മലയാളത്തിൽ മെലഡിയുടെ വസന്തകാലം തിരികെയെത്തിയ അനുഭൂതി; പ്രേക്ഷക ഹൃദയം തൊട്ട് ‘അം അഃ’ യിലെ ഗാനങ്ങൾ..!

കണ്ണും മനസും നിറയ്ക്കുന്ന ആർദ്ര സ്നേഹത്തിന്റെയും അതിശയിപ്പിക്കുന്ന ആത്മബന്ധത്തിന്റെയും കഥ പറയുന്ന അം അഃ എന്ന ചിത്രം, തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. സംവിധാനം, തിരക്കഥ, അഭിനയം, സിനിമാറ്റോഗ്രഫി, സംഗീതം എന്നിങ്ങനെ എല്ലാ മേഖലകളിലും ചിത്രം മികച്ച നിലവാരം പുലർത്തുന്നുണ്ടെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. വളരെ കാലത്തിന് ശേഷമാണ് ഹൃദയസ്പർശിയായ ഒരു നല്ല സിനിമ മലയാളത്തിലുണ്ടാകുന്നതെന്നും പരക്കെ അഭിപ്രായമുണ്ട്. ( AM AH movie songs touched audiences hearts)
ഗോപി സുന്ദർ സംഗീതം നൽകിയിട്ടുള്ള നാല് മനോഹര ഗാനങ്ങളാണ് അം അഃ എന്ന ചിത്രത്തിന്റെ വലിയൊരു ആകർഷണം. റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, നിധീഷ് നടേരി, കവിപ്രസാദ് ഗോപിനാഥ് എന്നിവരാണ് ഗാനരചയിതാക്കൾ. ഗോപി സുന്ദറാണ് പശ്ചാത്തലസംഗീതം ചെയ്തിട്ടുള്ളത്. ഗോപി സുന്ദറിന്റെ ഗാനങ്ങളും പശ്ചാത്തലസംഗീതവുമാണ് സംഭാഷണങ്ങൾ പോലുമില്ലാത്ത രംഗങ്ങളിൽ സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്നത്.
പാട്ടുകളെ കുറിച്ച് പറയുകയാണെങ്കിൽ മൂന്ന് ഗാനങ്ങളാണ് ഇതുവരെ റിലീസ് ചെയ്തിട്ടുള്ളത്. ‘കണ്ണെത്താദൂരത്ത്’ എന്ന ടൈറ്റിൽ സോംഗ് അല്ലെങ്കിൽ കവന്ത സോംഗ് – കവന്തയിലേക്കുള്ള നായകന്റെ യാത്രയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിട്ടുള്ളതാണ്. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എഴുതി, നവാഗത ഗായിക അദ്വൈത പത്മകുമാർ ആലപിച്ച ഈ ഗാനം ചിത്രത്തിന്റെ തുടക്കത്തിന് കൂടുതൽ ശോഭയും പ്രസരിപ്പും നൽകുന്നു.
‘ആരോരും കേറിടാത്തൊരു ചില്ലയിൽ’ എന്ന തരാട്ടുപാട്ട് നായികയുടെ മനസിൽ മാത്രമല്ല ശ്രോതാക്കളുടെ മനസിലും വല്ലാത്തൊരു വിങ്ങലുണ്ടാക്കുന്നു. തന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ഒരു കുഞ്ഞിനോടുള്ള സ്നേഹവാത്സല്യങ്ങൾ അതിതീവ്രമായി ആവിഷ്കരിച്ചിരിക്കുകയാണ് തന്റെ വരികളിലൂടെ റഫീഖ് അഹമ്മദ്. അതേ തീവ്രതയോടെ തന്നെ ഗായിക സേബ ടോമി ആ ഗാനം പ്രേക്ഷകഹൃദയങ്ങളിലേക്ക് പകർന്നിരിക്കുന്നു.
‘ഇതളെ പൊന്നിതളെ..’ എന്ന ഭാവസാന്ദ്രമായ ഗാനം താനേറെ കൊതിച്ച സ്വപ്നം യാഥാർത്ഥ്യമാകുന്നു എന്നറിയുമ്പോൾ നായികയുടെ മനസിലുണ്ടാകുന്ന സന്തോഷത്തിന്റെയും പ്രതീക്ഷകളുടെയും ബഹിർസ്ഫുരമാണ്. അത്യന്തം വൈകാരികമായ കഥാസന്ദർഭങ്ങൾ ഉളവാക്കിയ മനോവേദനയിൽ നിന്നും മാനസിക സംഘർഷങ്ങളിൽ നിന്നുമുള്ള മോചനം കൂടിയാണ് പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഈ ഗാനം. നിധീഷ് നടേരി എഴുതിയ ഗാനം പാടിയത്, JUGNU – Leela Joseph’s Melodies എന്ന യൂട്യൂബ് ചാനലിലൂടെ സംഗീതാസ്വാദകരുടെ മനം കവർന്ന ലീല ജോസഫാണ്.
സൂര്യാസ്തമയം എന്ന നാലമത്തെ ഗാനത്തിന്റെ റിലീസും ഉടനെയുണ്ടാകും. കവിപ്രസാദ് ഗോപിനാഥ് എഴുതിയ ഗാനം പ്രശസ്ത ഗായകരായ സൂരജ് സന്തോഷും ഭദ്ര രജിനുമാണ് ആലപിച്ചിട്ടുള്ളത്. മലയാള ചലച്ചിത്ര സംഗീത ലോകത്തിന് നഷ്ടമായ പാട്ടിന്റെ വസന്തകാലം അം അഃ എന്ന ചിത്രത്തിലൂടെ തിരികെ വരികയാണ് എന്നൊരു വിലയിരുത്തലാണ് പല കോണിൽ നിന്നും ഉയരുന്നത്.
Story highlights : AM AH movie songs touched audiences hearts