‘വാക്കുകൾക്ക് പലപ്പോഴും ജീവന്റെ വിലയാണ്’; അപരിചിതന്റെ ജീവിതം തിരിച്ചുപിടിച്ച ആ വാക്കുകൾ!
അപരിചിതനായ ഒരാളെ കണ്ടാൽ നമ്മൾ എന്ത് ചെയ്യും? ഒരുപക്ഷെ തിരിഞ്ഞു നോക്കാതെ നടന്നു പോകുമായിരിക്കാം, അല്ലെങ്കിൽ കഷ്ടപ്പെട്ട് ഒരു ചിരി പാസാക്കി എങ്ങനെയും രക്ഷപ്പെടും. എന്നാൽ നമ്മുടെ ഒരു വാക്ക്, അല്ലെങ്കിൽ നമ്മുടെ ജീവിതത്തിലെ ചില നിമിഷങ്ങൾ, പലരുടെയും ജീവൻ രക്ഷിക്കാൻ വരെ കാരണമായേക്കാം. അത്തരത്തിലുള്ള ഒരു സംഭവമാണ് ജെയ്മി എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലും സംഭവിച്ചത്. (Jamie Harrington’s words that saved a stranger’s life)
അമേരിക്കക്കാരനായ ജെയ്മി ഹാരിങ്ങ്ടൺ ഒരു ദിവസം മധുരപലഹാരങ്ങൾ വിൽക്കുന്ന കടയിൽ കുറച്ച് സാധനങ്ങൾ വാങ്ങാൻ പോകുകയായിരിക്കുന്നു. വഴി മദ്ധ്യേയുള്ള പാലത്തിൻ്റെ വരമ്പിൽ ഏകദേശം 30 വയസ് പ്രായം തോന്നിക്കുന്ന ഒരാൾ ഇരിക്കുന്നത് ജെയ്മി ശ്രദ്ധിച്ചിരുന്നു. ആ അപരിചിതന്റെ മുഖം കണ്ട ജെയ്മി അയാൾക്ക് കുഴപ്പം എന്തെങ്കിലും ഉണ്ടോ എന്ന് തിരക്കി. തിരികെ മറുപടി ഒന്നും വന്നില്ല. പക്ഷെ അയാളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകുന്നത് ജെയ്മിയുടെ ശ്രദ്ധയിൽ പെട്ടു.
താഴേക്ക് ഇറങ്ങി വന്ന് അല്പസമയം തന്നോടൊപ്പം ഇരിക്കാൻ ജെയ്മി അയാളോട് അപേക്ഷിച്ചു. ഏറെ നേരത്തെ നിർബന്ധത്തിനൊടുവിൽ അയാൾ സമ്മതിച്ചു. ഏകദേശം 45 മിനിറ്റോളം അവർ ഇരുവരും സംസാരിച്ചു. അയാൾക്ക് എന്താണ് സംഭവിക്കുന്നത്, എന്തുകൊണ്ടാണ് അയാൾ മൂകമായി ഇരിക്കുന്നത്, എന്നിങ്ങനെ പല കാര്യങ്ങളെ കുറിച്ചും അവർ സംസാരിച്ചു. കാര്യങ്ങൾ കേട്ട ജെയ്മിക്ക് അയാളെ തനിച്ചാക്കി പോകാൻ കഴിഞ്ഞില്ല. അയാൾ ഒരു ആംബുലൻസ് വിളിക്കാൻ പുറപ്പെട്ടു.
