‘കണ്ണായി ഞാനുണ്ട് കണ്മണി’; സ്ക്വിഡിന് വഴികാട്ടിയായി ഇനിയെന്നും പെൻഗ്വിൻ!

February 14, 2024

‘ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട’ എന്ന് കേട്ടിട്ടില്ലേ? ഒരൽപം പരിഷ്‍കരിച്ച് നമുക്ക് ചങ്ങാതി നന്നായാൽ ‘കണ്ണുകൾ’ വേണ്ട എന്ന് വേണമെങ്കിലും പറയാം. കാരണം, കാഴ്ച നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന സുഹൃത്തിന് വഴികാട്ടിയായി മാറി ഉറ്റചങ്ങാതി. എന്നാൽ ഈ സുഹൃത്തുക്കൾ മനുഷ്യരാണെന്ന് തെറ്റിദ്ധരിക്കണ്ട. പെൻഗ്വിൻ, സ്ക്വിഡ് എന്ന് പേരുള്ള രണ്ട് പെൻഗ്വിനുകളാണ് ഈ കഥയിലെ താരങ്ങൾ. (The exceptional friendship between two Penguins)

സറേയിലെ ഫാൺഹാമിലെ ബേഡ് വേൾഡിലുള്ള ആഫ്രിക്കൻ പെൻഗ്വിനായ സ്ക്വിഡിന് കുഞ്ഞിലേ തന്നെ തിമിരം ബാധിച്ചു. ഭക്ഷണം കഴിക്കുന്നതും സ്വന്തം കാര്യങ്ങൾ നോക്കുന്നതും എല്ലാം അവൾക്ക് വലിയ ബുദ്ധിമുട്ടായി വന്നു. സ്ക്വിഡിന്റെ സുഹൃത്ത് പെൻഗ്വിന്റെ കഥയും വ്യത്യസ്തമല്ല.

പെൻഗ്വിൻ ജനനം മുതൽ രോഗബാധിതനായിരുന്നു. അവന് അധികം നാൾ ആയുസ്സുണ്ടാകുമെന്ന് ആരും കരുതിയില്ല. അതുകൊണ്ട് തന്നെ അവന് ആരും ഒരു പേരിടുക പോലും ചെയ്തില്ല. രോഗം ഭേദമാകുന്നത് വരെ അവൻ മറ്റ് പെൻഗ്വിനുകളുമായി കൂട്ട് കൂടുകയോ സൗഹൃദം സ്ഥാപിക്കുകയോ ചെയ്തില്ല.

മറ്റുവരുടെ സഹായത്തോടെ മാത്രം വളർന്ന പെൻഗ്വിൻ യഥാർത്ഥത്തിൽ ഒരു പെൻഗ്വിൻ എങ്ങനെയാണെന്ന് പഠിച്ചെടുക്കുകയായിരുന്നു. മറ്റുള്ളവരുമായി പൊരുത്തപ്പെടാൻ അവന് വലിയ ബുദ്ധിമുട്ടായിരുന്നു. ഒടുവിലാണ്, അവൻ സ്ക്വിഡുമായി ചങ്ങാത്തത്തിലാകുന്നത്. അന്നുമുതൽ ഇരുവരും പരസ്പരം സഹായിക്കുന്നു.

Read also: ഉടമസ്ഥർ ഉപേക്ഷിച്ചു; കാലുകൾ നഷ്ടപ്പെട്ട ഗ്രേസിക്ക് വീൽചെയർ നിർമ്മിച്ച് 12 വയസ്സുകാരൻ!

സ്ക്വിഡിന്റെ വഴികാട്ടിയും പ്രിയ സുഹൃത്തുമായി മാറിയ പെൻഗ്വിൻ ഇന്ന് അവൾക് എല്ലാമെല്ലാമാണ്. കാഴ്ച നഷ്ടപ്പെടുന്നതിനാൽ പലപ്പോഴും സ്ക്വിഡ് ആശയക്കുഴപ്പത്തിലാണ്. ആദ്യം ഭക്ഷണം കഴിക്കുന്ന സമയം അവൾ പെൻഗ്വിനെ പിന്തുടരാൻ പഠിച്ചു. പിന്നീട് അവളെ ചുറ്റും നയിക്കാനും വഴിതെറ്റുമ്പോൾ സഹായിക്കാനുമെല്ലാം ഒപ്പമുള്ളത് പെൻഗ്വിനാണ്.

രണ്ട് പെൻഗ്വിനുകളുടെയും സൗഹൃദം ബേഡ് വേൾഡിലെ ജീവനക്കാരെ വിസ്മയിപ്പിക്കുന്നു. പെൻഗ്വിന്റെ ശാന്തതയാണ് ഇപ്പോൾ സ്ക്വിഡിന്റെ വഴികാട്ടി. താൻ പോലുമറിയാതെ പെൻഗ്വിൻ സ്ക്വിഡിന്റെ കണ്ണുകളായി മാറുകയായിരുന്നു.

ഇരുവരും ഇപ്പോഴും കുഞ്ഞൻ പെൻഗ്വിനുകൾ തന്നെയാണ്. ഭാവിയിൽ അവർ ഇണകളായി മാറുമോ എന്ന് ജീവനക്കാർക്ക് ഉറപ്പില്ലെങ്കിലും അവർ ഏറ്റവും അടുത്ത സുഹൃത്തുക്കളാണെന്നതിൽ ആർക്കും ലേശം പോലും സംശയമില്ല. പെൻഗ്വിനും സ്ക്വിഡിനും ഇടയിലുള്ള ഈ സൗഹൃദം മൃഗങ്ങളുടെ ലോകത്തിൽ പോലും ഉടലെടുക്കുന്ന അഗാധമായ ബന്ധങ്ങളുടെ തെളിവാണ്. കാരണം, സ്നേഹം, അത് എവിടെയായാലും ഏറെ മനോഹരമാണ്.

Story highlights: The exceptional friendship between two Penguins