‘അമ്മയുടെ ദാതാവായി, ഒന്നല്ല, രണ്ടുവട്ടം’; അക്ഷരാർത്ഥത്തിൽ അമ്മയുടെ ജീവന്റെ പാതിയായി മാറിയ മകൾ!
2018-ൽ ജൂലിയ ഹാർലിൻ എന്ന 71-കാരിയുടെ കരൾ തകരാറിലായി. കരൾ മാറ്റിവെയ്ക്കൽ മാത്രമായിരുന്നു മുന്നിലുണ്ടായിരുന്ന ഏക പോംവഴി. വിവരമറിഞ്ഞതോടെ തൻ്റെ അഞ്ച് മക്കളെയും അരികെ വിളിച്ച് ആരും തന്നെ തൻ്റെ ദാതാവാകാൻ ആഗ്രഹിക്കുന്നില്ലെന്ന് ജൂലിയ ഹാർലിൻ പറഞ്ഞു. കാരണം, തന്നെക്കുറിച്ച് ആകുലപ്പെടുന്നതിലും ഉപരിയായി ഒരുപക്ഷെ അവർ മക്കളെ ചൊല്ലി വേദനിക്കും. (Daughter Who Saved Mom’s Life Twice)
അമ്മ ഇതൊക്കെ പറഞ്ഞെങ്കിലും ജൂലിയ ഹാർലിൻ്റെ മകൾ എലീൻ ഹാർലിനും അവളുടെ രണ്ട് സഹോദരങ്ങളും ദാതാക്കളാകാൻ അപേക്ഷിച്ചു. ശാസ്ത്രക്രിയയ്ക്കുള്ള വെയ്റ്റിങ്ങ് ടൈം കുറയ്ക്കുകയായിരുന്നു അവരുടെ ഉദ്ദേശം. അവരിൽ എലീൻ മാത്രമാണ് അമ്മയുമായി മാച്ചായത്. മാതൃദിനത്തിൽ തന്നെ എലീൻ ഈ വാർത്ത അമ്മയെ അറിയിച്ചു.
നാല് മാസങ്ങളോളമാണ് എലീൻ ടെസ്റ്റുകളുടെയും മറ്റും പിന്നാലെ പാഞ്ഞത്. നീണ്ട പരിശോധനകൾക്കൊടുവിൽ ആ സന്തോഷ വാർത്തയുമായി എലീൻ അമ്മയുടെ അടുത്തെത്തി. അമ്മയ്ക്ക് ഇഷ്ടമല്ല എന്നറിഞ്ഞിട്ടും അതിന് പിന്നാലെയായിരുന്നു താൻ ഇത്രയും കാലമെന്നും അമ്മയ്ക്ക് കരൾ ദാനം ചെയ്യുന്നത് താനാണെന്നും എലീൻ ജൂലിയയെ അറിയിച്ചു. വാർത്ത കേട്ടതും ജൂലിയ പൊട്ടിക്കരയാൻ തുടങ്ങി.
2022 ഓഗസ്റ്റിൽ ബാൾട്ടിമോറിലെ യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് മെഡിക്കൽ സെൻ്ററിൽ ജൂലിയയുടെ ട്രാൻസ്പ്ലാൻറ് ശസ്ത്രക്രിയ വിജയകരമായി നടത്തി. എന്നാൽ ആ സന്തോഷം അധിക കാലം നീണ്ടു നിന്നില്ല.
Read also: കാഴ്ചാ പരിമിതികളുള്ള മകൾക്ക് വേണ്ടി വായിച്ചത് 4 വർഷങ്ങൾ; പിന്നാലെയെത്തിയത് ഓണററി ബിരുദം!
നിർഭാഗ്യവശാൽ, ശസ്ത്രക്രിയ കഴിഞ്ഞ് അധികം താമസിയാതെ, ജൂലിയ ഹാർലിൻ്റെ വൃക്കകളും ഹെപ്പറ്റോറനൽ സിൻഡ്രോം എന്ന ഒരു അവസ്ഥയുടെ ഫലമായി പരാജയപ്പെടാൻ തുടങ്ങി. കരൾ രോഗം മൂർച്ഛിച്ചവരിൽ കാണപ്പെടുന്ന ഒരവസ്ഥയാണിത്. വൃക്ക മാറ്റിവെക്കുകയായിരുന്നു ഇതിനും ഏക പരിഹാരം.
കഴിച്ചുകൂട്ടിയ വേദനയിലൂടെ വീണ്ടും കടന്നുപോകണം എന്ന ചിന്ത ജൂലിയയെ വല്ലാതെ അലട്ടി.
എലീൻ വീണ്ടും പരിശോധനയ്ക്ക് വിധേയയായി. അവളുടെ വൃക്കകൾ അമ്മയുമായി വീണ്ടും ചേർച്ച കാണിച്ചതോടെ 2023 ഡിസംബറിൽ അതേ ആശുപത്രിയിൽ വെച്ച് തന്നെ ശസ്ത്രക്രിയ നടത്തി. വളരെ വിരളമായാണ് ഇത്തരം ശസ്ത്രക്രിയകൾ നടക്കാറ് എന്നതും പ്രധാനം.
യൂനിവേഴ്‌സിറ്റി ഓഫ് മേരിലാൻഡ് മെഡിക്കൽ സെൻ്ററിൽ ആദ്യമായിട്ടായിരുന്നു ഇരട്ട ശസ്ത്രക്രിയകൾ നടക്കുന്നത്. ഡ്യുവൽ ലിവിംഗ്-ഡോണർ ട്രാൻസ്പ്ലാൻറുകൾ അവിശ്വസനീയമാംവിധം അപൂർവമാണ്, രണ്ട് വ്യത്യസ്ത ശസ്ത്രക്രിയകളിലൂടെ മറ്റൊരാൾക്ക് വൃക്കയും കരളിൻ്റെ ഭാഗവും ദാനം ചെയ്യുന്ന യുണൈറ്റഡ് സ്റ്റേറ്റ്സിലെ 14-ാമത്തെ വ്യക്തി കൂടിയാണ് എലീൻ ഹാർലിൻ.
Story highlights: Daughter Who Saved Mom’s Life Twice