‘ഇനി ഞങ്ങൾ ഒന്നിച്ച്’; വർഷങ്ങൾക്ക് മുൻപ് വേർപിരിഞ്ഞ നായയെ അവിചാരിതമായി കണ്ടുമുട്ടി യുവതി!

February 9, 2024

വർഷങ്ങൾക്ക് മുൻപ് വേർപിരിഞ്ഞ് പോയ സഹോദരങ്ങൾ കണ്ടുമുട്ടുന്നതും, മക്കളെ മാതാപിതാക്കൾ കണ്ടെത്തുന്നതും, മാതാപിതാക്കളെ തേടി മക്കളെത്തുന്നതും പോലെയുള്ള സംഭവങ്ങൾ നമ്മൾ നിരവധി കണ്ടിട്ടുണ്ട്. എന്നാൽ വർഷങ്ങൾക്ക് മുമ്പ് ഉപേക്ഷിക്കേണ്ടി വന്ന നായക്കുട്ടി അവിചാരിതമായി ഒരു പെൺകുട്ടിയുടെ കൈയിലെത്തിയ കഥയാണിത്. (Woman adopts senior dog without realizing it was her childhood pet)

കുട്ടിയായിരിക്കുമ്പോൾ നിക്കോളിന് ലാളിക്കാനും ഒപ്പം കളിക്കാനും ഒരു നായക്കുട്ടി വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഒടുവിൽ അവൾക്ക് പത്ത് വയസ്സ് തികഞ്ഞപ്പോൾ അമ്മയും മുത്തശ്ശിയും ചേർന്ന് ക്ലോയി എന്ന് പേരുള്ള നായക്കുട്ടിയെ നൽകി അവളെ സർപ്രൈസ് ചെയ്തു. ആശിച്ചപോലെ നായക്കുട്ടിയെ കിട്ടിയ നിക്കോൾ ഏറെ സന്തോഷവതിയായി.

എന്നാൽ ആ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല. നാല് വർഷം നീണ്ടുനിന്ന സൗഹൃദത്തിനൊടുവിൽ നിക്കോളിന് ക്ലോയിയോട് യാത്ര പറയേണ്ടി വന്നു. പലപ്പോഴും നിർത്താതെ കുരയ്ക്കുന്ന പ്രവണത ക്ലോയിക്ക് ഉണ്ടായിരുന്നു. നിക്കോളിന്റെ അച്ഛൻ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ തുടങ്ങിയതോടെ ഇതൊരു ബുദ്ധിമുട്ടായി മാറി.

മനസ്സിൽ ഏറെ വേദനയുണ്ടായിരുന്നുന്നെങ്കിലും ക്ലോയിക്ക് പുതിയൊരു വീട് കണ്ടെത്താൻ വീട്ടുകാർ തീരുമാനിച്ചു. അങ്ങനെ, നാളുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ അവർ ക്ലോയിയെ ഒരു പ്രാദേശിക അഭയകേന്ദ്രത്തിൽ ഏൽപ്പിച്ചു.

വർഷങ്ങൾ കടന്നു പോയി. നിക്കോൾ വളർന്നു, വിവാഹിതയായി, സ്വന്തമായി ഒരു മകളുമുണ്ടായി. തന്റെ അരുമയായ നായ്ക്കുട്ടി എവിടെയാണെന്നോ എന്ത് പറ്റിയെന്നോ നിക്കോളിന് ഇപ്പോൾ അറിയാമായിരുന്നില്ല. പക്ഷെ അവളെക്കുറിച്ച് അവൾ ഇപ്പോഴും ഓർക്കുമായിരുന്നു. അപ്പോഴാണ് ഒരു നായയെ ദത്തെടുക്കണമെന്ന് അവൾ തീരുമാനിക്കുന്നത്. തന്റെ മകളും താൻ വളർന്ന പോലെ സ്നേഹവും കരുതലും എല്ലാം അറിഞ്ഞ് വളരണമെന്ന് അവൾ ആഗ്രഹിച്ചു.

നിമിത്തമെന്ന പോലെ ഒരു ഫേസ്ബുക്ക് പോസ്റ്റ് അവളുടെ കണ്ണിലുടക്കി. തങ്ങളുടെ വീട്ടിലെ മുതിർന്ന നായയെ ദത്തെടുക്കാൻ ആളുകളെ തിരയുന്ന ഒരു പോസ്റ്റായിരുന്നു അത്. നായയെ കണ്ടതും നിക്കോളിന്റെ മനസിലേക്ക് വന്നത് ക്ലോയി ആണ്. കാണാൻ മാത്രമല്ല, ആ നായയുടെ പേരും ക്ലോയി എന്ന് തന്നെയായിരുന്നു. ഒടുവിൽ നിക്കോൾ ആ നായയെ ദത്തെടുത്ത് വീട്ടിലേക്ക് കൊണ്ടുവന്നു.

Read also: ഉടമസ്ഥർ ഉപേക്ഷിച്ചു; കാലുകൾ നഷ്ടപ്പെട്ട ഗ്രേസിക്ക് വീൽചെയർ നിർമ്മിച്ച് 12 വയസ്സുകാരൻ!

നിക്കോളിനെ കണ്ടതും അവൾ അടുത്തേക്ക് ഓടിവന്ന് മുഖം നക്കാനും, അവളോട് പറ്റി നിൽക്കാനും തുടങ്ങി. നായയുടെ ഭാവവും പെരുമാറ്റവും എല്ലാം ക്ലോയിയെ പോലെ തന്നെയെന്ന് വീണ്ടും വീണ്ടും നിക്കോളിന് തോന്നി. മറ്റുള്ളവരോട് ഇത് ക്ലോയി തന്നെയെന്ന് പറഞ്ഞപ്പോൾ എല്ലാവരും അവർക്ക് ഭ്രാന്താണെന്ന് പറഞ്ഞു.

എന്നാൽ നിക്കോൾ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. നിക്കോളിന്റെ അമ്മ വർഷങ്ങൾക്ക് മുമ്പ് ക്ലോയിയെ മൈക്രോചിപ്പ് ചെയ്ത മൃഗഡോക്ടറുടെ ഓഫീസ് സന്ദർശിച്ചു. സീരിയൽ നമ്പറുകൾ കൃത്യമായി പൊരുത്തപ്പെട്ടതോടെ അത് ക്ലോയി തന്നെയെന്ന് തെളിഞ്ഞു.

ക്ലോയിയെ തിരിച്ച് കിട്ടിയ നിക്കോളിന് എന്തെന്നില്ലാത്ത സന്തോഷവും സമാധാനവുമായിരുന്നു. ഇന്ന് നിക്കോളിന്റെ മക്കളും ക്ലോയിയും വലിയ സുഹൃത്തുക്കളാണ്. മാത്രമല്ല, ഇനിയുള്ള കാലം ക്ലോയി തനിക്കൊപ്പമുണ്ടാകും എന്ന ഉറപ്പും ഇപ്പോൾ നിക്കോളിനുണ്ട്.

Story highlights: Woman adopts senior dog without realizing it was her childhood pet