എ.ഐ കാസ്റ്റിംഗ് മുതൽ വെർച്വൽ റിയാലിറ്റി വരെ; ‘അം അഃ’ യ്ക്ക് പിന്നിലെ നൂതന സാങ്കേതിക വിദ്യകൾ..!

January 17, 2025

സാങ്കേതിക വിദ്യകളിൽ അധിഷ്ടിതമായ ഒരു കലാരൂപമാണ് സിനിമ. തുടര്‍ച്ചയായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് സാങ്കേതിക വിദ്യ. എന്നാൽ സൃഷ്ടിപരമായ സാധ്യതകൾ ഉണ്ടായിരുന്നിട്ടും, ആധുനിക സാങ്കേതികവിദ്യ പൂർണ്ണമായും പ്രയോജനപ്പെടുത്തുന്നതിൽ സിനിമ വ്യവസായം ഇപ്പോഴും പിന്നിലാണ്. സമീപ കാലത്ത് റിലീസായ നിരവധി സിനിമകളിൽ ചിത്രീകരണം മുതൽ പ്രേക്ഷകരുടെ മുന്നിലെത്തുന്നത് വരെ വ്യത്യസ്ത തലത്തിലുള്ള സാങ്കതിക വിദ്യകളിലൂടെ കടന്നുപോയതിന് നാം സാക്ഷിയായി. അത്തരത്തിൽ വിവിധ തരത്തിലുള്ള ടെക്നോളജികളുടെ സഹായത്തോടെ റിലീസിനെത്തുന്ന ചിത്രമാണ് കാപ്പി പ്രൊഡക്ഷൻസിന്റെ ബാനറിൽ തോമസ് സെബാസ്റ്റ്യൻ സംവിധാനം നിർവഹിക്കുന്ന അം അഃ. സിനിമയുടെ നിർമാണം മുതൽ റിലീസ് വരെയുള്ള ഘട്ടത്തിൽ സഹായകരമായ വിവിധ ടെക്നോളജികളെ ഒന്ന് പരിചയപ്പെടാം. ( How Technology Transformed the Making of the movie Am Ah )

ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിൽ അണിയപ്രവർത്തകർ ഒരു വെല്ലുവിളി നേരിട്ടു. എഴുത്തുകാരൻ വിഭാവനം ചെയ്ത പ്രത്യേക കഥാപാത്ര സവിശേഷതകളുമായി പൊരുത്തപ്പെടുന്ന മൂന്ന് വയസുള്ള വലിയ കണ്ണുകളും ചുരുണ്ട മുടിയുമുള്ള ഒരു ബാലതാരത്തെ കണ്ടെത്തുക എന്നതായിരുന്നു ആ വെല്ലുവിളി. ഈ സാഹചര്യത്തിൽ എ.ഐ വെബ്സൈറ്റിന്റെ സഹായത്തോടെ എഴുത്തുകാരന്റെ വിവരണങ്ങളെ അടിസ്ഥാനമാക്കി കഥാപാത്ര റഫറൻസുകൾ സൃഷ്ടിച്ചു. തുടർന്ന് ഈ വിഷ്വൽ ഗൈഡ് ഉപയോഗിച്ച്, അസോസിയേറ്റ് ഡയറക്ടർ അനുയോജ്യമായ ബാലതാരത്തെ കണ്ടെത്തി.

സിനിമയിൽ നൂതന സാങ്കതിക വിദ്യകളുടെ അനന്തസാധ്യതകൾ തിരിച്ചറിഞ്ഞ അം അഃ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ – നിർമാണം, മാർക്കറ്റിംഗ്, തിയേറ്റർ റിലീസ് വരെയുള്ള ഘട്ടങ്ങളിൽ വിവിധ ടെക്നോളജികളെ ഉപയോ​ഗപ്പെടുത്തി.
അം അഃ യുടെ നിർമാണഘട്ടങ്ങളിൽ ഉപയോ​ഗിച്ച സാങ്കേതിക വിദ്യകൾ..

