‘ഇത് ഉസ്താദ് ഹോട്ടലിലെ നാരായണൻ’; നാടിന്റെ വിശപ്പകറ്റാൻ ജോലി ഉപേക്ഷിച്ച ഫൈവ് സ്റ്റാർ ഷെഫ്!
ഫൈസിയെയും കരീം ഇക്കയെയെയും നമ്മൾ മലയാളികൾ ഒരിക്കലും മറക്കാൻ വഴിയില്ല. ഇൻസ്റ്റഗ്രാം റീലുകൾ വാണ ‘സുബഹനല്ലാ’ എന്ന ഗാനവും മൊഞ്ചൊട്ടും കുറയാതെ ഇന്നും കറങ്ങി നടക്കുന്നുമുണ്ട്. പക്ഷെ പറഞ്ഞു വരുന്നത് ഉസ്താദ് ഹോട്ടലിനെ പറ്റിയല്ല. ചിത്രം ക്ളൈമാക്സിലേക്ക് കടക്കുമ്പോൾ പ്രത്യക്ഷപ്പെടുന്ന ഒരു കഥാപാത്രമുണ്ട്. ഫൈസിയെയും കാണികളെയും ഒരേപോലെ അതിശയിപ്പിച്ച് കണ്ണ് നനയിച്ച് കടന്നു പോയ നാരായണൻ കൃഷ്ണൻ. റീലിലെ അല്ല റിയൽ ലൈഫ് നാരായണൻ കൃഷ്ണന്റെ കഥയാണിത്. (Story of the Indian Chef-turned Social Worker)
പാചക കലയിൽ കഴിവ് തെളിയിച്ച ഒരു ഷെഫായിരുന്നു നാരായണൻ കൃഷ്ണൻ. പാചക മികവിന് നിരവധി അവാർഡുകളടക്കം നേടിയ നാരായണൻ സ്വിറ്റ്സർലൻഡിൽ ഒരു ഉയർന്ന ജോലിക്കായി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു. യൂറോപ്പിലേക്ക് പോകുന്നതിന് മുൻപായി നാരായണൻ തൻ്റെ നാടും വീടുമൊക്കെ ഒന്ന് സന്ദർശിക്കാൻ തീരുമാനിച്ചു. പക്ഷെ, ആ യാത്ര അയാളുടെ ജീവിതം ആകെ മാറ്റി മറിച്ചെന്ന് മാത്രമല്ല യൂറോപ്പിലേക്ക് പിന്നീടയാൾ തിരിച്ച് പോയതുമില്ല.
മധുരൈ സ്വദേശിയായ നാരായണൻ ക്ഷേത്രത്തിൽ പോകുന്ന വഴിയിലാണ് ആ കാഴ്ച കണ്ടത്. ഒരു പാലത്തിന് ചുവട്ടിലായി പ്രായമുള്ളൊരാൾ ഭക്ഷണത്തിന് പകരമായി സ്വന്തം വിസർജ്യം ഭക്ഷിക്കുന്ന കാഴ്ചയായിരുന്നു അത്. ആ കാഴ്ച നാരായണനെ വല്ലാതെ അസ്വസ്ഥനാക്കി. അയാൾ അടുത്തുള്ള ഹോട്ടലിലേക്കോടി മെനുവിൽ എന്താണ് കഴിക്കാൻ എന്ന് തിരക്കി. ഹോട്ടൽ ഉടമ നൽകിയ ചൂട് ഇഡ്ഡലി പാക്കെറ്റുമായി അയാൾ വൃദ്ധന്റെ അരികെയെത്തി.
Read also: കൂലിപ്പണിക്കാരനിൽ നിന്നും ഡിഎസ്പി പദവിയിലേക്ക്; ഇത് സന്തോഷ് പട്ടേൽ പൊരുതി നേടിയ വിജയം!
