‘നുണക്കുഴിയുടെ ചിരിക്കുഴിയിൽ വീണ് പ്രേക്ഷകർ’; കുടുംബ പ്രേക്ഷകർക്കായി വീണ്ടുമൊരു ജീത്തു ജോസഫ് ചിത്രം!

August 16, 2024

ഇന്ന് മലയാള സിനിമയിൽ, പ്രേക്ഷകർക്ക് മിനിമം ഗ്യാരണ്ടി ഉറപ്പ് നൽകുന്ന രണ്ടുപേരാണ് ജീത്തു ജോസഫും ബേസിൽ ജോസഫും. ഇരുവരുടെയും കൂട്ടുകെട്ടിൽ ഒരു ചിത്രം എന്നത് ഏതൊരു പ്രേക്ഷകനും ആലോചിക്കാതെ ടിക്കറ്റ് എടുക്കാനുള്ള കാരണമാകുകയാണ്. (Audience Welcome Jeethu Joseph Movie ‘Nunakkuzhi’)

ജീത്തു ജോസഫിന്റെ ‘നുണക്കുഴി’, പേര് പോലെ കവിളത്തെ മനോഹരമായ ചുഴിയല്ല, മറിച്ച് ഒരു നുണയെ മറയ്ക്കാൻ നുണകളായ നുണകളൊക്കെ പറഞ്ഞ് കുഴിയിൽ ചാടുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് പറയുന്നത്. ഫുൾ ലംഗ്ത്ത് കോമഡി ചിത്രത്തിൽ ബേസിൽ ജോസഫും ഗ്രേസ് ആന്റണിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. മോളിവുഡിൽ ത്രില്ലർ സിനിമകൾക്ക് മറ്റൊരു തലം സമ്മാനിച്ച ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരു ചിത്രം തിയറ്ററിലെത്തുമ്പോൾ, പ്രേക്ഷകന്റെ മുൻധാരണകളെല്ലാം മാറിമറിയുകയാണ്.

പൂഴിക്കുന്നേൽ എന്ന ബൃഹത്തായ ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമ സക്കറിയയുടെ മരണശേഷം ബിസിനസ്സ് ഏറ്റെടുക്കുന്ന മകൻ എബി സക്കറിയ പൂഴിക്കുന്നേൽ, ചെറുപ്രായത്തിൽ തന്നെ വിവാഹിതനാകുകയും, ഭാര്യയോടൊപ്പം സമയം ചെലവഴിക്കാൻ അമിത താൽപര്യമുള്ളവനുമായിരുന്നു .

കഥ പുരോഗമിക്കുന്നതോടെ എബി വലിയൊരു കുരുക്കിൽ ചെന്ന് പെടുകയാണ്. അതിൽ നിന്നും രക്ഷപെടാൻ നുണകളായ നുണകളൊക്കെ പറഞ്ഞ് വലിയൊരു ‘നുണക്കുഴിയി’ലാണ് എബി ചാടുന്നത്. ഒരു ദിവസം കൊണ്ട് പല വ്യക്തികളുടെയും ജീവിതത്തിലുണ്ടാകുന്ന ഊരാക്കുടുക്കുകൾ, അതിൽനിന്ന് രക്ഷനേടാൻ അവർ പറയുന്ന നിരുപദ്രവകരമെന്നു തോന്നുന്ന നുണകഥകൾ, തുടങ്ങിയ രസകരമായ സംഭവങ്ങളാണ് സിനിമയിലുടനീളം.

