കൂലിപ്പണിക്കാരനിൽ നിന്നും ഡിഎസ്പി പദവിയിലേക്ക്; ഇത് സന്തോഷ് പട്ടേൽ പൊരുതി നേടിയ വിജയം!
തീവ്രമായ ആഗ്രഹങ്ങൾ നേടിയെടുക്കാൻ ജീവിതത്തിലെ പ്രതിസന്ധികളോ ഇരുൾ മൂടിയ അവസ്ഥകളോ തടസ്സമാകില്ലെന്ന് തെളിയിച്ച നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. നമ്മുടെ രാജ്യത്തിൽ മാത്രം അത്തരം മാതൃകകൾ നിരവധിയുണ്ട്. ജീവിതത്തിലെ കടുത്ത കഷ്ടപ്പാടുകളെ മറികടന്ന് ഉയരങ്ങളിൽ സ്ഥാനം നേടിയ സന്തോഷ് പട്ടേൽ എന്ന യുവാവും അക്കൂട്ടരിൽ പ്രധാനിയാണ്. (DSP Santhosh Patel’s success story)
മധ്യപ്രദേശിലെ പന്ന സ്വദേശിയായ സന്തോഷിന് ജീവിതസാഹചര്യങ്ങൾ കാരണം പാതിവഴിയിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു. വീട്ടിലെ ദാരിദ്ര്യം മൂലം കൂലിപ്പണിക്കും, ഇഷ്ടിക പണിക്കും, കിണർ കുഴിക്കാനുമെല്ലാം അയാൾ പോയി തുടങ്ങി. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം സർക്കാർ കോളേജിൽ എഞ്ചിനീയറിംഗ് പഠനത്തിന് ചേർന്നെങ്കിലും കൂടുതൽ പണം സമ്പാദിക്കണമെന്ന ആഗ്രഹത്താൽ അദ്ദേഹം പഠനം വീണ്ടും പാതിവഴിയിൽ ഉപേക്ഷിച്ചു.
എന്നാൽ ആഗ്രഹങ്ങൾക്ക് മറ്റെന്തിനേക്കാളും മുകളിലാണ് സ്ഥാനം. അതുകൊണ്ട് തന്നെ, മുടങ്ങിയ പഠനം പുനരാരംഭിച്ച സന്തോഷ് പിന്നീട് കയറിയത് നേട്ടത്തിന്റെ കൊടുമുടിയിലാണ്. അതും ആർക്കും ചിന്തിക്കാൻ കഴിയാത്തത്ര വേഗത്തിൽ സന്തോഷ് പാസായത് MPPSC പരീക്ഷയാണ്.
Read also: കാഴ്ചാ പരിമിതികളുള്ള മകൾക്ക് വേണ്ടി വായിച്ചത് 4 വർഷങ്ങൾ; പിന്നാലെയെത്തിയത് ഓണററി ബിരുദം!
15 മാസത്തെ തയ്യാറെടുപ്പുകൾക്കൊടുവിൽ എംപിപിസിഎസ് പരീക്ഷ പാസായ ഡിഎസ്പി സന്തോഷ് പട്ടേലിൻ്റെ കഥ സോഷ്യൽ മീഡിയയിലെങ്ങും ആളുകളെ ആവേശഭരിതരാക്കി. 2015 ഓഗസ്റ്റ് 3 ന് പഠിക്കാൻ തുടങ്ങിയ അദ്ദേഹം 2016 ഒക്ടോബർ 1-ന് ഡിഎസ്പിയുടെ ഫൈനലിലെത്തി. ആ 15 മാസങ്ങൾ എങ്ങനെ കടന്നുപോയി എന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു.
സന്തോഷ് ഒരിക്കലും കോച്ചിംഗിന് പോയിട്ടില്ല, മറിച്ച് സ്വയം പഠിക്കുകയായിരുന്നു. കോച്ചിംഗ് ഇന്ന് ഒരു ബിസിനസ് ആയി മാറിയെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ, പുസ്തകത്തിൽ നിന്ന് സ്വയം വായിച്ച് പഠിക്കുന്നതാണ് മികച്ചത് എന്നാണ് സന്തോഷ് പറയുന്നത്. 2018-ൽ ഡിഎസ്പിയായി അദ്ദേഹം ഗ്വാളിയറിൽ പോസ്റ്റിംഗും നേടി.
ദാരിദ്ര്യത്തെ തോൽപ്പിച്ച് സിവിൽ സർവീസ് എന്ന സ്വപ്നത്തിലേക്ക് എത്താൻ ഇന്ന് അനേകം യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നയാളാണ് സന്തോഷ്.
Story highlights: DSP Santhosh Patel’s success story