‘തരംഗം ആവർത്തിക്കുന്നു’; ശ്രദ്ധ നേടി ജോക്കർ 2 ട്രെയ്‌ലർ!

റിലീസ് ശേഷം അഞ്ച് വർഷങ്ങൾ പിന്നിടുമ്പോൾ വീണ്ടും തരംഗമായി തിരിച്ചെത്തുകയാണ് ജോക്കർ എന്ന ക്ലാസിക്. 2019-ൽ പുറത്തിറങ്ങിയ ജോക്കർ ഒരു വമ്പിച്ച ബോക്സ് ഓഫീസ് ഹിറ്റായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കറും വോക്വിൻ ഫീനിക്സിനെ തേടിയെത്തിയിരുന്നു. ഇപ്പോഴിതാ, ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ ചിത്രത്തിന്റെ രണ്ടാം ഭാഗം ‘ജോക്കര്‍; ഫോളി അഡ്യൂ’വിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയിരിക്കുകയാണ്. (Joker: Folie À Deux Trailer Drive Fans Crazy)
വലിയ രീതിയിലുള്ള സ്വീകാര്യതയാണ് മണിക്കൂറുകൾക്കുള്ളിൽ തന്നെ ട്രെയ്‌ലറിന് ലഭിക്കുന്നത്. വെനീസ് ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്തതിന് ശേഷം 2024 ഒക്ടോബർ 4 ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് വിവരങ്ങൾ. ജോക്കറിന്റെ ആദ്യ പതിപ്പ് 2019-ലെ വെനീസ് ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ലയൺ നേടിയിരുന്നു.
ഗോതം നഗരത്തിൻ്റെ തന്നെ വിധി മാറ്റിമറിച്ച ജോക്കർ പ്രത്യക്ഷപ്പെടുന്ന രംഗത്തിലൂടെയാണ് ട്രെയ്‌ലർ ആരംഭിക്കുന്നത്. കുറ്റകൃത്യങ്ങളുടെ പേരില്‍ വിചാരണ നേരിടുന്ന ജോക്കർ തൻ്റെ ആരാധികയായ ഹാർലി ക്വിന്നിനെ കണ്ടുമുട്ടുന്നതും, ഇരുവരുടെയും കൂട്ടുകെട്ടിന്റെ തുടർച്ചയായി നടക്കുന്ന കഥാസന്ദർഭങ്ങളുമാണ് ട്രെയ്‌ലറിലൂടെ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇരുവരും ഗോതം നഗരിയിൽ വിനാശം വിതയ്ക്കാൻ പുറപ്പെടുന്ന രംഗങ്ങളും ട്രെയിലറിലുണ്ട്. സംവിധായകന്‍ ടോഡ് ഫിലിപ്‌സ് മുൻപ് സൂചിപ്പിച്ചത് പോലെ, ഒരു മ്യൂസിക്കല്‍ ക്രിയേഷൻ ആകും ചിത്രം എന്നാണ് ട്രെയ്‌ലർ നല്‍കുന്ന സൂചന.
Read also: ബേസിക്കലി റിച്ച് വൈറൽ ടീസർ; ജീത്തു ജോസഫ് ചിത്രം ‘നുണക്കുഴി’ ഓഗസ്റ്റ് 15ന്
രണ്ടാം ഭാവത്തിലും ജോക്കറായി വേഷമിടുന്നത് വോക്വിൻ ഫീനികസാണ്. ജോക്കറിന്റെ കൂട്ടാളി ഹാർലി ക്വിന്നായി എത്തുന്നത് ലേഡി ഗാഗയാണ്. ലേഡി ഗാഗയുടെ സ്റ്റേജ് പെര്‍ഫോമന്‍സും ട്രെയിലറിൽ കാണാം.
2019-ലെ ചിത്രം ആർതർ ഫ്ലെക്ക് എന്ന പരാജയപ്പെട്ട ഹാസ്യനടൻ്റെ കഥയാണ് പറഞ്ഞത്. അവൻ പതുക്കെ ഒരു ഭ്രാന്തനായി മാറുകയും ഗോതം നഗരത്തിന്റെ വിധി മാറ്റുകയും ചെയ്യുന്നതായിരുന്നു ചിത്രത്തിന്റെ ഇതിവ്യത്തം. വാണിജ്യപരമായി വൻ വിജയമായിരുന്നു ആദ്യ ജോക്കർ. നിലവിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ R-റേറ്റഡ് സിനിമ എന്ന ചരിത്രവും ജോക്കറിന് സ്വന്തം.
Story highlights: Joker: Folie À Deux Trailer Drive Fans Crazy