നുണക്കുഴിയുടെ രസക്കൂട്ടിന് മാധുര്യം പകരുന്നത് അതിലെ കഥാപാത്രങ്ങളാണ്. എബി പൂഴിക്കുന്നേലായി ബേസിൽ ജോസഫ്, ഭാര്യ രശ്മിതയായി ഗ്രേസ് ആന്റണി തുടങ്ങിയവർ അരങ്ങിലെത്തുന്നു. ഇൻകംടാക്സ് ഓഫിസറായി എത്തുന്ന സിദ്ദിഖിന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. സിദ്ധിഖ്, മനോജ്‌ കെ ജയൻ, ബൈജു സന്തോഷ്, നിഖില വിമൽ തുടങ്ങിയവർ മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെക്കുന്നത്. അജു വര്‍ഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെല്‍വരാജ്, അല്‍ത്താഫ് സലിം, സ്വാസിക, ശ്യാം മോഹന്‍, ദിനേശ് പ്രഭാകര്‍, ലെന, കലാഭവന്‍ യുസഫ്, രാജേഷ് പറവൂര്‍, റിയാസ് നര്‍മ്മകല, അരുണ്‍ പുനലൂര്‍, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണന്‍, കലാഭവന്‍ ജിന്റോ തുടങ്ങി കഥാപാത്രമായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നവരെല്ലാം തന്നെ ചിരിപൂരത്തിന് തുടക്കം കുറിക്കുന്ന കാഴ്ചയാണ് ക്ലൈമാക്സ്‌ വരെ കാണുന്നത്.

Read also: ജീത്തു ജോസഫ് – ബേസിൽ ജോസഫ് ടീമിന്റെ ‘നുണക്കുഴി’ ടീസർ പുറത്തിറങ്ങി!

ആദ്യാവസാനം വരെ തമാശയുടെ രസച്ചരട് പൊട്ടാതെ സൂക്ഷിച്ച ഒന്നാന്തരം ചിരിക്കുഴിയാണ് നുണക്കുഴി. ദൃശ്യം, നേര്, കൂമൻ, ട്വൽത്ത് മാൻ തുടങ്ങിയ ത്രില്ലറുകൾ സമ്മാനിച്ച ജീത്തു ജോസഫ് തന്നെയാണോ ഈ ചിത്രവും തയ്യാറാക്കിയതെന്ന് പ്രേക്ഷകർക്ക് തോന്നിപ്പോകും. ട്വൽത്ത്മാനും, കൂമനും എഴുതിയ കെ.ആർ. കൃഷ്ണ കുമാറാണ് നുണക്കുഴിയുടെ കഥാരചന നടത്തിയിരിക്കുന്നത്.

ഒട്ടൊന്നു പിഴച്ചാൽ അടുത്തിടെ തീയേറ്ററിലെത്തി പരാജയപ്പെട്ടുപോയ കോമഡി പടങ്ങളുടെ അവസ്ഥ ആയേക്കാവുന്ന കഥയെ, കയ്യടക്കത്തോടെ പ്രേക്ഷകർക്ക് മുന്നിൽ സിനിമ രൂപത്തിലെത്തിക്കാൻ കഴിഞ്ഞത് തിരക്കഥയുടെ ഊർജ്ജം കൊണ്ടുതന്നെയാണ്. തിരക്കഥയുടെ കെട്ടുറപ്പ് നിലനിർത്തി കൊണ്ട് തിയേറ്റിൽ ചിരി പൊട്ടിക്കാൻ വിനായക് വിഷ്ണുവിൻ്റെ എഡിറ്റിംഗും സിനിമയിലെ സംഗീതവും സഹായിച്ചിട്ടുണ്ട്.

സ്വയം വരുത്തി വയ്ക്കുന്ന പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ചിലർ നടത്തുന്ന നുണക്കഥകളുടെ കഥയാണ് നുണക്കുഴി ചർച്ച ചെയ്യുന്നത്. അടുത്ത നിമിഷം എന്താകും എന്ന് പ്രേക്ഷകരെ ആകാംഷാഭരിതരാക്കുന്നതിനൊപ്പം ചിരിയുടെ മാലപ്പടക്കം തീർക്കുന്ന ഒരു ത്രില്ലർ ഫൺ റൈഡാണ് ചിത്രം. ഏറെ ലാഘവത്തോടെ കണ്ടിരിക്കാനും, ആസ്വദിക്കാനും, പൊട്ടിച്ചിരിക്കാനും വകയുള്ള നുണക്കുഴി എല്ലാത്തരം പ്രേക്ഷകരെയും ഒരു പോലെ രസിപ്പിക്കുന്ന ഒരു സിനിമയായിരിക്കും.

Story Highlights: (Audience Welcome Jeethu Joseph Movie ‘Nunakkuzhi’)