അതിവേഗത്തിൽ ഇഡ്ഡലി കഴിച്ചു തീർക്കുമ്പോൾ ആ വൃദ്ധന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു. സങ്കടത്തിന്റെയല്ല, സന്തോഷത്തിന്റെ കണ്ണുനീരായിരുന്നു അത്. അവിടെ വെച്ച് നാരായണൻ തീരുമാനിച്ചു, ഇനിയുള്ള കാലം തനിക്ക് ചെയ്യാനുള്ളത് ഇതാണെന്ന്. ഒരാഴ്ചക്കുള്ളിൽ ജോലി രാജി വെച്ച് നാരായണൻ നാട്ടിൽ മടങ്ങിയെത്തി.
2003-ൽ അക്ഷയ ട്രസ്റ്റ് എന്ന പ്രസ്ഥാനത്തിന് നാരായണൻ തുടക്കമിട്ടു. തെരുവുകളിൽ കഴിയുന്ന നിരാലംബരും, ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ടവരുമായവർക്ക് അക്ഷയ വഴി അയാൾ ഭക്ഷണം എത്തിക്കും. പുലർച്ചെ നാല് മണിയോടെ നാരായണൻ പാചകത്തിൽ സജീവമാകും. ഉണ്ടാക്കിയ ഭക്ഷണം വിവിധ പാക്കെറ്റുകളിലായി പൊതിഞ്ഞ് വാനിൽ കയറ്റി യാത്ര തുടങ്ങും. പാലങ്ങൾക്കടിയിലും, നഗരത്തിലെ ക്ഷേത്രങ്ങളുടെ മുക്കിലും മൂലയിലുമെല്ലാം തൻ്റെ പ്രിയപ്പെട്ടവരെ അന്വേഷിക്കും. പലപ്പോഴും അവർക്കൊപ്പമിരുന്ന് ആസ്വദിച്ച് അയാൾ ഭക്ഷണം വാരി കൊടുക്കും.
ഭവനരഹിതരും മാനസിക വൈകല്യമുള്ളവരുമായ വ്യക്തികളെ തനിക്ക് കഴിയും പോലെ സഹായിക്കുകയും അവരുടെ വിശപ്പകറ്റുകയും ചെയ്യണമെന്നതാണ് നാരായണന്റെ ആഗ്രഹം. ഭക്ഷണം മാത്രമല്ല, കയ്യിലൊരു ചീപ്പും, കത്രികയും കൂടെ നാരായണൻ കരുതിയിട്ടുണ്ടാകും. അവരെ കുളിപ്പിച്ച്, മുടിയെല്ലാം ചീകിയൊതുക്കി അവർക്കായി ഒരുക്കിയ തൻ്റെ വീട്ടിലേക്ക് കൂട്ടികൊണ്ടു പോകും.
അദ്ദേഹം കണ്ടുമുട്ടിയ പലർക്കും സ്വന്തം നാടോ, വീടോ, പേര് പോലും ഓർമയുണ്ടായിരുന്നില്ല. ഒന്ന് സഹായം ചോദിക്കാനോ നന്ദി പറയാനോ പോലും കഴിയുന്ന അവസ്ഥയിലായിരുന്നില്ല അവരിൽ പലരും.
മറ്റൊന്നിനും ശമിപ്പിക്കാൻ കഴിയാത്ത മനുഷ്യന്റെ വിശപ്പാണ് നാരായണന്റെ ഇന്ധനം. കണ്ടുമുട്ടുന്ന ആളുകളിൽ നിന്നും താൻ പാകം ചെയ്യുന്ന ഭക്ഷണത്തിൽ നിന്നും അയാൾ ഊർജം കണ്ടെത്തിക്കൊണ്ടിരിക്കുന്നു.
ഇതുപോലെയുള്ള നാരായണന്മാരല്ലേ ശരിക്കും ഈ ലോകത്തെ കൂടുതൽ ഭംഗിയുള്ളതാക്കുന്നത്!
Story highlights: Story of the Indian Chef-turned Social Worker