18 വയസിൽ 50-കാരിയുടെ മുഖം; അപൂർവ രോഗത്തിന് മുന്നിൽ തോൽക്കാതെ പെൺകുട്ടി!

April 17, 2024

പ്രായമുള്ളവർ അത് കുറയ്ക്കാൻ നെട്ടോട്ടമോടുന്ന ഇക്കാലത്ത് കുട്ടിക്കാലത്ത് തന്നെ അകാല വാർദ്ധക്യം ബാധിക്കുന്നവരുമുണ്ട്. ചെറുപ്പത്തിൽ തന്നെ വൃദ്ധരെ പോലെ ശരീരം ചുക്കിച്ചുളിഞ്ഞും മുടി നരച്ചും കാണപ്പെടുന്ന അത്തരം ആളുകളുടെ അവസ്ഥ ഏറെ സങ്കടകരമാണ്. (Teenager Who Looks Like a 50 Year Old)

ഫിലിപ്പീൻസുകാരിയായ റെയ്‌സൽ കാലാഗോ (Raizel Calago) എന്ന പെൺകുട്ടി അതിനൊരു ഉദാഹരണമാണ്. ഇപ്പോൾ റെയ്‌സൽന് പ്രായം 18 ആണെങ്കിലും 50 കാരിയുടെ ശരീരപ്രകൃതിയാണ് അവൾക്കുള്ളത്. പ്രൊജേറിയ (progeria) എന്ന അപൂർവ രോഗമാണ് ഈ അവസ്ഥയ്ക്ക് കാരണം. കണ്ടാൽ ശരിക്കുള്ള പ്രായത്തിന്റെ നാലിരട്ടി തോന്നിക്കുമെന്നതാണ് പ്രത്യേകത.

വെറും രണ്ട് വർഷങ്ങൾ കൊണ്ടാണ് കലാഗോ ഒരു സുന്ദരിയായ പെൺകുട്ടിയിൽ നിന്ന് ഒരു വൃദ്ധയായ സ്ത്രീയിലേക്ക് മാറിയത്. വളരെ പെട്ടെന്നായിരുന്നു അത് സംഭവിച്ചത്. ഒരു ദിവസം പ്രതീക്ഷിക്കാതെ അവളുടെ ശരീരം മുഴുവൻ ചുവന്ന് തടിച്ച് വന്നു. അതിന് ശേഷം ചുളിവുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. വേദനയും, ചൊറിച്ചിലും അവളെ ബുദ്ധിമുട്ടിച്ചു.

കാലാഗോയുടെ അവസ്ഥ കണ്ട് ഭയന്ന വീട്ടുകാർ അവളെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി. പക്ഷേ, അവളുടെ അസ്വസ്ഥത കൂടുക മാത്രമാണ് ഉണ്ടായത്. അധികം വൈകാതെ തന്നെ അവൾ തനിക്ക് സംഭവിച്ച രൂപമാറ്റങ്ങൾ വേദനയോടെ തിരിച്ചറിഞ്ഞു.

Read also: പട്ടാളക്കാരനാകാൻ കൊതിച്ച് ഇന്ത്യൻ ബ്ലൈൻഡ് ക്രിക്കറ്റ് ക്യാപ്റ്റനായി മാറിയ അജയ് കുമാർ റെഡ്ഢി!

ഇന്ന് ഒരു മുത്തശ്ശിയാണെന്ന് തെറ്റിദ്ധരിക്കും വിധം മാറിയിരിക്കുന്നു ആ പെൺകുട്ടി. ഒരു പക്ഷെ സ്വന്തം അമ്മയെക്കാൾ പ്രായം തോന്നിക്കുന്നു എന്ന വേദനിപ്പിക്കുന്ന വാക്കുകളും പലരും പറയാറുണ്ട്. ഈ രോഗം തൊലിപ്പുറത്ത് മാത്രമല്ല മാറ്റങ്ങൾ ഉണ്ടാക്കുക. സന്ധി ക്ഷയം, ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‍നങ്ങളിലേക്കും നയിച്ചേക്കാം.

ആദ്യമൊക്കെ കണ്ണാടിയിൽ കാണുന്ന തൻ്റെ രൂപത്തോട് വലിയ വെറുപ്പും പേടിയും തോന്നിയിരുന്നു കാലാഗോയ്ക്ക്. എന്നാൽ ഇന്ന് തനിക്ക് മുന്നോട്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ മാത്രമാണ് അവളുടെ ശ്രദ്ധ. പഠനത്തിൽ കൃത്യമായി ശ്രദ്ധിക്കുന്ന അവൾക്ക് ഒരു ഷെഫ് ആകണമെന്നാണ് ആഗ്രഹം. അച്ഛനാണ് പാചകത്തിലെ ഗുരു. ചെറുപ്പത്തിൽ തന്നെ വീട്ടിലുള്ള ഏവർക്കും സന്തോഷത്തോടെ പാകം ചെയ്ത ഭക്ഷണം അവൾ വിളമ്പി നൽകുന്നു.

എന്നെങ്കിലും സാധാരണ നിലയിലേക്ക് മടങ്ങാൻ സാധിക്കും എന്ന പ്രതീക്ഷ ഇന്നും ഈ പെൺകുട്ടിയുടെ ഉള്ളിലുണ്ട്. എങ്കിലും യാഥാർഥ്യം അംഗീകരിച്ച് തൻ്റെ യാത്ര ആത്മവിശ്വാസത്തോടെ തുടരണം എന്നതാണ് അവളുടെ തീരുമാനം.

Story highlights: Teenager Who Looks Like a 50 Year Old