യാത്രക്കാരന് വൃക്ക ദാനം ചെയ്ത ഊബർ ഡ്രൈവർ; ഈ സൗഹൃദത്തിന് ജീവന്റെ വിലയാണ്!
അപരിചിതർ പലപ്പോഴും നമ്മുടെ ജീവിതത്തിൽ അപരിചിതരായി തന്നെ തുടരാറാണ് പതിവ്. എന്നാൽ ഒരു അപരിചിതന് പുതുജീവൻ നൽകാൻ തുനിയുന്നവർ വളരെ ചുരുക്കമാണ്. ഊബർ ഡ്രൈവറായി ജോലി ചെയ്യുന്ന മുൻ യുഎസ് ആർമി ഉദോഗസ്ഥൻ ടിം ലെറ്റ്സ് അവരിൽ ഒരാളാണ്. ബിൽ സുമിയേൽ എന്ന യാത്രക്കാരനെ ആദ്യമായി കണ്ട അയാൾ ആ അപരിചിതന് ദാനം ചെയ്തത് സ്വന്തം വൃക്കയാണ്. (Uber driver donates kidney to passenger)
വൃക്ക തകരാറിലായിരുന്ന സുമിയൽ ഡയാലിസിസ് കേന്ദ്രത്തിൽ നിന്ന് വീട്ടിലെത്താൻ ഒരിക്കൽ ഊബർ വിളിച്ചതാണ്. യാത്ര ആരംഭിച്ചതോടെ വാഹനത്തിന്റെ ഡ്രൈവറായിരുന്ന ടിമ്മുമായി സംഭാഷണത്തിൽ ഏർപ്പെട്ടു. കാർ യാത്രയിൽ, ബിൽ സുമിയലും ഊബർ ഡ്രൈവർ ടിം ലെറ്റ്സും സുമിയലിന്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും സംസാരിച്ചു. ഡയാലിസിസ് എത്ര കഠിനമേറിയതാണെന്നും താൻ ഒരു വൃക്ക ദാതാവിനെ തേടി നടക്കുകയാണെന്നും സുമിയൽ ടിമ്മിനോട് പറഞ്ഞു.
അപ്രതീക്ഷിതമായ ആ യാത്രക്കിടയിൽ അറിയാതെ ഇരുവരും സുഹൃത്തുക്കളായി മാറി. സുമിയലിനെ വീട്ടിലെത്തിച്ച ടിം അവനോട് ദൈവമായിരിക്കും നിന്നെ എന്റെ കാറിൽ കയറ്റിയത് എന്ന് പറഞ്ഞു. മാത്രമല്ല, സുമിയലിനെ പോലും ഞെട്ടിച്ചു കൊണ്ട് തന്റെ പേരും മേൽവിലാസവും വാങ്ങുകയാണെങ്കിൽ സുമിയലിന് വൃക്ക ദാനം ചെയ്യാൻ താൻ ആഗ്രഹിക്കുന്നു എന്നും ടിം അയാളോട് പറഞ്ഞു.
Read also: ‘ഇത് ഉസ്താദ് ഹോട്ടലിലെ നാരായണൻ’; നാടിന്റെ വിശപ്പകറ്റാൻ ജോലി ഉപേക്ഷിച്ച ഫൈവ് സ്റ്റാർ ഷെഫ്!
അതിശയത്തിൽ കേട്ടതൊന്നും വിശ്വസിക്കാനാകാതെ സുമിയൽ നമ്പറും വാങ്ങി വീട്ടിലേക്ക് കയറി. വൃക്ക ദാനം ചെയ്യണമെങ്കിൽ സുമിയലിന് അനുയോജ്യമായ രക്തവും ടിഷ്യു ടൈപ്പിംഗും ആവശ്യമായിരുന്നു. പരിശോധനകൾക്ക് വിധേയനായ ഊബർ ഡ്രൈവർ കൃത്യമായി സുമിയലുമായി മാച്ചായി. അതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തുകയും വിജയകരമായി പൂർത്തീകരിക്കുകയും ചെയ്തു.
ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം, സുമിയൽ സുഖം പ്രാപിക്കുകയും ഡെലവെയർ യൂണിവേഴ്സിറ്റിയിലെ വൃക്കരോഗ കേന്ദ്രത്തിൽ പുനരധിവസിക്കുകയും ചെയ്തിരുന്നു. ടിം ജർമ്മനിയിലാണ് താമസിക്കുന്നത്. എന്നാൽ തൻ്റെ ജീവൻ രക്ഷിച്ച എക്കാലത്തെയും സുഹൃത്തുമായി ഇപ്പോഴും സുമിയൽ ആ മനോഹരമായ സൗഹൃദം തുടരുന്നു.
Story highlights: Uber driver donates kidney to passenger