‘കുറ്റവാളികളുടെ പേടിസ്വപ്നം’; ക്രൂരതയുടെ അവസാനവാക്കായ ബ്ലാക്ക് ഡോൾഫിൻ തടവറ!
റഷ്യയിലെ കസാക്കിസ്ഥാൻ അതിർത്തിക്ക് സമീപം സ്ഥിതി ചെയ്യുന്ന ബ്ലാക്ക് ഡോൾഫിൻ ജയിൽ കുപ്രസിദ്ധി നേടിയ ഒരു തടവറയാണ്. പീഡോഫിലുകൾ, കൊലപാതകികൾ, തീവ്രവാദികൾ എന്നിവരുൾപ്പെടെ രാജ്യത്തെ ഏറ്റവും അപകടകാരികളായ കുറ്റവാളികളെ പാർപ്പിക്കുന്ന ഭയാനകമായ തടവറയാണിത്. (Inside Russia’s Brutal Black Dolphin Prison)
രാജ്യത്തെ ഏറ്റവും ക്രൂരരായ കുറ്റവാളികളുടെ വീടായ ഈ തടവറ ക്രൂരതയുടെ മറുരൂപമാണ്. ലോകത്തിലെ ഏറ്റവും ക്രൂരത നിറഞ്ഞ ജയിലുകളുടെ പട്ടികയിൽ ബ്ലാക്ക് ഡോൾഫിൻ മുൻപന്തിയിലാണ്. റഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ജയിലിന് കെട്ടിടത്തിൻ്റെ മുൻവശത്തുള്ള ഡോൾഫിൻ പ്രതിമയിൽ നിന്നാണ് പേരും ലഭിച്ചിരിക്കുന്നത്. ശിൽപം നിർമിച്ചതും തടവുകാർ തന്നെയാണ്.
കണ്ണുകളും കൈകളും കെട്ടിയാണ് തടവുകാരെ അവരവരുടെ സെല്ലുകളിൽ എത്തിക്കുക. അതായത് തങ്ങളെ പാർപ്പിക്കുന്ന മുറിയൊഴിച്ച് ചുറ്റുമുള്ള യാതൊന്നും തടവുകാർക്ക് കാണാൻ സാധിക്കില്ല. ജയിലിനുള്ളിലെ സ്ഥിതി ഭയാനകമാണ്.
24 മണിക്കൂറും ക്യാമറ നിരീക്ഷണത്തിലാണ് തടവുകാർ. ഭക്ഷണം കഴിക്കുന്നത് മുതൽ വ്യായാമവും വിശ്രമമുറി ഉപയോഗിക്കുന്നത് വരെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും തടവുകാർ അവരുടെ സെല്ലുകളിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. ഈ നിരന്തരമായ ഒറ്റപ്പെടലും സ്വാതന്ത്ര്യമില്ലായ്മയും അഗാധമായ മാനസിക ക്ലേശത്തിലേക്ക് അവരെ തള്ളിയിടും. കാരണം, ഇവിടെയുള്ള അന്തേവാസികൾ നിർജീവ റോബോട്ടുകളെപ്പോലെയാണ്.
ഇവിടെ തടവുകാർ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാറില്ല. ജീവൻ നിലനിർത്താൻ മാത്രം ആവശ്യമുള്ള ഒരു കഷ്ണം ബ്രെഡും മിച്ചം വന്ന ഭക്ഷണവും ഒരു നീണ്ട വടിയുടെ സഹായത്തോടെ ജനാലയിലൂടെ അധികൃതർ തടവുകാർക്ക് നൽകും. പകൽ സമയത്ത്, കുറ്റവാളികൾക്ക് തങ്ങളുടെ കട്ടിലിൽ ഇരിക്കാനോ കിടക്കാനോ അനുവാദമില്ല. രാത്രി മുഴുവൻ ലൈറ്റ് ഓൺ ആയി തന്നെ കിടക്കണം. കൈകളോ തുണിയോ ഉപയോഗിച്ച് അവ മറയ്ക്കാനോ മുഖം മറച്ച് പിടിച്ച് ഉറങ്ങാനോ പാടുള്ളതല്ല.
മുഴുവൻ സമയവും ആയുധധാരികളായ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ് തടവുകാർ. നൂറ്റാണ്ടുകളായി ഇവിടെ നിന്നും ആരും രക്ഷപെട്ടിട്ടില്ല. രക്ഷപെടാനുള്ള ഏക മാർഗം മരണമാണ്. കാരണം, മരണത്തേക്കാൾ വേദനിപ്പിക്കുന്നതാണ് ഇവിടുത്ത ശിക്ഷാനടപടികൾ.
പലപ്പോഴും അന്തേവാസികൾ രക്ഷപെടാനുള്ള ശ്രമങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യവും ഇവിടെ ഉണ്ടായിട്ടുണ്ട്. ശിക്ഷയായെങ്കിലും കൊന്നുകളയുന്നതാണ് അവിടെ താമസിക്കുന്നതിനേക്കാൾ ഉചിതം എന്നതാണ് യാഥാർഥ്യം. ആത്മഹത്യാശ്രമങ്ങൾ തടയുന്നതിനായി ഉപയോഗിക്കാൻ സാധ്യതയുള്ള യാതൊരു വസ്തുക്കളും സെല്ലുകളിൽ വെക്കാറില്ല.
25 വർഷങ്ങൾക്ക് ശേഷമാണ് തടവുകാർക്ക് ജയിലിന് പുറത്ത് കടക്കാൻ സാധിക്കുക. എന്നാൽ ജീവനോടെ ആരും ഇന്നുവരെ പുറത്ത് വന്നിട്ടില്ല എന്നതാണ് സത്യം. കടുത്ത ഏകാന്തതയും, സമ്മർദ്ദവും താങ്ങാനാവാതെ ഭൂരിഭാഗം ആളുകളും ആ കാലയളവിനുള്ളിൽ മരണപ്പെട്ടിട്ടുണ്ടാകും.
Story highlights: Inside Russia’s Brutal Black Dolphin Prison