സ്ക്രിപ്റ്റ്ലി (ആൻഡ്രോയിഡ് ആപ്പ്)
വൈകാരികമായ തലത്തിലേക്ക് കടക്കുന്ന സിനിമകളുടെ ചിത്രീകരണ സമയത്ത് ഭാഷയുടെ അതിർവരമ്പുകൾ സൃഷ്ടിക്കുന്ന വെല്ലുവിളികൾ ചെറുതല്ല. അന്യഭാഷ താരങ്ങൾ അഭിനയിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ സെറ്റിൽ ഉടലെടുക്കുന്നത്. അം അഃ യു‌ടെ അണിയപ്രവർത്തകരും സമാനമായ ഒരു വെല്ലുവിളി നേരിട്ടു. പ്രധാന അഭിനേതാക്കളിൽ ഒരാളായ തമിഴ് സംസാരിക്കുന്ന ഒരു താരം, മലയാള സംഭാഷണങ്ങൾ കൃത്യതയോടെ അവതരിപ്പിക്കേണ്ടത് സിനിമയുടെ ആവശ്യകതയായിരുന്നു. ഇതിനെ മറികടക്കനായി തമിഴ്, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ സംഭാഷണങ്ങൾ തയ്യാറാക്കുന്ന ഒരു ആപ്പായ സ്ക്രിപ്റ്റ്ലി വികസിപ്പിച്ചെടുത്തു. വിവിധ ഭാഷകളിൽ സ്ക്രിപ്റ്റ്, ഓഡിയോ വിവർത്തനങ്ങൾ, സന്ദർഭോചിതമായ അർത്ഥങ്ങൾ എന്നിവ ലഭിക്കുന്ന തരത്തിലാണ് തയ്യാറാക്കിയത്.

സ്ക്രിപ്റ്റ്ലി ആപ്പിന്റെ സഹായത്തോടെ താരത്തിന് വ്യത്യസ്ത വേഗതയിൽ സംഭാഷണങ്ങൾ വീണ്ടും പ്ലേ ചെയ്യാനും, കാര്യക്ഷമമായി റിഹേഴ്‌സൽ ചെയ്യാനും, റീടേക്കുകൾ കുറയ്ക്കാനും കഴിഞ്ഞു.

ഡി കോഡ്: ഓഗ്മെന്റഡ് റിയാലിറ്റി മൂവി പോസ്റ്ററുകൾ
iOS ആപ്പ് ക്ലിപ്പുകളും ആൻഡ്രോയിഡ് ഇൻസ്റ്റന്റ് ആപ്പുകളും നൽകുന്ന പ്ലാറ്റ്‌ഫോമായ ഡി കോഡ് ഉപയോഗിച്ചാണ് സ്റ്റാറ്റിക് മൂവി പോസ്റ്ററുകൾക്ക് ജീവൻ നൽകിയത്. ഓരോ മൂവി പോസ്റ്ററിലും ഒരു QR കോഡ് ഉണ്ട്, അത് സ്കാൻ ചെയ്യുമ്പോൾ, ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ ഒരു ഡൈനാമിക് മോഷൻ പോസ്റ്ററായി മാറുന്നു. ഈ സാങ്കേതിക വിദ്യ മലയാളി പ്രക്ഷകർക്ക് പുത്തൻ അനുഭവമാണ് സമ്മാനിക്കുന്നത്.

വിഷ് ടിക്കറ്റ് – പ്രേക്ഷക കേന്ദ്രീകൃത വിതരണം (Audience-Centric Distribution)
പ്രേക്ഷകതാൽപ്പര്യം മനസ്സിലാക്കാതെ റിലീസിനായി തിയേറ്ററുകൾ തെരഞ്ഞെടുക്കുന്നത് കളക്ഷനെ ബാധിച്ചേക്കാം എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. പ്രേക്ഷകരുടെ മനസറിഞ്ഞ് തിയേറ്ററുകൾ തെരഞ്ഞെ‌ടുക്കുന്നതിനും ഇവരു‌ടെ പക്കൽ പരിഹാരമുണ്ട്. ഇതിനായി വിഷ് ടിക്കറ്റ് ( Wish Ticket ) എന്ന പേരിലൊരു വെബ്സൈറ്റ് വികസിപ്പിച്ചിട്ടുണ്ട്. ഈ വെബ്സൈറ്റിലൂടെ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട പ്രദർശന സമയങ്ങളും സീറ്റുകളും തെരഞ്ഞെടുത്ത് ഒരു ഡമ്മി ബുക്കിം​ഗ് നടത്താവുന്നതാണ്. ഈ ഡാറ്റയുടെ സഹായത്തോടെ നിർമ്മാതാക്കൾക്ക് വിവിധ സ്ഥലങ്ങളിലെ ഡിമാൻഡ് അളക്കാനും തിയേറ്ററുകൾ തെരഞ്ഞെടുക്കാനും മാർക്കറ്റിം​ഗ് തന്ത്രങ്ങൾ ആവിഷ്കരിക്കാനും സഹായകമായി.

