ദുരിതപ്പേമാരി കവരാൻ ശ്രമിച്ച ജീവിതം നെഞ്ചുറപ്പോടെ തിരിച്ചുപിടിച്ച സുബൈദ!

March 28, 2024

ജീവിതം പലപ്പോഴും പ്രവചനാതീതമാണ്. നമ്മൾ ചിന്തിക്കുന്നതിലും അപ്പുറമായി ജീവിത സാഹചര്യങ്ങൾ മാറി നമ്മുടെ കഥ തന്നെ മറ്റൊന്നായി പോകാൻ സാധ്യതയുണ്ട്. അത്തരത്തിലുള്ള ഒരു കഥയാണ് സുബൈദയ്ക്കും ലോകത്തോട് പറയാനുള്ളത്. (Subaida’s Story of Never Giving Up)

26 വയസ്സുള്ളപ്പോഴാണ് സുബൈദയുടെ ജീവിതം ആകെ മാറിമറിഞ്ഞത്. ഭർത്താവിനും മകൾക്കുമൊപ്പം സന്തോഷവതിയായി കഴിഞ്ഞിരുന്ന സുബൈദയുടെ ജീവിതം നിനയ്ക്കാത്ത നേരം ഇരുൾ മൂടിയതായി മാറി. 2018-ൽ കേരള ജനതയെ ഒന്നടങ്കം പിടിച്ചു കുലുക്കിയ ദുരിതപ്പെരുമഴയിൽ പെട്ടവരിൽ സുബൈദയും ഉണ്ടായിരുന്നു.

ഗുരുതരമായ പരിക്കുകളോടെ അതിതീവ്രമായ നിലയിലായിരുന്നു പിന്നീടുള്ള സുബൈദയുടെ ദിനങ്ങൾ. അവരുടെ കാല് മുറിച്ചുമാറ്റണമെന്നായിരുന്നു ഡോക്ടർമാരുടെ നിർദേശം. മുട്ടിനു മുകളിലായി നടത്തിയ രണ്ട് ശസ്ത്രക്രിയകളും ബൈപ്പാസ് സർജറിയും പരാജയമായിരുന്നു. ഡോക്ടർമാരുടെ പരിശ്രമത്തോടെ സുബൈദയ്ക്ക് കാലുകൾ തിരികെ കിട്ടിയെങ്കിലും അവർക്ക് വീണ്ടും നടക്കാൻ സാധിക്കുമെന്ന ഉറപ്പ് നൽകാൻ അവർക്ക് കഴിഞ്ഞില്ല.

Read also: കൂലിപ്പണിക്കാരനിൽ നിന്നും ഡിഎസ്പി പദവിയിലേക്ക്; ഇത് സന്തോഷ് പട്ടേൽ പൊരുതി നേടിയ വിജയം!

നാല് മാസങ്ങളോളം കിടക്കയിൽ തന്നെ സുബൈദയ്ക്ക് തൻ്റെ ദിവസങ്ങൾ കഴിച്ചു കൂട്ടേണ്ടി വന്നു. ശരീരത്തിനൊപ്പം സുബൈദയുടെ മനസിനെയും രോഗാവസ്ഥ ബാധിക്കാൻ തുടങ്ങി. മാനസികാരോഗ്യം പോലും മോശം അവസ്ഥയിലേക്ക് തിരിഞ്ഞിട്ടും തൻ്റെ മനോധൈര്യം കൈവിടാൻ സുബൈദ തയ്യാറായില്ല. അപകടം കഴിഞ്ഞ് എട്ട് മാസങ്ങൾക്ക് ശേഷം സുബൈദ പരസഹായമില്ലാതെ സ്വന്തം കാലിൽ ഉറച്ചു നിന്ന് നടക്കാൻ തുടങ്ങി.

ഇന്ന് തന്റെയും കുടുംബത്തിന്റെയും കാര്യങ്ങൾ നോക്കാൻ സുബൈദ പ്രാപ്തയാണ്. തൊഴിലും കുടുംബവും ഒരുപോലെ മുൻപോട്ട് കൊണ്ടുപോകാൻ കെല്പുള്ള ശക്തയായ സ്ത്രീയാണവർ. ദുരന്തമുഖത്ത് മനസിന്റെ ധൈര്യം കൈവിടാതെ നിർഭയം പോരാടി ജീവിത വിജയം നേടിയ സുബൈദ നമ്മൾ മലയാളികളുടെയും മുന്നോട്ട് ജീവിക്കാൻ ധൈര്യം സംഭരിക്കുന്ന ഓരോ മനുഷ്യനും മാതൃകയാണ്.

Story highlights: Subaida’s Story of Never Giving Up