യഥാർത്ഥ പി.പി അജേഷിനെ തേടി സിനിമയിലെ പി.പി അജേഷ്; വമ്പൻ സമ്മാനവുമായി പൊൻമാനിലെ അജേഷ്..!
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ ഒരുക്കിയ ‘പൊൻമാൻ’ എന്ന ചിത്രം വലിയ പ്രേക്ഷക – നിരൂപക പ്രശംസ നേടി സൂപ്പർ വിജയമായി മാറിയിരിക്കുകയാണ്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ഈ ചിത്രം ജി ആർ ഇന്ദുഗോപൻ്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ജി.ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ( PP Ajesh of Ponman in search of the real PP Ajesh )
ബേസിൽ ജോസഫിനൊപ്പം സജിൻ ഗോപു, ലിജോമോൾ ജോസ്, ആനന്ദ് മന്മഥൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം ഒരു യഥാർത്ഥ സംഭവകഥയെ കൂടെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. 2004-2007 കാലഘട്ടത്തിൽ കൊല്ലത്തെ ഒരു തീരദേശ പ്രദേശത്ത് നടന്ന ഒരു വിവാഹവുമായി ബന്ധപ്പെട്ട് പറ്റിക്കപ്പെട്ട പി.പി അജേഷ് എന്ന ജ്വല്ലറിക്കാരനായ ചെറുപ്പക്കാരൻ്റെ ജീവിതകഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രത്തിൻ്റെ കഥ രചിച്ചിരിക്കുന്നത്.
ഇപ്പോഴിതാ യഥാർത്ഥ ജീവിതത്തിലെ ആ പി.പി അജേഷിനെ അന്വേഷിക്കുകയാണ് പൊൻമാൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. സ്‌ക്രീനിൽ പി.പി അജേഷിനെ അവതരിപ്പിച്ച ബേസിൽ ജോസഫാണ് യഥാർത്ഥ അജേഷിനെ അന്വേഷിക്കുന്നത്. തങ്ങൾ അയാളെ തേടുകയാണ് എന്നും നേരിട്ട് കാണാൻ ആഗ്രഹമുണ്ടെന്നും ബേസിൽ ജോസഫ് പബ്ലിക് ആയി വെളിപ്പെടുത്തുന്ന വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
Read Also : ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം പൊൻമാനിലെ കൊല്ലം പാട്ട് പുറത്ത്..!
അന്ന് പറ്റിക്കപ്പെടുമ്പോൾ യഥാർത്ഥ അജേഷിന് നഷ്ടപെട്ട സ്വർണ്ണത്തിന്റെ അന്നത്തെ വില, ബേസിൽ ജോസഫ് അദ്ദേഹത്തിന് നൽകുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. അജേഷിനെ തേടി പൊൻമാൻ ടീം കുറിക്കുന്ന വാക്കുകൾ ഇപ്രകാരം,
“യഥാർത്ഥ അജേഷേ, നീയെവിടെ? ബേസിൽ വിളിക്കുന്നു! – 2004-നും 2007-നും ഇടയിൽ കൊല്ലത്തെ തീരദേശത്ത് ഒരു വിവാഹത്തിനിടയിൽ പറ്റിക്കപ്പെട്ട ആ ജ്വല്ലറിക്കാരൻ പയ്യൻ, നമ്മുടെ യഥാർത്ഥ അജേഷ് എവിടെ? അവന്റെ കഥയാണ് ‘പൊൻമാന്റെ’ പ്രചോദനം. സഹോദരാ, നിന്നെ സ്ക്രീനിലെ പി.പി അജേഷ്, ബേസിൽ ജോസഫ് അന്വേഷിക്കുന്നു. കടന്നു വരൂ..!”
Story Highlights : PP Ajesh of Ponman in search of the real PP Ajesh