യാചകനെ ജോലിക്കാരനാക്കി; ഡാനിയേൽ തിരുത്തിയെഴുതിയ ബ്രയന്റെ ജീവിതം!

March 28, 2024

കാനഡയിലെ തൻ്റെ ചെറിയ പട്ടണത്തിലെ ഫാർമസിക്ക് പുറത്തിരിക്കുന്ന വയോധികനെ ഡാനിയേൽ മക്‌ഡഫ് ശ്രദ്ധിക്കുമായിരുന്നു. ഏകദേശം 60 വയസ്സ് പ്രായമുള്ള, നീണ്ടു നരച്ച മുടിയുള്ള ബ്രയൻ ബാനിസ്റ്റർ സംഭാവനകൾക്കായി ഒരു തൊപ്പി കയ്യിൽ പിടിച്ച് എപ്പോഴും ഒരു മാലിന്യക്കുഴിയുടെ അരികിൽ ഇരുന്നിരുന്നു. പക്ഷെ അയാൾ ആരോടും ഒരു പൈസ പോലും യാചിച്ചിരുന്നില്ല. പകരം, നിശബ്ദമായി പുസ്തകം വായിച്ചുകൊണ്ടോ അല്പം സമയം ചെലവഴിക്കാൻ തയ്യാറായവരോട് ചെറിയ സംഭാഷണത്തിൽ ഏർപ്പെട്ടോ സമയം ചെലവഴിക്കുമായിരുന്നു. (Woman Offers Job to Homeless Man)

ഒരു പ്രഭാതത്തിൽ, ഫാം ഉടമയായ ഡാനിയേൽ മക്‌ഡഫ് അയാളുമായി ഒരു സംഭാഷണത്തിന് തുടക്കമിട്ടു. അവർ ഏകദേശം 25 മിനിറ്റോളം സംസാരിച്ചു. അവൻ്റെ പേര് ബ്രയാൻ ബാനിസ്റ്റർ ആണെന്നും ഒൻ്റാറിയോയിലെ ന്യൂകാസിലിലെ കൊടും തണുപ്പ് വകവയ്ക്കാതെ അവൻ താമസിക്കുന്നത് ഒരു ഷെഡിൽ ആണെന്നും അവൾ മനസ്സിലാക്കി.

ആ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ബ്രയൻ്റെ ജീവിതം എവിടെയോ താളം തെറ്റിയെന്നും വാഹനാപകടത്തിലും ക്യാൻസർ രോഗം ബാധിച്ചും അയാളുടെ ഭാര്യമാർ മരണപ്പെട്ടതിനാൽ അവൻ പൂർണ്ണമായും ഉപേക്ഷിക്കപ്പെട്ടു എന്നും ഡാനിയേൽ മനസ്സിലാക്കി. അവരുടെ ചെറു സംഭാഷണത്തിനൊടുവിൽ, ബ്രയനെ സഹായിക്കണമെന്ന് ഡാനിയേൽ മനസ്സിലുറപ്പിച്ചു. തൻ്റെ ഫാമിൽ തന്നെ അവൾ അയാൾക്ക് ജോലി വാഗ്ദാനം ചെയ്തു.

Read also: ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിച്ചത് 37 വർഷങ്ങൾ; ഒടുവിൽ നഷ്ടപരിഹാരമായി എത്തിയത് 14 മില്യൺ ഡോളർ!

പിറ്റേന്ന് രാവിലെ, അവൾ ബ്രയനെ തൻ്റെ ഫാമിലേക്ക് കൂട്ടി കൊണ്ടുപോയി. ഫാമിൽ മൃഗങ്ങളെ പരിപാലിക്കുകയും അവയ്ക്ക് ഭക്ഷണം നൽകുകയുമാണ് ഡാനിയേലിനെ ഏൽപ്പിച്ച ജോലികൾ. മാത്രമല്ല, അയാൾ ഒരു കഠിനാധ്വാനിയാണെന്ന് തെളിയിക്കുകയും ചെയ്തു. അതിലും പ്രധാനമായി, ജോലിക്കും ഡാനിയേലിൻ്റെ പിന്തുണക്കും അവൻ നന്ദിയുള്ളവനാണ്.

രണ്ട് വർഷത്തിനിടയിൽ ആദ്യമായി മുടിവെട്ടാൻ അവൾ അവനെ കൊണ്ടുപോയി. ഒരു ഫോൺ വാങ്ങി നൽകുകയും സർക്കാർ ശ്രോതസുകളിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കാൻ അവനെ സഹായിക്കുകയും ചെയ്തു.കർഷകയായ ഡാനിയേലിന് തനിച്ച് ബ്രയനെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ കഴിയില്ല. ഡാനിയേലിന്റെ നേതൃത്വത്തിൽ GoFundMe വഴി നിരവധി ആളുകളുടെ സഹായം ബ്രയനെ തേടിയെത്തി.

താനല്ല ബ്രയനാണ് തന്നെ സഹായിക്കുന്നതെന്നാണ് ഡാനിയേൽ പറയുന്നത്. വളരെ ദയയുള്ളവനും അനുകമ്പയുള്ളവനും തൻ്റെ കുട്ടികളോടും മൃഗങ്ങളോടും വളരെ കരുതലുള്ളവനുമാണെന്നാണ് ബ്രയനെ കുറിച്ച് ഡാനിയേൽ പറയുന്നത്.

പലപ്പോഴും നമ്മൾ കണ്ടിട്ടും കാണാതെയും അറിഞ്ഞിട്ടും അറിയാതെ പോകുന്ന പലരുടെയും ജീവിതം മാറ്റിമറിക്കാൻ നമ്മുടെ ചെറിയ തീരുമാനങ്ങൾക്ക് സാധിക്കും. ബ്രയന്റെ ജീവിതത്തിൽ ഡാനിയേൽ ചെയ്തതും അത് തന്നെയാണ്.

Story highlights: Woman Offers Job to Homeless Man