പ്രജകൾക്ക് ജലമെത്തിക്കാൻ സ്വന്തം ആഭരണങ്ങൾ വിറ്റ മൈസൂരിന്റെ മഹാറാണി!

April 29, 2024

വാണി വിലാസ സന്നിധാന താൻ ജീവിച്ച കാലഘട്ടത്തിലെ ഏറ്റവും ശക്തയായ ഭരണാധികാരികളിൽ ഒരാളായിരുന്നു. ജനങ്ങളുടെ ക്ഷേമവും വളർച്ചയുമായിരുന്നു അവരുടെ പ്രധാന ലക്ഷ്യങ്ങൾ. തൻ്റെ നാട് മികച്ചതാക്കാനുള്ള മഹത്തായ സംഭാവനകളിലൂടെയും വിദ്യാഭ്യാസത്തിലൂടെ ജനങ്ങളെ ശാക്തീകരിക്കുന്നതിലുള്ള ഉറച്ച വിശ്വാസത്തിലൂടെയും രാജ്യത്തിന്റെ ചരിത്രത്തിലെ പ്രമുഖ രാജ്ഞികളിൽ ഒരാളായി അവർ സ്വയം സ്ഥാനമുറപ്പിച്ചു. (Mysore Queen Who Sold Her Jewellery to Supply Water )

മൈസൂരിലെ ഒരു രാജകുടുംബത്തിൽ പെട്ടയാളായിരുന്നു കെമ്പനഞ്ജമ്മണി വാണി വിലാസ സന്നിധാന. പന്ത്രണ്ടാം വയസ്സിലായിരുന്നു ചമരാജേന്ദ്രയുമായുള്ള വാണിയുടെ വിവാഹം. ചമരാജേന്ദ്രയും വാണി വിലാസവും തങ്ങളുടെ ജനങ്ങളെ സേവിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ജനപ്രിയ ഭരണാധികാരികളായി മാറുകയും ചെയ്തു.

എന്നാൽ, 1894-ൽ അസുഖം ബാധിച്ച് ചമരാജേന്ദ്രൻ മരണപ്പെട്ടു. അദ്ദേഹത്തിൻ്റെ പെട്ടെന്നുള്ള മരണം ഏവർക്കും വലിയ പ്രഹരമാണേൽപ്പിച്ചത്. അത്രയും സമർത്ഥനായ ഭരണാധികാരിയുടെ നഷ്ടത്തിൽ പൗരന്മാർ ദുഃഖിക്കുകയും മുഴുവൻ നാട്ടുരാജ്യത്തിൻ്റെയും ക്ഷേമത്തെക്കുറിച്ചുള്ള ആശങ്കകൾ എല്ലായിടത്തും വ്യാപിക്കാനും തുടങ്ങി.

അന്ന് ഇരുവരുടെയും മൂത്ത മകന് 10 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളു. അതിനാൽ സിംഹാസനം കേവലം 26 വയസുകാരിയായ വാണിക്ക് ലഭിച്ചു. സംസ്ഥാനത്തെ രക്ഷിക്കാൻ അവർ രാജ്ഞി റീജൻ്റ് ആയി പദവിയേറ്റു.

Read also: ഇവിടെ ഭക്ഷണവും കഴിക്കാം, അല്പം വായനയുമാകാം; 74-കാരിയുടെ പുസ്തക ഹോട്ടൽ!

നാടിന്റെ നിർണായക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്ന സംരംഭങ്ങളുടെ ഒരു പരമ്പരയാണ് പിന്നീടുള്ള ഭരണം അടയാളപ്പെടുത്തിയത്. ആരോഗ്യ സംരക്ഷണം മുതൽ ശുദ്ധമായ വെള്ളവും വിദ്യാഭ്യാസവും ഉറപ്പാക്കുന്നത് വരെ അവർ ക്ഷേമത്തിനുള്ള ഒരു വഴികളും അടച്ചിട്ടില്ല.

വാണിയുടെ ഭരണത്തിൻ കീഴിൽ ആയിരക്കണക്കിന് കർഷകർക്ക് പ്രയോജനമുണ്ടായി. 1898-ൽ മഹാറാണി ശേഷാദ്രി അയ്യരുമായി ചേർന്ന് ഒരു ജലസേചന പദ്ധതി ആരംഭിച്ചു.18 വർഷം മൈസൂർ ദിവാനായി സേവിച്ചയാളാണ് അയ്യർ.

ചിത്രദുർഗ ജില്ലയിലെ 120 വർഷം പഴക്കമുള്ള വാണിവിലാസ സാഗർ അണക്കെട്ടാണ് ഒരു കാലത്ത് ഈ മേഖലയിലെ 25,000 ഏക്കർ ഭൂമിക്ക് ജലസേചന സൗകര്യം നൽകിയിരുന്നത്. 1902-ൽ കെ.ജി.എഫിനും പിന്നീട് ബെംഗളൂരുവിലേക്കും വൈദ്യുതി എത്തിച്ച ശിവനസമുദ്ര ജലവൈദ്യുത പദ്ധതിയിൽ വാണി സജീവമായി പങ്കെടുത്തു.

അവരുടെ ഏറ്റവും ശ്രദ്ധേയമായ നേട്ടം കാവേരി നദി പദ്ധതിയായിരുന്നു. കാവേരി നദിക്ക് കുറുകെയുള്ള കൃഷ്ണ രാജ സാഗര (കെആർഎസ്) അണക്കെട്ടിൻ്റെ നിർമ്മാണത്തിനായി അവർ തൻ്റെ ആഭരണങ്ങൾ പോലും വിറ്റതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വിദ്യാസമ്പന്നയായ സ്ത്രീയായതിനാൽ, മഹാറാണി വിദ്യാഭ്യാസത്തിൽ അതീവ താല്പര്യം കാണിച്ചു. പെൺകുട്ടികൾക്ക് പഠിക്കാൻ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചതിൻ്റെ ഫലമായി ഏകദേശം 12,000 പെൺകുട്ടികൾക്ക് 235 പൊതുവിദ്യാലയങ്ങളിൽ പഠിക്കാൻ കഴിഞ്ഞു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സ്ഥാപിക്കാൻ അവർ 372 ഏക്കർ സ്ഥലം നൽകി.സ്ത്രീകളുടെ പ്രസവസുരക്ഷയും പ്രസവാനന്തര പരിചരണവും അവർ വിലമതിക്കുകയുംഅവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സംസ്ഥാനത്തുടനീളം ഡിസ്പെൻസറികളും ആശുപത്രികളും സ്ഥാപിക്കുകയും ചെയ്തു.

വിധവകൾക്ക് ആഡംബരങ്ങൾ ആസ്വദിക്കാനോ അടിയന്തര ആവശ്യങ്ങൾ പോലും നേടിയെടുക്കാൻ കഴിയാത്ത കാലത്താണ് രാജ്ഞി തൻ്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റിയത്. അവളുടെ ഭരണ ശൈലി അതുല്യമായിരുന്നു. തൻ്റെ പ്രജകളെ സ്വന്തം മക്കളെപ്പോലെ പരിചരിക്കുകയും അവർക്ക് പ്രയോജനപ്പെടുന്ന പദ്ധതികളും നയങ്ങളും അവതരിപ്പിക്കുകയും ചെയ്ത വാണി വിലാസ സന്നിധാന സമ്പന്നമായ ഒരു ഭരണ പാരമ്പര്യമാണ് അവശേഷിപ്പിച്ചത്.

Story highlights: Mysore Queen Who Sold Her Jewellery to Supply Water