ആശുപത്രിയിൽ എത്തിയാൽ അവന്റെ സ്ഥിതി മെച്ചപ്പെടുമെന്ന് ജെയ്മി ആ അപരിചിതനോട് പറഞ്ഞു. എന്നാൽ തനിക്ക് കുഴപ്പമൊന്നുമില്ലെന്നും അല്പസമയം കറങ്ങി നടന്നാൽ എല്ലാം ശരിയാകുമെന്നും പറഞ്ഞ് ആംബുലൻസ് വിളിക്കാൻ തുനിഞ്ഞ ജെയ്മിയെ അയാൾ തടഞ്ഞു. എല്ലാം കേട്ട ജെയ്മി അയാളോടായി പറഞ്ഞു, “ദയവായി എന്നെ ആംബുലൻസ് വിളിക്കാൻ അനുവദിക്കണം. നിങ്ങൾ അലഞ്ഞു നടക്കുന്നു എന്ന് ഓർത്താൽ എനിക്ക് മനഃസമാധാനമായി ഉറങ്ങാൻ കഴിയില്ല”. ഇത്രയും പറഞ്ഞ് അവൻ ആംബുലൻസ് വിളിച്ചു. ഉടനെ തന്നെ അയാളെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
Read also: ‘വിജയത്തിന് പിന്നിൽ അച്ഛന്റെ പിന്തുണ’; ചീഫ് ജസ്റ്റിസിന്റെ ആദരം നേടി കോടതിയിലെ പാചകക്കാരന്റെ മകൾ!
അയാളെ ആശുപത്രിയിൽ എത്തിക്കുക മാത്രമല്ല കുറച്ച് നാളത്തേക്കെങ്കിലും അയാളുടെ സുഖവിവരങ്ങൾ അറിയാനായി പരസ്പരം നമ്പറുകൾ കൈമാറുകയും ചെയ്തു. സംഭവം നടന്ന് കുറച്ച് നാളുകൾക്ക് ശേഷം ആ അപരിചിതനിൽ നിന്നും ജെയ്മിക്ക് ഒരു സന്ദേശമെത്തി. അയാളുടെ ഭാര്യ ഗർഭിണിയാണെന്നും അവർക്ക് ജനിക്കുന്ന ആൺകുട്ടിക്ക് ജെയ്മിയുടെ പേര് നൽകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അതിൽ പറഞ്ഞിരുന്നു.
ജെയ്മിക്ക് അത് വിശ്വസിക്കാനായില്ല. “തന്നെ മുൻപരിചയം ഒന്നുമില്ലാത്ത ഒരാൾ എന്തിന് തന്റെ കുട്ടിക്ക് എന്റെ പേര് നൽകണം?” ഇതായിരുന്നു അവന്റെ മനസിലെ ചോദ്യം. പിന്നീടുള്ള ആ അപരിചിതന്റെ വാക്കുകളിൽ അതിനുള്ള ഉത്തരമുണ്ടായിരുന്നു.
ജെയ്മി അയാളെ കണ്ടുമുട്ടിയ നിമിഷം അയാൾ പാലത്തിൽ നിന്ന് താഴേക്ക് ചാടാൻ തയ്യാറെടുക്കുകയായിരുന്നു. ജെയ്മി പറഞ്ഞ കുറച്ച് വാക്കുകളാണ് യഥാർത്ഥത്തിൽ അയാളുടെ ജീവൻ രക്ഷിച്ചത്. അത് ഇപ്പോഴും അയാളുടെ കാതുകളിൽ മുഴങ്ങുന്നുമുണ്ട്. “നിങ്ങൾ ഓകെയാണോ?”- ഈ വാക്കുകളാണ് ആ അപരിചിതന്റെ ജീവൻ രക്ഷിച്ചത്. ഒരുപക്ഷെ മറ്റാരും അത് ചോദിച്ചില്ലായിരുന്നുവെങ്കിൽ?
താൻ ചെയ്തത് അത്ര വലിയ കാര്യമൊന്നുമല്ലെന്ന് പറഞ്ഞ് ജെയ്മി വാദിക്കുമെങ്കിലും അവന്റെ വാക്കുകൾ രക്ഷിച്ചത് ഒരു കുടുംബത്തെയാണ്. ഓരോ ദിവസവും നമ്മളെ കടന്നു പോകുന്നവർ നിരവധിയാണ്. അടുത്തുള്ള ഒരാളുടെ നൊമ്പരം മനസിലാക്കാൻ കഴിയുന്നതിലും വലിയ സ്നേഹമില്ല. നിനയ്ക്കാത്ത നേരം നമ്മൾ പറയുന്ന ചില വാക്കുകൾക്ക് ഒരു പക്ഷെ ഒരു ജീവന്റെ വില തന്നെ ഉണ്ടായേക്കാമെന്ന് ഓർക്കുന്നത് പലപ്പോഴും നല്ലതാണ്.
Story highlights: Jamie Harrington’s words that saved a stranger’s life