മലയാള സിനിമയിലെ ഷെർലക് ഹോംസും വാട്സണുമായി ഡൊമിനിക്കും വിക്കിയും; കൈയ്യടി നേടി മമ്മൂട്ടി- ഗോകുൽ സുരേഷ് ടീം
സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ ഒരുക്കിയ ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്’ എന്ന കോമഡി ഇൻവെസ്റ്റിഗേഷൻ ചിത്രം ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ നേടി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഈ ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം യുവതാരം ഗോകുൽ സുരേഷും നിർണ്ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. (Mammootty-Gokul Suresh Duo Win Hearts)
ഡൊമിനിക് എന്ന ഡിറ്റക്റ്റീവ് കഥാപാത്രമായി മമ്മൂട്ടിയും അദ്ദേഹത്തിന്റെ സഹായിയായ വിക്കി എന്ന വിഘ്‌നേശ് ആയി ഗോകുൽ സുരേഷും ചിത്രത്തിൽ നിറഞ്ഞാടുകയാണ്. കലൂരിന്റെ ഷെർലക് ഹോംസ് ആയി ഡൊമിനിക് കേസ് അന്വേഷിക്കുമ്പോൾ ആ ഷെർലക്കിന്റെ സ്വന്തം വാട്സൺ എന്ന പ്രതീതിയാണ് ഗോകുൽ കഥാപാത്രം ജനിപ്പിക്കുന്നത്.
ഓൺസ്‌ക്രീനിലെ ഇരുവരുടെയും രസതന്ത്രം അത്ര മനോഹരവും രസകരുമായിരുന്നു. ഇരുവരുടേയും കോമഡി ടൈമിങ്ങും ശരീര ഭാഷയും ഈ കഥാപാത്രങ്ങളെ ഏറെ ഊർജ്ജസ്വലരാക്കിയിട്ടുണ്ട്. ഇരുവരും ഒരുമിച്ചെത്തുന്ന രംഗങ്ങളെല്ലാം പ്രേക്ഷകർക്ക് ഒരു വിരുന്നായി മാറുന്നുണ്ടെന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
Read also: ഇത് കണ്ടിരിക്കേണ്ട, കണ്ണ് നിറയ്ക്കുന്ന ചിത്രം: പ്രേക്ഷക ഹൃദയം കീഴടക്കി ‘അം അഃ’
കുടുംബ പ്രേക്ഷകരേയും യുവ പ്രേക്ഷകരേയും ഒരുപോലെ കൈയ്യിലെടുക്കുന്ന ഈ കോംബോ, എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും നമ്മൾ കണ്ടിട്ടുള്ള മമ്മൂട്ടി- സുരേഷ് ഗോപി ടീമിനെയും ഓർമിപ്പിക്കുന്നു. ഒരു സിബിഐ ഡയറികുറിപ്പ്, ജാഗ്രത തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടി കഥാപാത്രത്തിനൊപ്പം എത്തിയ സുരേഷ് ഗോപിയെയാണ് ഇന്ന് ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്’ എന്ന ചിത്രത്തിലെ ഗോകുൽ സുരേഷും ഓർമ്മിപ്പിക്കുന്നത്. എന്നാൽ ആ പഴയ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഡൊമിനിക്കിൽ ആദ്യാവസാനം നിറഞ്ഞു നിൽക്കുന്ന ഹാസ്യമാണ് മമ്മൂട്ടി- ഗോകുൽ സുരേഷ് ടീമിനെ ഏറെയിഷ്ടപ്പെടാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത്. കൂട്ടുകാരെ പോലെയും സഹോദരങ്ങളെ പോലെയും ഗുരു- ശിഷ്യ ബന്ധം പോലെയുമൊക്കെ സ്‌ക്രീനിൽ ഇരുവരും നിറയുമ്പോൾ പ്രേക്ഷകരും നിറഞ്ഞ ചിരിയോടെ അവർക്കൊപ്പം സഞ്ചരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ച ഈ ആറാം ചിത്രം രചിച്ചത് ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവരാണ്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന ചിത്രത്തിൽ സുഷ്മിത ഭട്ട്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സിദ്ദിഖ്, ലെന, ഷൈൻ ടോം ചാക്കോ, വാഫ ഖതീജ, സുദേവ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഛായാഗ്രഹണം- വിഷ്ണു ആർ ദേവ്, സംഗീതം- ദർബുക ശിവ, എഡിറ്റിംഗ്- ആന്റണി, സംഘട്ടനം- സുപ്രീം സുന്ദർ, കലൈ കിങ്‌സൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം, മേക് അപ്- ജോർജ് സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, സ്റ്റിൽസ്- അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്.
Story highlights: Mammootty-Gokul Suresh Duo Win Hearts