സോണിയ – ദി വെർച്വൽ അസിസ്റ്റന്റ്

അം അഃ യു‌ടെ പ്രഖ്യാപന സമയം മുതൽ സിനിമയിലെ അഭിനേതാക്കളെക്കുറിച്ചും റിലീസ് തീയതികളെക്കുറിച്ചും മറ്റും നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു. കാപ്പി പ്രൊഡക്ഷൻസിന്റെ ആദ്യ നിർമാണ സംരംഭമായതിനാൽ പ്രക്ഷകർക്ക് മറുപടി നൽകുക എന്നത് ബുദ്ധിമുട്ടായിരുന്നു. സിനിമയുടെ ഇൻസ്റ്റാഗ്രാം പേജുമായി ബന്ധിപ്പിച്ചിട്ടുള്ള സോണിയ എന്ന പേരിലുള്ള ഒരു ചാറ്റ് ബോട്ട് അവതരിപ്പിച്ചു. സിനിമയിലെ ഒരു കഥാപാത്രമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സോണിയ, ആരാധകരുടെ ചോദ്യങ്ങൾക്ക് 24/7 ഉത്തരം നൽകുന്നു.

കവന്ത ​ഗ്രാമത്തിന്റെ വെർച്വൽ റിയാലിറ്റി അനുഭവം
ഇടുക്കിയിലെ കവന്ത ​ഗ്രാമത്തിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. സിനിമയുടെ ഉള്ളടക്കത്തിൽ നിർണായക പങ്ക് വഹിക്കുന്ന കേരളത്തിലെ മനോഹരമായ ഒരു ഗ്രാമമാണ് കവന്ത. ഗ്രാമഭം​ഗി തെല്ലും നഷ്ടപ്പെടാത ​അനീഷ് ലാൽ ഛായ​ഗ്രഹണം നിർവഹിച്ചപ്പോൾ പ്രേക്ഷകരെ കൂടുതൽ ദൃശ്യവിരുന്നൊരുക്കാനായിരുന്ന പിന്നണി പ്രവൃത്തകരുടെ തീരുമാനം. കവന്ത ​ഗ്രാമത്തിന്റെ 360 ഡി​ഗ്രി വെർച്വൽ റിയാലിറ്റി അനുഭവം പ്രേക്ഷകരിലെത്തിക്കുന്നതിനായുള്ള ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. തെരഞ്ഞെ‌ടുക്കപ്പെ‌ട്ട തിയേറ്ററുകളിൽ പ്രേക്ഷകർക്ക് ഈ ദൃശ്യാനുഭവം ആസ്വദിക്കാം.

Read Also : “കാതുകുത്തിയവൻ പോയാൽ കടുക്കനിട്ടവനെ ഞാൻ കൊണ്ടുവരും”; ദിലീഷ് പോത്തൻ- ജാഫർ ഇടുക്കി ചിത്രം ‘അം അഃ’ ടീസർ പുറത്ത്!

ബോൾ ആൻഡ് മെയ്സ് പസിൽ ​ഗെയിം
മലയാളത്തിലെ ഏറ്റവും സങ്കീർണ്ണമായ രണ്ട് അക്ഷരങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ സിനിമയുടെ പേര് ജനപ്രിയമാക്കുന്നതിനായി ബോൾ-ആൻഡ്-മേസ് പസിൽ ഗെയിം സൃഷ്ടിച്ചു. മലയാള ലിപിയുടെ സങ്കീർണ്ണതകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിർമാണം. ഗൂഗിൾ പ്ലേയിലും ആപ്പിൾ സ്റ്റോറിലും ഗെയിം ലഭ്യമാണ്.

എ.ഐ ഉപയോഗിച്ചുള്ള കാസ്റ്റിംഗ് മുതൽ ആഴത്തിലുള്ള വെർച്വൽ റിയാലിറ്റി അനുഭവങ്ങൾ സൃഷ്ടിക്കുന്നത് വരെ, സാങ്കേതികവിദ്യയ്ക്ക് ചലച്ചിത്രനിർമ്മാണത്തിൽ പുതിയ സാധ്യതകൾ എങ്ങനെ തുറക്കാൻ കഴിയുമെന്നതിന്റെ തെളിവാണ് ഈ പ്രൊജക്ട്. ജനുവരി 24നാണ് ചിത്രം തിയേറ്റർ റിലീസിനെത്തുന്നത്.

Story highlights : How Technology Transformed the Making of the movie Am Ah