‘പ്രതീക്ഷയുടെ മുഖമായി മാറിയ മുഖി’; 75 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ മണ്ണിൽ പിറന്ന ചീറ്റക്കുഞ്ഞിന് ഒന്നാം പിറന്നാൾ!
ഏകദേശം ഒരു വർഷത്തിന് മുൻപ് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ജ്വാല എന്ന ചീറ്റപ്പുലിക്ക് നാല് കുഞ്ഞുങ്ങൾ ജനിക്കുന്നു. നാല് കുഞ്ഞുങ്ങളിൽ മൂന്ന് പേരും കഠിനമായ ചൂടും നിർജ്ജലീകരണവും കാരണം മരണപ്പെട്ടു. അവസാനം ശേഷിച്ച കുഞ്ഞായ മുഖി ഇന്ന് ചരിത്രത്തിന്റെ ഭാഗവും കീനോയുടെ വളർത്തുമകളുമാണ്. 75 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ മണ്ണിൽ ശേഷിച്ച ഏക ചീറ്റക്കുഞ്ഞും മുഖിയാണ്. നമുക്ക് പറയാനുള്ള അതിജീവന കഥകൾ പോലെ ഏറെ ഭംഗിയുള്ള കഥയാണ് കുഞ്ഞ് മുഖിക്കും ലോകത്തോട് പറയാനുള്ളത്. (India’s First Born Cheetah Cub Turns One)
ജന്മനാ അമ്മ ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലായിരുന്നു മുഖി. അതിയായി നിർജ്ജലീകരണം നേരിട്ട അവൾ ഏറെ നാളത്തെ കൃത്യമായ പരിചരണത്തിനും ചികിത്സയ്ക്കുമൊടുവിലാണ് ആരോഗ്യ സ്ഥിതി വീണ്ടെടുത്തത്. അമ്മയെ കാണുമ്പോഴെല്ലാം വാത്സല്യത്തിനായി കൊതിച്ച് അവൾ അരികിലെത്തും. പക്ഷെ ഒരിക്കൽ പോലും ജ്വാല സ്നേഹത്തോടെ അവളെ സ്വീകരിച്ചിട്ടില്ല. ദേഷ്യത്തോടെ ഓരോ തവണയും മുഖിയെ അകലേക്ക് ആട്ടിയോടിക്കും.
Read also: 24 മണിക്കൂർ പൂർത്തിയാക്കില്ലെന്ന് വൈദ്യലോകം; സീൻ ജീവിച്ച് കാണിച്ചത് 40 വർഷങ്ങൾ!
മറ്റുള്ളവരെ പോലെ അമ്മയുടെ ശിക്ഷണമൊന്നും മുഖിക്ക് ലഭിച്ചിട്ടില്ല. തീറ്റ തേടാനും, വേട്ടയാടാനുമെല്ലാം ഇവയെ തയ്യാറാക്കുന്നത് അമ്മമാരാണ്. എന്നാൽ മുഖി അവിടെയും തനിച്ചായിരുന്നു. അമ്മയെ ദൂരെ നിന്ന് കാണുക എന്നല്ലാതെ ബാലപാഠങ്ങളൊന്നും പഠിക്കാനുള്ള അവസരം അവൾക്കുണ്ടായില്ല. അങ്ങനെയാണ് ദേശീയോദ്യാനത്തിലെ ഉദ്യോഗസ്ഥർ അവളുടെ പരിപാലകരായത്. ഭക്ഷണം മുതൽ അവൾക്ക് വേണ്ടതെല്ലാം എത്തിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
കുനോ ഉദ്യോഗസ്ഥരുടെ അഭിപ്രായപ്രകാരം ഒരുപക്ഷെ ഇന്ത്യൻ സാഹചര്യങ്ങളുമായി ഏറ്റവുമധികം ഇഴുകിച്ചേർന്ന് ജീവിക്കുന്ന ചീറ്റ മുഖിയാണ്. ചുറ്റുമുള്ള ചീറ്റകളെയും അവ ജീവിക്കുന്ന സാഹചര്യങ്ങളും അടുത്ത് നിരീക്ഷിക്കുന്നയാളാണ് മുഖി. എന്നാൽ പരിചയമില്ലാത്തവരെ കണ്ടാൽ ഓടിയൊളിക്കുന്ന നാണക്കാരി കൂടെയാണ് കുഞ്ഞ് മുഖി.
ഓരോ ദിവസവും കൂടുതൽ മിടുക്കിയായി വളർന്ന് വരികയാണ് മുഖി. ഇപ്പോൾ വേട്ടയാടുന്നില്ലെങ്കിലും വേട്ടയാടാനുള്ള താൽപ്പര്യം അവളിൽ പ്രകടമാണെന്ന് അധികൃതർ പറയുന്നു. അമ്മയുടെ താമസസ്ഥലത്തോട് ചേർന്ന് ഒരു കുഞ്ഞുവളപ്പിലാണ് ഒരു വർഷത്തോളമായി മുഖി പാർക്കുന്നത്. അമ്മയുടെ കരുതൽ ഇല്ലെങ്കിലും എന്നും ആ മുഖമെങ്കിലും അവൾക്ക് കാണാമല്ലോ!
Story highlights: India’s First Born Cheetah Cub Turns One