ട്രെയിനിൽ താമസിക്കാൻ പ്രതിവർഷം ചെലവാക്കുന്നത് 8 ലക്ഷം രൂപ; തീവണ്ടി വീടാക്കി മാറ്റിയ കൗമാരക്കാരൻ!

March 20, 2024

സ്വന്തം വീട് വിട്ട് യാത്രകൾക്കും വിനോദങ്ങൾക്കുമായി മാറി നിൽക്കുന്ന അനേകം ആളുകളുണ്ട്. തിരക്ക് പിടിച്ച ജീവിതത്തിൽ നിന്നുള്ള ഒരു ഒളിച്ചോട്ടമോ തനിയെ ചെലവഴിക്കാൻ ആഗ്രഹിക്കുന്ന ഇടവേളകളോ ആണ് അവയൊക്കെ. എന്നാൽ, തൻ്റെ ദിവസം മുഴുവൻ ട്രെയിനുകളിൽ ചെലവഴിക്കുന്ന ഒരു ജർമ്മൻകാരനുണ്ട്. 17-കാരനായ ലാസെയ്ക്ക് പ്രണയം ട്രെയിനുകളോടും ട്രെയിൻ യാത്രകളോടും. യാത്രകൾക്കായി ഓരോ വർഷവും അവൻ ചെലവഴിക്കുന്നത് ഏകദേശം 10,000 ഡോളറും. (German Teenager who made train his home)

ജർമ്മനിയിലുടനീളമുള്ള ഡോയ്‌ച്ചെ ബാൺ ട്രെയിനുകളിലൂടെ ലാസ്സെ സ്റ്റോളി എന്ന കൗമാരക്കാരൻ ദിവസവും 600 മൈലിലധികം സഞ്ചരിക്കാറുണ്ട്. സ്വയം തൊഴിൽ ചെയ്യുന്ന ഒരു കോഡർ ആയതിനാൽ, അയാൾക്ക് പരിധിയില്ലാത്ത വാർഷിക റെയിൽ കാർഡ് ഉപയോഗിക്കാനും കഴിയും. രാത്രിയായാൽ, അവൻ ട്രയിനിലെ ഫസ്റ്റ് ക്ലാസ് ക്യാബിനുകളിൽ ഉറങ്ങുന്നു. പകൽ സമയത്ത്, ജോലി ചെയ്യുന്നതിനായി ട്രെയിനിലെ ഒരു സീറ്റ് തന്നെ കണ്ടുപിടിക്കും. പൊതു ശുചിമുറികൾ കുളിക്കാനും വൃത്തിയാകാനും ഉപയോഗിക്കും.

16 വയസ്സുള്ളപ്പോഴാണ് ഷ്ലെസ്‌വിഗ്-ഹോൾസ്റ്റീനിലെ ഫോക്ക്‌ബെക്കിലുള്ള മാതാപിതാക്കളുടെ വീട്ടിൽ നിന്ന് സ്‌റ്റോളി മാറിത്താമസിച്ചത്. ട്രെയിനിൽ ജീവിക്കാനുള്ള അവൻ്റെ ആശയത്തോട് മാതാപിതാക്കൾ ആദ്യം സംശയത്തോടെയാണ് പ്രതികരിച്ചത്. ഏറെ കഷ്ടപ്പെട്ടാണ് സ്റ്റോളി അവരുടെ സമ്മതം വാങ്ങിയെടുത്തത്. ഒടുവിൽ, വീട്ടിലെ തൻ്റെ മുറി വൃത്തിയാക്കി, സാധനങ്ങൾ ഒക്കെ വിറ്റ്, 2022 ഓഗസ്റ്റ് 8-ന് സ്റ്റോളി മ്യൂണിക്കിലേക്കുള്ള തൻ്റെ ആദ്യ യാത്ര ആരംഭിച്ചു.

Read also: ആറാം മാസത്തിൽ വളർത്തമ്മ ദത്തെടുത്തു; ഇന്ന് അനാഥരെ ചേര്‍ത്തുപിടിച്ച് 16-കാരൻ ജോനാ ലാർസൺ

തുടക്കകാലത്ത് യാത്രകൾ ഏറെ ബുദ്ധിമുട്ടുള്ളതായിരുന്നു. ട്രെയിനിലുള്ള ജീവിതം എങ്ങനെ ജീവിക്കണമെന്ന് അവന് പഠിക്കേണ്ടതുണ്ടായിരുന്നു. മാത്രമല്ല, രാത്രി സമയങ്ങളിൽ ട്രയിനിലെ യാത്ര സുരക്ഷിതമല്ലെന്നും സ്റ്റോളി പറയുന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ മതിയായ സുരക്ഷാ ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ തന്നെ ബാഗുകളും വസ്തുക്കളുമെല്ലാം സൂക്ഷിക്കുന്നതും ഏറെ ശ്രമകരമാണെന്ന് സ്റ്റോളി പറയുന്നു.

ഭാവിയിൽ ഡോയ്‌ച്ചെ ബാൺ ട്രെയിനുകളുടെ അഡ്വൈസറായി ജോലി ചെയ്യണമെന്നാണ് സ്റ്റോളിയുടെ ആഗ്രഹം. ദിവസവും മാറിക്കൊണ്ടിരിക്കുന്ന തൻ്റെ വീട്ടിൽ സ്വകാര്യതയൊന്നുമില്ലെന്ന് സ്റ്റോളി സമ്മതിക്കുന്നു. എന്നിരുന്നാലും, അതിനൊപ്പം വരുന്ന സ്വാതന്ത്ര്യത്തെയും അനിശ്ചിതത്വത്തെയും അയാൾ വിലമതിക്കുന്നു.

തോന്നുമ്പോഴെല്ലാം യാത്രകൾ അവസാനിപ്പിക്കാനും, ഇഷ്ടമുള്ള സമയത്ത് അത് വീണ്ടും ആരംഭിക്കാനും അയാൾക്ക് സാധിക്കും. തോളിൽ സൂക്ഷിക്കുന്ന ഏക ബാഗുമായി സ്റ്റോളി ഇപ്പോഴും തൻ്റെ യാത്രകൾ തുടർന്നുകൊണ്ടേയിരിക്കുന്നു.

Story highlights: German Teenager who made train his home