‘വയോധികർക്ക് പുസ്തകം വായിച്ച് കൊടുക്കുന്ന അഞ്ചു വയസുകാരൻ’; ലോകത്തിന് ഹാരി നൽകുന്ന സ്നേഹ സന്ദേശം!

March 13, 2024

വായന ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഒരു പുസ്തകം സ്വയം വായിച്ച് കാണാത്ത ലോകത്തേക്ക് സഞ്ചരിക്കുന്നതിനപ്പുറം നമ്മുടെ വായന മറ്റൊരാൾക്ക് ആശ്വാസമാകുന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ? ഈ ഇഷ്ടം തന്നെയാണ് ഹാരി എന്ന അഞ്ചുവയസുകാരനെ ഒരു കെയർ ഹോമിലെ അന്തേവാസികളുടെ അരികെ എത്തിച്ചതും. കയ്യിൽ പുസ്തകങ്ങൾ കരുതി വരുന്ന ഹാരിയെ കാത്ത് ഒരു കൂട്ടം അച്ഛനമ്മമാർ അവിടെയുണ്ട്. (Five-Year-Old Boy Reading for Care home Residents)

ഹാരി ഷോൺ എന്ന അഞ്ച് വയസുകാരൻ വെയിൽസിലുള്ള റെക്‌സാമിലെ പെൻഡൈൻ പാർക്കിലെ ഹൈഫീൽഡ് കെയർ ഹോം അന്തേവാസികൾക്ക് ഏറ്റവും പ്രിയപ്പെട്ടവനാണ്. സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്ന ഹാരി സ്ഥിരമായി കടന്നുവരുന്ന ഇടമാണ് ഈ കെയർ ഹോം. അവിടെയുള്ള തൻ്റെ കൂട്ടുകാരെ പുസ്തകങ്ങൾ വായിച്ചു കേൾപ്പിക്കുകയാണ് ഹാരിയുടെ പ്രധാന വിനോദം.

കഥകളായാലും അഡ്വെഞ്ചർ പുസ്തകങ്ങളായാലും എല്ലാം ഹാരിക്ക് വഴങ്ങും. കഥകളും വർത്തമാനവുമായി തങ്ങളെ സന്തോഷിപ്പിക്കാനായി എത്തുന്ന ഹാരിക്കായി കെയർ ഹോമിലെ പ്രിയപ്പെട്ടവർ കാത്തിരിപ്പാണ്. അവർക്കെല്ലാം അവനെ നന്നായി അറിയാം. മാത്രമല്ല, ഹാരി വായനയിൽ എത്രത്തോളം പുരോഗമിക്കുന്നു എന്നും അവർ കൃത്യമായി നിരീക്ഷിക്കാറുണ്ട്.

Read also: ‘വിലമതിക്കാനാകാത്ത സൗഹൃദം’; വയോധികയ്ക്ക് അവസാന നാളുകളിൽ തുണയായത് അയൽവാസി!

കെയർ ഹോമിലെ താമസക്കാരുടെ പേരുകളും, കഥ കേൾക്കാൻ കൂടുതൽ ഇഷ്ടപ്പെടുന്നവർ ആരാണെന്നും ഹാരിക്ക് നന്നായി അറിയാം. അവരെ അന്വേഷിച്ച് എവിടെ പോകണമെന്നും അവന് നല്ല ധാരണയുണ്ട്. അവരുടെ മുഖത്ത് പുഞ്ചിരി കൊണ്ടുവരാൻ തനിക്ക് ഏറെ ഇഷ്ടമാണെന്ന് ഹാരി പറയുന്നു. മാത്രമല്ല, വായനക്കിടയിൽ എവിടെയെങ്കിലും തടസ്സം നേരിട്ടാൽ, അവർ സഹായത്തിനെത്തുന്നതും തനിക്ക് സന്തോഷം നൽകുന്നുണ്ടെന്ന് ഹാരിയുടെ വാക്കുകൾ.

ഹൈഫീൽഡിലെ സീനിയർ കെയർ പ്രാക്ടീഷണറായ ഹാരിയുടെ അമ്മ ലോറ ഷോൺ പറയുന്നത് ഹാരി കടന്നു വരുമ്പോൾ കെയർ ഹോമിലെ താമസക്കാരുടെയെല്ലാം മുഖം പ്രകാശിക്കുന്നത് കാണാൻ കഴിയുമെന്നാണ്. അവൻ്റെ സന്ദർശനങ്ങളും വായനാ വേളകളും എല്ലാവരും നന്നായി ആസ്വദിക്കുന്നുണ്ട്.

ഹാരിയുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ ‘ബിഫ് ചിപ്പ് ആൻഡ് കിപ്പർ’ സീരീസ്, ‘ലുക്കിങ്ങ് ആഫ്റ്റർ ഗ്രാൻ’, ‘ട്രാപ്പ്ഡ്’ തുടങ്ങിയവയാണ്. ഹാരിക്ക് പുറമെ, അവൻ്റെ സ്‌കൂളിലെ മറ്റ് കുട്ടികളെയും കെയർ ഹോം സന്ദർശിക്കാൻ ശുപാർശ ചെയ്യുകയാണ് ഹാരിയുടെ ‘അമ്മ ലോറ.

കുട്ടികൾക്ക് ഇത് ഒരു മികച്ച പഠനാനുഭവമാണ്. മാത്രമല്ല കെയർ ഹോമിലെ താമസക്കാർക്കും ഇത് നല്ല പ്രചോദനമാണ്. വായിക്കാനോ പാടാനോ മറ്റ് കലാപരിപാടികൾ ചെയ്യാനോ ആകട്ടെ, മുതിർന്നവരെയും യുവതലമുറയെയും ഒന്നിച്ച് ചേർക്കുന്നത് എല്ലായ്‌പ്പോഴും മികച്ചതാണ്. പരസ്പരമുള്ള സഹവാസം എളുപ്പത്തിൽ ആസ്വദിക്കാനും നിരവധി കാര്യങ്ങൾ പഠിക്കാനും ഇത് വഴിയൊരുക്കും.

Story highlights: Five-Year-Old Boy Reading for Care home Residents