിങ്ങനെ:

“ഈ പേജിൽ വന്നു സദാചാരം വിളമ്പുന്ന ആളുകളോട് ഒരു ചെറിയ അഭ്യർത്ഥന. എന്റെ ജീവിതം,എന്റെ വഴി , എന്റെ ശരീരം ! ഇവിടുന്നു ഒന്ന് ഒഴിഞ്ഞു തന്നാൽ വളരെ ഏറെ നന്ദി ഉണ്ടായിരിക്കും. എന്നെ ഇത്രയും ആളുകൾ ഫോളോ ചെയ്യണം എന്ന യാതൊരു മുൻവിധിയും എനിക്ക് ഇല്ല. കറുത്ത കാലുകൾ ആണെങ്കിലും അത് എന്റെ കാലുകൾ ആണ്.! ഞാൻ ഇതിൽ അഭിമാനം കൊള്ളുന്നു. ഇനിയും കാണിക്കുന്നത് ആയിരിക്കും.!! നിങ്ങൾ എന്ത് എന്നെ കുറിച്ച് വിചാരിച്ചാലും ഒരു ചുക്കും ഇല്ല. ആരെയും നിർബന്ധിച്ച് ഇവിടെ പിടിച്ചു നിർത്തിയിട്ടില്ല . Live and let live ! ഇതിന്റെ അർത്ഥം മനസ്സിലാകാത്ത ഒരാൾ ആണ് നിങ്ങൾ എങ്കിൽ ഈ പേജ് നിങ്ങൾക്ക് ഉള്ളതല്ല.”

Read also: ‘നമ്മ​ൾ ഒരുമിച്ചുള്ള 1461 ദിവസങ്ങൾ’; രജിഷ വിജയനുമായുള്ള ബന്ധത്തെ കുറിച്ച് ടോബിൻ തോമസ്

ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ നിറത്തിന്റെയും വസ്ത്രധാരണത്തിന്റെയും പേരിൽ കണക്കില്ലാത്ത വിമർശനങ്ങളും പരിഹാസങ്ങളും കേൾക്കേണ്ടി വന്ന ആളാണ് സയനോര. എന്നാൽ തനിക്കായി ശബ്ദം ഉയർത്താൻ താരം ഒരിക്കലും മടിച്ചിട്ടുമില്ല. കാലം ഇത്ര കടന്നിട്ടും, മലയാളികൾ ദേശമാകെ സഞ്ചരിച്ചിട്ടും ഇത്തരം വിമർശനങ്ങൾക്ക് ഇന്നും അറുതി വന്നിട്ടില്ല എന്നതാണ് ഏറെ സങ്കടകരം. അതേസമയം, പ്രതികരണക്കുറിപ്പ് ചർച്ചയായതോടെ താരത്തിന് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

Story highlights: Sayanora Philip’s response to hate comments