മാർക്കോയ്ക്ക് ശേഷം വീണ്ടും ഷെരീഫ് മുഹമ്മദ്; പെപ്പെ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘കാട്ടാളൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കേരളത്തിന് അകത്തും പുറത്തും ഏറെ ഖ്യാതി നേടിയ മാർക്കോ എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന ചിത്രം വയലൻസ് നിറഞ്ഞ മറ്റൊരു ത്രില്ലർ ചിത്രമാണെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ നൽകുന്ന സൂചന. താഴെ വീണുകിടക്കുന്ന മൃതദേഹങ്ങൾക്കും ആനക്കൊമ്പുകൾക്കും ഇടയിൽ മഴുവുമേന്തി നിൽക്കുന്ന പെപ്പെയെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാനാകുന്നത്. പോൾ ജോർജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ( Antony Pepe starrer kattalan first look poster out )

മാർക്കോ എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റേത് പോലെ തന്നെ ‘കാട്ടാളൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ വളരെ മികച്ച പോസ്റ്റർ ക്വാളിറ്റി തന്നെയാണ് സമ്മാനിക്കുന്നത്. ആദ്യ ചിത്രം കൊണ്ട് തന്നെ പ്രൊഡക്ഷൻ ഹൗസ് എന്ന നിലയിൽ വളരെയധികം ശ്രദ്ധ നേടിയ ക്യൂബ്സ് എന്റർടൈൻമെന്റസ് രണ്ടാം സിനിമയിലേക്ക് കടക്കുമ്പോഴും ഏറെ പ്രതീക്ഷ സമ്മാനിക്കുന്നുണ്ട്. പോസ്റ്റർ ഫോണ്ടിന്റെ ഡിസൈനും ഏറെ മികച്ച് നിൽക്കുന്ന ഒന്ന് തന്നെയാണ്. തോക്കും, ആനക്കൊമ്പും ഒക്കെ ഒളിപ്പിച്ച ടൈറ്റിൽ ഫോണ്ട് സിനിമാ പ്രേമികൾക്ക് ഡീക്കോഡ് ചെയ്യാൻ ഒരുപാട് കാര്യങ്ങൾ ഉൾകൊള്ളിക്കുന്നുണ്ട്. ജയ്ലർ, ലിയോ, ജവാൻ, കൂലി തുടങ്ങിയ സിനിമകളുടെ ടൈറ്റിൽ ഡിസൈൻ ചെയ്ത ഐഡന്റ് ലാബ്സ് ടീമാണ് കാട്ടാളന്റെ ടൈറ്റലിനും പുറകിൽ.
Read Also : ‘ദാവീദ്’ ഒരു മികച്ച സ്പോർട്സ് ഡ്രാമ- അഭിനന്ദനമറിയിച്ച് സംവിധായകൻ രഞ്ജിത്ത് ശങ്കർ
കന്നി ചിത്രം കൊണ്ട് തന്നെ കോണ്ടന്റ് ഡെലിവറിയുടെയും മാർക്കറ്റിംഗിന്റെയും കാര്യത്തിൽ ബെഞ്ച്മാർക്ക് സൃഷ്ടിച്ച ക്യൂബ്സ് എന്റർടൈൻമെന്റും ഇടിപ്പടങ്ങളിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ പെപ്പെയും ഒന്നിക്കുമ്പോൾ നല്ലൊരു പാൻ ഇന്ത്യൻ സിനിമ തന്നെ നമുക്ക് പ്രതീക്ഷിക്കാം. ചിത്രത്തിലെ മറ്റു കാസ്റ്റിംഗ് വിവരങ്ങളും അണിയറ പ്രവർത്തകരുടെ പേരുകളും വരും ദിവസങ്ങളിൽ പുറത്തുവരും. വാർത്താ പ്രചരണം – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
Story Highlights : Antony Pepe starrer kattalan first look poster out