ആവേശമായി കസകസ; വിനായകനിലൂടെ മലയാളിക്ക് പുതിയ ഹിറ്റ് ഗാനം!

September 28, 2024

ഒക്ടോബർ നാലിന് റിലീസ് ചെയ്യുന്ന തെക്ക് വടക്ക് സിനിമയിലെ കസകസ ഗാനത്തിലൂടെ മലയാളിക്ക് ലഭിക്കുന്നത് പുതിയ ഹിറ്റ് ഗാനം. വിനായകൻ ആടി അഭിനയിക്കുന്ന ഗാനം ലോകമാകെ മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു. സൂപ്പർഹിറ്റ് തമിഴ് ഗായകൻ ആന്റണി ദാസൻ ആലപിച്ച ഈ പാർട്ടി സോങ്ങ് സോഷ്യൽ മീഡിയയാകെ നിറയുകയാണ്. സാം സിഎസ് ആർഡിഎക്സിനു ശേഷം മലയാളത്തിൽ വീണ്ടും ഒരു ഹിറ്റ് ഗാനം ഒരുക്കുകയാണ് കസകസയിലൂടെ. (Kasakasa is the next top Malayalam Hit)

ജിഗർതണ്ട, പേട്ട, കാത്തുവാക്കിലെ രണ്ടു കാതൽ, താന ശേർന്ന കൂട്ടം- തുടങ്ങി സന്തോഷ് നാരായണൻ, അനിരുദ്ധ് തുടങ്ങി തമിഴിലെ സൂപ്പർ ഹിറ്റ് സംഗീത സംവിധായകരുടെയെല്ലാം പാട്ടുകൾ ആലപിച്ച ആന്റണി ദാസൻ മലയാളത്തിൽ ഗപ്പിയിലും അമ്പിളിയിലും പാടിയ പാട്ടുകളും ജനഹൃദയങ്ങളിൽ ഇപ്പോഴും പാടിപ്പടരുകയാണ്. അമ്പിളിയിലെ ഞാൻ ജാക്സണല്ലടാ, ഗപ്പിയിലെ ഗബ്രിയേലിന്റെ ദർശന സാഫല്യമായ് തുടങ്ങിയവ- മലയാളത്തിലെ എവർഗ്രീൻ പട്ടികയിലാണ് ഇടം നേടിയത്.

Read also: ‘കസകസ’ ആടി വിനായകൻ; തീപ്പൊരി ​ഗാനവുമായി ‘തെക്ക് വ‌ടക്ക്’ ടീം..!

ആന്റണി ദാസനെ കൂടാതെ ജാസി ഗിഫ്റ്റ്, ജീമോൻ, പ്രസിദ, യദു എന്നിവർക്കൊപ്പം സാം സിഎസും തെക്ക് വടക്കിൽ പാടുന്നുണ്ട്. മ്യൂസിക്കിനും ഹ്യൂമറിനും പ്രാധാന്യമുള്ള സിനിമ വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി നായകരായി ഒന്നിക്കുന്ന സിനിമയാണ്. റീഫീഖ് അഹമ്മദ്, ലക്ഷ്മി ശ്രീകുമാർ എന്നിവരാണ് ഗാനരചന. ആന്റണി ദാസൻ പാടിയ കസകസ രചിച്ചത് ലക്ഷ്മിയാണ്.

എസ്. ഹരീഷിന്റെ രചനയിൽ പ്രേം ശങ്കർ സംവിധാനം ചെയ്യുന്ന സിനിമ അൻജന- വാർസിന്റെ ബാനറിൽ അൻജന ഫിലിപ്പാണ് നിർമ്മിക്കുന്നത്.

Story Highlights: Kasakasa is the next top Malayalam Hit