വഴിതെറ്റി ഒറ്റപ്പെട്ട 40 വർഷങ്ങൾ; ഒടുവിൽ കുടുംബത്തെ കണ്ടെത്തിയ മുത്തശ്ശിയുടെ സംഭവബഹുലമായ കഥ

April 11, 2024

സിനിമയെ വെല്ലുന്നതാണ് കഴിഞ്ഞ നാൽപത് വർഷം പഞ്ചുഭായി എന്ന വയോധികയുടെ ജീവിതത്തിൽ സംഭവിച്ചത്. മകനൊപ്പം ആശുപത്രിയിൽ പോയ പഞ്ചുഭായി വഴിതെറ്റി കുടുംബത്തെ തേടി അലഞ്ഞത് 40 വർഷമാണ്.ഇപ്പോൾ അവർക്ക് 96 വയസുണ്ട്. ഈ നാൽപതു വർഷവും അവർക്ക് തണലായി ഒരു കുടുംബവും നാടും തന്നെയുണ്ടായിരുന്നു. 2020ലാണ് അവർ കുടുംബത്തെ വീണ്ടും കണ്ടെത്തുന്നത്.

മഹാരാഷ്ട്രയിലെ പത്രോട് സ്വദേശിയായ പഞ്ചുഭായി മകനൊപ്പം നാഗ്പൂരിൽ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് വഴിതെറ്റി കാണാതാകുന്നത്. കാണാതായ ഇവരെ മധ്യപ്രദേശിൽ വെച്ചാണ് കണ്ടെത്തുന്നത്. അവിടെ തേനീച്ചയുടെ ആക്രമണം നേരിടേണ്ടി വന്ന പഞ്ചുഭായിയെ നൂർ ഖാൻ എന്ന യുവാവാണ് രക്ഷപ്പെടുത്തിയത്.

പിന്നീട് പഞ്ചുഭായി ജീവിച്ചത് നൂർ ഖാന്റെ കുടുംബത്തിനൊപ്പമാണ്. നൂർ ഖാന്റെ മരണശേഷം മകൻ ഇസ്രർ പഞ്ചുഭായിയെ സംരക്ഷിക്കാൻ തുടങ്ങി. അങ്ങനെയിരിക്കെ ഇസ്രർ പഞ്ചുഭായിയോട് ഭൂതകാലത്തെക്കുറിച്ച് തിരക്കി. അങ്ങനെയാണ് അവരുടെ നാടിനെ കുറിച്ച് അറിയുന്നത്. പിന്നാലെ ഇസ്രർ, വാട്സാപ്പ് വഴി പഞ്ചുഭായിയുടെ നാടായ പത്രോട്ടിലെ ഒരാൾക്ക് അവരുടെ ചിത്രം അയക്കുകയും കുടുംബത്തെ കണ്ടെത്തുകയും ചെയ്തു.

Read also: അത്യാധുനിക ഐടി കോഴ്‌സുകൾ പഠിക്കാൻ അവസരം; ഭാവി സ്വപ്നങ്ങൾക്ക് കൂട്ടായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി!

കുടുംബം അന്വേഷിച്ചെത്തിയതോടെ നൂർഖാന്റെ കുടുംബത്തോട് പഞ്ചുഭായി വിടപറഞ്ഞു. നാൽപത് വർഷങ്ങൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയപ്പോൾ നിറ കണ്ണുകളോടെയാണ് ആ നാട് പഞ്ചുഭായിയെ യാത്രയയച്ചത്.

Story highlights-old women reunites with family after 40 years