കണ്ണ് ഈറനണിഞ്ഞു, മനം വിതുമ്പി; ശ്രദ്ധേയമായി അച്ഛൻ – മകൾ ആത്മബന്ധത്തിന്റെ കഥ പറയുന്ന ‘താര’
ഒരു അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധവും കരുതലുമെല്ലാം കോർത്തിണക്കി ഫ്‌ളവേഴ്‌സ് ഒരുക്കിയ ടെലിഫിലിമാണ് ‘താര’. അമ്മയുടെ അസാന്നിധ്യത്തിൽ വളരുന്ന ഒരു പെൺകുട്ടി നേരിടുന്ന പ്രശ്നങ്ങളും, പതിയെ മകളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പെരുമാറുന്ന ഒരു അച്ഛന്റെയും ജീവിതവുമാണ് ചിത്രം മുന്നോട്ടുപോകുന്നത്. സ്വഭാവ വൈകല്യങ്ങളാൽ ബുദ്ധിമുട്ടുന്ന പെൺകുട്ടിയാണ് താര. അതോടൊപ്പം അച്ഛനുമായി വേർപിരിഞ്ഞ അമ്മയുടെ ഓർമകളും പെൺകുട്ടിയെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ( Flowers Telefilm Thaara released )
ഇത്തരം പ്രതിസന്ധികളുടെ പരിണിതഫലമായി പഠനകാര്യങ്ങളിലും വ്യക്തി ജീവിതത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്ന താര കൂട്ടുകാർക്കിടയിലും അധ്യാപകർക്കിടയിലും ഒറ്റപ്പെടുന്നു. ഉയർന്ന പദവിയിൽ ജോലി ചെയ്യുന്ന അച്ഛന് പലപ്പോഴും മകളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയുന്നില്ല. ഒടുവിൽ അച്ഛൻ രാജീവ് നൽകുന്ന സ്നേഹവും ലാളനയും കൊണ്ട് താര ആത്മ ധൈര്യത്തോടുകൂടി ജീവിതത്തിൽ വിജയം കൈവരിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഇത്തരത്തിൽ സ്വഭാവ വൈകല്യങ്ങളാൽ ബുദ്ധിമുട്ടുന്ന നിരവധിയാളുകളെ ഒന്നിനും കൊള്ളാത്തവനായും മടിയനായും പലപ്പോഴും സമൂഹം മുദ്രകുത്താറുണ്ട്. ജോലി സ്ഥലങ്ങളിലും സമൂഹത്തിന്റെ വിവിധ മേഖലകളിലും അടക്കം മറ്റുള്ളവരുടെ പരിഹാസം കൂടിയാകുമ്പോള്‍ വിഷാദത്തിലേക്കും ഇത്തരക്കാര്‍ വഴുതി വീഴാന്‍ ഇടയാകും. ഇതുപോലെയുള്ളവരെ അവഗണിക്കുന്നതിന് പകരം സ്നേഹവും ലാളനയും കൊണ്ട് ചേർത്തുപിടിക്കണമെന്ന സന്ദേശമാണ് ചിത്രത്തിന്റെ അണിയപ്രവർത്തകർ പ്രേക്ഷകർക്കായി നൽകുന്നത്.
ചിത്രത്തിൽ അച്ഛനും മകളുമായി എത്തിയ പ്രിയരാജ് ഗോവിന്ദരാജ്, ദുർഗ്ഗ പ്രേംജിത്ത് എന്നിവരുടെ പ്രകടനം മികച്ചതാണ്. ഫ്ളവേഴ്സ് D.O.P ബിജു കെ കൃഷ്ണനാണ് ടെലിഫിലിമിന്റെ കഥയും സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ചത്. ജസ്റ്റിൻ മാത്യുവിന്റേതാണ് തിരക്കഥ. പ്രശസ്ത സംഗീത സംവിധായകൻ ശരത്തിന്റെ സംഗീതത്തിലൂടെയാണ് താരയുടെ ദൃശ്യങ്ങൾ പ്രേക്ഷക ഹൃദയങ്ങളിൽ പതിയുന്നത്. ഫ്‌ളവേഴ്‌സ് ഓഡിയോ വിഭാഗം ഹെഡ് ടിജോ സെബാസ്റ്റ്യനാണ് സൗണ്ട് മിക്‌സിംഗ്.
Read Also : കൊലപാതം ആത്മഹത്യയാക്കിയതാണോ ? ‘ആനന്ദ് ശ്രീബാല’യിലൂടെ മിഷേൽ കേസ് വീണ്ടും ചർച്ചയാകുന്നു..!
Story highlights : Flowers Telefilm Thaara released